ഇടവേളയ്ക്കു ശേഷം ശ്രീശാന്ത് കലൂര്‍ സ്റേഡിയത്തില്‍
ഇടവേളയ്ക്കു ശേഷം ശ്രീശാന്ത് കലൂര്‍ സ്റേഡിയത്തില്‍
Tuesday, July 28, 2015 11:55 PM IST
സ്വന്തം ലേഖകന്‍

കൊച്ചി: രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് കലൂര്‍ രാജ്യാന്തര സ്റേഡിയത്തിലെത്തി. കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) പ്രസിഡന്റും ബിസിസിഐ വൈസ് പ്രസിഡന്റുമായ ടി.സി. മാത്യുവുമായി ചര്‍ച്ച നടത്താനാണ് അച്ഛന്‍ ശാന്തകുമാരന്‍ നായര്‍ക്കൊപ്പം സ്റേഡിയത്തിലെത്തിയത്. കഴിഞ്ഞ 25നാണ് ശ്രീശാന്തിനെ ഡല്‍ഹി പട്യാല കോടതി കുറ്റവിമുക്തനാക്കിയത്. ഡല്‍ഹിയില്‍നിന്നു പിറ്റേന്നു തിരിച്ചെത്തിയ ശ്രീയെ കെസിഎ ഭാരവാഹികള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയിരുന്നു. എന്നാല്‍, കോയമ്പത്തൂരില്‍ ചികിത്സയിലായിരുന്ന ടി.സി. മാത്യുവിനെ നേരില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. ശ്രീശാന്തുമായി ചര്‍ച്ച നടത്താന്‍ ചികിത്സ ഇടയ്ക്കുവച്ചു നിര്‍ത്തി കൊച്ചിയിലെത്തുകയായിരുന്നു ടി.സി. മാത്യു.

ഇന്നലെ 3.30 ഓടെ സ്റേഡിയത്തിലെ കെസിഎയുടെ ഓഫീസ് മുറിയിലെത്തി ശ്രീശാന്ത് ടി.സി. മാത്യുവിനെ കണ്ടു. ബിസിസിഐ തനിക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് നീക്കാന്‍ സഹായിക്കണമെന്നു ശ്രീശാന്ത് നേരിട്ട് അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു. ബിസിസിഐക്കു നല്‍കാന്‍ തയാറാക്കിയിരുന്ന കത്തിന്റെ കരടുരൂപം ടി.സി. മാത്യു ശ്രീശാന്തിനെ കാണിക്കുകയും അഭിപ്രായം തേടുകയും ചെയ്തു. തുടര്‍ന്ന് അപ്പോള്‍ത്തന്നെ കത്തു ബിസിസിഐക്ക് അയയ്ക്കാന്‍ ഏര്‍പ്പാടു ചെയ്തു. ഐപിഎല്‍ കോഴക്കേസില്‍നിന്നു ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ അദ്ദേഹത്തിനു ക്രിക്കറ്റിലേക്കു തിരിച്ചുവരാനുള്ള അവസരമൊരുക്കണമെന്നായിരുന്നു കത്തിലെ അഭ്യര്‍ഥന. ഇതിന്റെ ഭാഗമായി ആഭ്യന്തര ക്രിക്കറ്റായ രഞ്ജി ട്രോഫിയില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നും അഭ്യര്‍ഥിച്ചു.

അതേസമയം, ഡല്‍ഹി പോലീസ് മേല്‍ക്കോടതിയില്‍ സമര്‍പ്പിക്കുന്ന അപ്പീലിന്റെ തീരുമാനം വരെ ശ്രീശാന്തിനു കാത്തിരിക്കേണ്ടി വന്നേക്കുമെന്നാണു തനിക്കു ലഭിച്ച വിവരമെന്നു ടി.സി. മാത്യു പറഞ്ഞു. ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗമാണു വിലക്കു നീക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത്. അവര്‍ക്കു വിലക്കു നീക്കുന്നതിനു മറ്റു തടസമുണ്െടന്നു താന്‍ കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ടി.സി. മാത്യുവും മറ്റു കെസിഎ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മൈതാനത്തില്‍ ഇറങ്ങിയ ശ്രീശാന്ത് പഴയ ഓര്‍മകള്‍ അയവിറക്കി അല്‍പനേരം സ്റേഡിയത്തില്‍ ചെലവഴിച്ചു. ഇന്ത്യക്കുവേണ്ടി കളിക്കാനുള്ള അവസരമല്ല, താന്‍ കളിച്ചു വളര്‍ന്ന കലൂര്‍ സ്റേഡിയത്തില്‍ പരിശീലനം നടത്താനുള്ള അനുവാദമാണ് ഇപ്പോള്‍ താന്‍ ആഗ്രഹിക്കുന്നതെന്നു ശ്രീശാന്ത് പറഞ്ഞു. ഈ മൈതാനത്തു കളിക്കാനുള്ള, ഒരു റൌണ്ട് ഓടാനുള്ള അനുവാദമെങ്കിലും വേണം. കേരളത്തിനു വേണ്ടി രഞ്ജി കളിക്കണമെന്നു കെസിഎ അഭ്യര്‍ഥിച്ചിട്ടുണ്ട്. അതിനുള്ള അവസരം ഈശ്വരന്‍ ഒരുക്കിത്തരുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു ശ്രീശാന്ത് പറഞ്ഞു. ശ്രീശാന്ത് ഇപ്പോള്‍ താമസിക്കുന്ന വീടായ നവനീതം സ്റേഡിയത്തിനു തൊട്ടടുത്താണ്.

അതേസമയം, ശ്രീശാന്തിനു കലൂര്‍ സ്റേഡിയത്തില്‍ പരിശീലനം നടത്തുന്നതിനു ബിസിസിഐയുടെ വിലക്ക് ബാധകമല്ലെന്നു വിശാല കൊച്ചി വികസന അഥോറിറ്റി(ജിസിഡിഎ) ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ വ്യക്തമാക്കി. സ്റേഡിയം ജിസിഡിഎയുടേതാണ്. ക്രിക്കറ്റ് മത്സരങ്ങള്‍ക്കു വേദിയൊരുക്കാന്‍ കെസിഎ ജിസിഡിഎയുമായി കരാര്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ശ്രീശാന്ത് ആവശ്യപ്പെട്ടാല്‍ സ്റേഡിയത്തില്‍ പരിശീലനത്തിന് അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.