പ്രതീക്ഷയുടെ പിച്ചില്‍ ശ്രീ
പ്രതീക്ഷയുടെ പിച്ചില്‍ ശ്രീ
Wednesday, July 29, 2015 11:19 PM IST
ന്യൂഡല്‍ഹി: വാതുവയ്പ് കേസില്‍ കോടതി തെറ്റുകാരനല്ലെന്നു കണ്െടത്തിയ ശ്രീശാന്തിന്റെയും സഹതാരങ്ങളുടെയും ആജീവനാന്ത വിലക്ക് പുനഃപരിശോധിക്കുമെന്നു ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍. ബോര്‍ഡിന്റെ ഇരട്ടത്താപ്പിനെതിരേ ദേശീയ മാധ്യമങ്ങളുള്‍പ്പെടെ രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് ഠാക്കൂറിന്റെ നിര്‍ണായക പ്രതികരണം.

നിലവിലെ സാഹചര്യത്തില്‍ ആജീവനാന്ത വിലക്ക് തുടരുമെന്നും എന്നാല്‍, വിലക്കിനെതിരേ അപേക്ഷ ലഭിച്ചാല്‍ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ശ്രീക്കായി അപേക്ഷ അയച്ച പശ്ചാത്തലത്തില്‍ അടുത്ത വര്‍ക്കിംഗ് കമ്മിറ്റി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തേക്കും. മുന്‍കാല താരങ്ങളുടെ പിന്തുണയും കേരള താരത്തിനു ഗുണകരമാകും. സച്ചിന്‍ തെണ്ടുല്‍ക്കറും സൌരവ് ഗാംഗുലിയും അടക്കമുള്ളവര്‍ പേസ് ബൌളറുടെ വിലക്ക് പിന്‍വലിക്കണമെന്ന വാദക്കാരാണ്. സുരേഷ് റെയ്നയും ശ്രീയുടെ വിലക്ക് പിന്‍വലിച്ചതിനെ പിന്തുണച്ച് രംഗത്തെത്തിയതു ശ്രദ്ധേയമായി. പല വിഷയങ്ങളിലും ബിസിസിഐ ഒറ്റപ്പെടുന്ന നിലയ്ക്ക് കോടതി കുറ്റവിമുക്തരാക്കിയവരെ പടിക്കു പുറത്തുനിര്‍ത്താന്‍ ബോര്‍ഡിനു താത്പര്യം കാണില്ല.

വിലക്ക് മാറ്റണോയെന്ന കാര്യത്തില്‍ നിര്‍ണായകമാകുക ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയയുടെ നിലപാടാകും. ഉപദേശക സമിതിയിലുള്ള ഗാംഗുലിയുടെ പിന്തുണയുള്ളത് ശ്രീക്കു നേട്ടമാകും. മാത്രവുമല്ല ഗാംഗുലിയും ഡാല്‍മിയയും തമ്മില്‍ ആരോഗ്യകരമായ ബന്ധമാണുള്ളത്.

കോടതിവിധിയുടെ പേരിലല്ല ബിസിസിഐ അച്ചടക്കസമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെ വിലക്കിയതെന്ന വാദം ഇപ്പോഴും ഠാക്കൂര്‍ ആവര്‍ത്തിക്കുന്നുണ്ട്. വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഈ വാദത്തിന് ഭൂരിപക്ഷം ലഭിച്ചാല്‍ സജീവ ക്രിക്കറ്റിലേക്കുള്ള ശ്രീയുടെ കാത്തിരിപ്പ് ഇനിയും നീളും.

ബിസിസിഐ സെക്രട്ടറിയെ കാണും: ശ്രീശാന്ത്

കൊച്ചി: കോടതി വിധി അനുകൂലമായ പശ്ചാത്തലത്തില്‍ വിലക്കു നീക്കിക്കിട്ടാന്‍ ഉടന്‍ ബിസിസിഐയെ സമീപിക്കുമെന്ന് ഒത്തുകളിക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. ഇതിനായി ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂറിനെ നേരില്‍ കാണും. കൂടിക്കാഴ്ചയ്ക്കുള്ള അനുമതിക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അനുമതി കിട്ടുന്ന മുറയ്ക്കു ഡല്‍ഹിയിലെത്തി അദ്ദേഹത്തെ നേരില്‍ കാണുമെന്നും ശ്രീശാന്ത് എറണാകുളം പ്രസ് ക്ളബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.

ഇപ്പോള്‍ 32 വയസായി. കുറച്ചു വര്‍ഷങ്ങളേ ഫസ്റ് ക്ളാസ് ക്രിക്കറ്റില്‍ കളിക്കാന്‍ സാധിക്കുകയുള്ളൂ. എത്രയും വേഗം കളിയിലേക്കു മടങ്ങി വരണം. അതിനായി വിലക്കു നീക്കി ക്കിട്ടേണ്ടതുണ്ട്. തനിക്കെതിരേ മക്കോക്ക ചുമത്തിയ ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ്കുമാര്‍ ഇപ്പോള്‍ ബിസിസിഐയുടെ ആന്റികറപ്ഷന്‍ വിഭാഗത്തിന്റെ മുഖ്യ ഉപദേഷ്ടാവാണെന്നത് എന്തെങ്കിലും തരത്തില്‍ തടസം ഉണ്ടാക്കുമെന്നു കരുതുന്നില്ല. ബിസിസിഐ യോഗം ഉടനുണ്ടാവുമെന്നാണ് അറിഞ്ഞത്. യോഗത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. വിലക്ക് നീക്കി എത്രയും പെട്ടെന്ന് ക്രിക്കറ്റ് കരിയറിലേക്ക് തിരിച്ചു വരാനാവുമെന്നു പ്രതീക്ഷയുണ്ട്. ആകാവുന്നത്ര വേഗത്തില്‍ ഇന്ത്യന്‍ ജേഴ്സി അണിയണം.


