പ്ളറ്റീനി ഫിഫയുടെ അമരത്തേക്ക്
പ്ളറ്റീനി ഫിഫയുടെ അമരത്തേക്ക്
Thursday, July 30, 2015 11:38 PM IST
നിയോണ്‍: ഒടുവില്‍ ആശങ്കകള്‍ക്കു വിരാമം. ഫ്രഞ്ച് ഫുട്ബോള്‍ ഇതിഹാസം മിഷേല്‍ പ്ളറ്റീനി ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കും. അടുത്തവര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു മിഷേല്‍ പ്ളാറ്റിനി തന്നെയാണു പ്രഖ്യാപിച്ചത്. നിലവില്‍ യുവേഫ പ്രസിഡന്റും ഫിഫ വൈസ് പ്രസിഡന്റുമായ പ്ളാറ്റിനി മത്സരിക്കുന്നുവെന്നറിയിച്ച് യൂറോപ്പിലെ അംഗരാജ്യങ്ങള്‍ക്ക് കത്തയച്ചു. നാമനിര്‍ദേശം സമര്‍പ്പിക്കാനുള്ള അവസാനതിയതി ഒക്ടോബര്‍ 26 ആണ്. ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങളിലൊന്നാണ് ഇതെന്നും ഫിഫയുടെ നല്ല ഭാവിക്കുവേണ്ടിയുള്ള തീരുമാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഷെയ്ഖ് സല്‍മാന്‍ ബിന്‍ അല്‍ സബായുമായി ഇന്നലെ സൂറിച്ചില്‍ നടന്ന ചര്‍ച്ചയെത്തുടര്‍ന്നാണു പ്ളറ്റീനി സുപ്രധാന തീരുമാനമെടുത്തത്. ബ്ളാറ്ററുടെ പിന്‍ഗാമിയെ കണ്െടത്താന്‍ 2016 ഫെബ്രുവരി 26നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏഷ്യ, യൂറോപ്പ്, കോണ്‍കാകാഫ്, പസഫിക്, ലാറ്റിനമേരിക്കന്‍ സംയുക്ത മേഖലകളുടെ പ്രതിനിധിയായി യൂറോപ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്ളറ്റീനിയെ മത്സരിപ്പിക്കാന്‍ ധാരണയായതായാണ് സൂചന.

അങ്ങനെയെങ്കില്‍ പ്ളറ്റീനി ഫിഫയുടെ തലപ്പത്തെത്തുമെന്ന് ഉറപ്പായി. മത്സരിക്കുന്നതിന്റെ ഭാഗമായി പ്ളറ്റീനി കഴിഞ്ഞ ഒരാഴ്ചയായി കോണ്‍കാകാഫ് ഗോള്‍ഡ് കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടന്ന അമേരിക്കയിലും കാനഡയിലും അവിടത്തെ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രതിനിധികളുമായി നടത്തിയിരുന്നു. കോണ്‍കാകാഫിന്റെ പിന്തുണ ഉറപ്പിച്ച ശേഷമാണ് പ്ളറ്റീനി അവിടം വിട്ടത്.


ആഫ്രിക്കയുടെ കൂടെ പിന്തുണ ഉറപ്പാക്കി ഏകപക്ഷീയമായി തെരഞ്ഞെടുക്കപ്പെടുനാനുള്ള ശ്രമങ്ങളാണ് അണിയറയില്‍ പുരോഗമിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പ്ളറ്റീനിയുടെ വിജയം ഉറപ്പാണ്. അതുകൊണ്ട് ആഫ്രിക്കയുടെ പിന്തുണയും അദ്ദേഹത്തിനു ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

അതിനിടയില്‍ മത്സരിക്കാന്‍ അനുവദിക്കണമെന്നും പിന്തുണ നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സീക്കോ ബ്രസീല്‍ ഫുട്ബാള്‍ ഫെഡറേഷന് കത്ത് നല്‍കിയതായും വാര്‍ത്തയുണ്ട്. അങ്ങനെയെങ്കില്‍ സീക്കോ-പ്ളറ്റീനി മത്സരത്തിനു കളമൊരുങ്ങും.

പ്ളറ്റീനിയുടെ വിജയമുറപ്പായാല്‍ സീക്കോയെ കോംബോള്‍ പിന്തുണയ്ക്കാനിടയില്ല.മിഷേല്‍ ഫ്രാങ്കോയ്സ് പ്ളറ്റീനി, ഒരുകാലത്ത് ലോക ഫുട്ബോളിനെ ഇളക്കി മറിച്ച ഫ്രഞ്ച് ഇതിഹാസം. ലോകത്തെ ഏറ്റവും സമ്പന്നവും വലുതുമായ കായിക സംഘടനയുടെ അമരത്തേക്ക് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. 1955ല്‍ ഫ്രാന്‍സിലെ യോഫില്‍ ജനിച്ച പ്ളറ്റീനി ദേശീയ ടീമിനു വേണ്ടി 72 മത്സരങ്ങളില്‍നിന്ന് 41 ഗോളുകള്‍ നേടിയിട്ടുണ്ട്.

ഫിഫ നൂറ്റാണ്ടിന്റെ ഫുട്ബോളറെ തെരഞ്ഞെടുത്തപ്പോള്‍ ആറാം സ്ഥാനത്തെത്താന്‍ അദ്ദേഹത്തിനായി. ഫിഫയുടെ ഡ്രീം ടീമിലും പ്ളറ്റീനി അംഗമാണ്. 1983, 1984, 85 വര്‍ഷങ്ങളില്‍ ബാലണ്‍ ഡിയോര്‍ പുരസ്കാരം നേടിയ പ്ളറ്റീനി 1978,1982,1986 വര്‍ഷങ്ങളില്‍ ലോകകപ്പ് കളിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.