പ്രശ്നത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ)യുടെ ഭാഗത്തുനിന്നും വലിയ പിന്തുണയാണു ലഭിച്ചിട്ടുള്ളത്. അനുരാഗ് ഠാക്കൂറിനെ കാണുന്നതിനായി ഒപ്പം വരാമെന്നു കെസിഎ പ്രസിഡന്റ് ടി.സി. മാത്യു സമ്മതിച്ചിട്ടുണ്ട്. ബിസിസിഐയുടെ അനുമതി ലഭിച്ചാല്‍ തന്നെ ഫിറ്റ്നസ് തെളിയിക്കുന്നതടക്കം ഏറെ കടമ്പകള്‍ പിന്നെയും ശേഷിക്കുന്നുണ്ട്. തനിക്കെതിരെ ഗൂഢാലോചന എന്തെങ്കിലും ഉണ്ടായതായി വിശ്വസിക്കാന്‍ ഇഷ്ടമില്ല. ജിജു ജനാര്‍ദനനുമായി സംഭവം ഉണ്ടായതിനുശേഷം സംസാരിച്ചിട്ടില്ല.

ഞാന്‍ ജിജുവിനോടു പൊറുക്കും. പക്ഷെ ചെയ്തതൊന്നും മറക്കാന്‍ കഴിയില്ല. ജിജു നല്ല ക്രിക്കറ്ററാണ്. എന്റെ ക്രെഡിറ്റ് കാര്‍ഡ് വരെ കൊടുത്തുവിടാന്‍ തക്കവണ്ണം അടുപ്പവും ഉണ്ടായിരുന്നു. എന്തായാലും നമ്മുടെ വഴികളില്‍നിന്ന് ഇത്തരം സുഹൃത്തുക്കളെ ഒഴിവാക്കുകയാണു നല്ലതെന്നു തോന്നുന്നു.

കുറ്റവിമുക്തനായശേഷം ക്രിക്കറ്റ് മേഖലയില്‍ നിന്നു ചില ട്വീറ്റുകള്‍ ഒക്കെ ഉണ്ടായി. ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നാണ് ഏറെ സന്ദേശങ്ങള്‍ വന്നത്. മഹേഷ് ഭട്ടിനെ പോലുള്ളവരുടേത്.

എന്നാല്‍ രാജ്യത്തെ ഒന്നാംനിര കളിക്കാരുടെയൊന്നും സന്ദേശം ലഭിച്ചില്ല. കലൂര്‍ സ്റേഡിയത്തില്‍ ഇപ്പോള്‍ പരിശീലനം നടത്താന്‍ ആഗ്രഹിക്കുന്നില്ല. പ്രവേശനത്തിന് അനുമതി നല്‍കിയതില്‍ ജിസിഡിഎ ചെയര്‍മാനോട് നന്ദിയുണ്ട്. പക്ഷേ, പരിശീലനം നടത്തി വിവാദമുണ്ടാക്കാന്‍ താത്പര്യമില്ല. സ്റേഡിയങ്ങള്‍ അമ്പലം പോലെയാണ് എനിക്ക്.

ദക്ഷിണാഫ്രിക്കന്‍ പേസര്‍ അലന്‍ ഡൊണാള്‍ഡിന്റെ ശൈലി അനുകരിച്ചായിരുന്നു കളിക്കുമ്പോള്‍ ടവ്വല്‍ ഉപയോഗിച്ചിരുന്നത്. അതിന് മറ്റു ലക്ഷ്യങ്ങളുണ്ടായിരുന്നില്ല, ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും കരുതിയില്ല. ബിസിസിഐ വിലക്ക് നീക്കിയില്ലെങ്കില്‍ കാത്തിരിക്കും. തീരുമാനം പ്രതികൂലമായാല്‍ പോലും കോടതിയെ സമീപിക്കില്ല. വ്യവഹാരങ്ങള്‍ ഉണ്ടാക്കുന്ന കെടുതി കഴിഞ്ഞ രണ്ടര വര്‍ഷം താന്‍ തന്നെ അനുഭവിച്ചു. നിലവിലെ കെസിഎ ഭാരവാഹികളോടു താത്പര്യമില്ലാത്തവരാണ് ബിസിസിഐയുടെ തലപ്പത്തെന്നതടക്കമുള്ളവയൊന്നും പ്രയാസമുണ്ടാക്കുമെന്നു കരുതുന്നില്ലെന്നും ശ്രീശാന്ത് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.