ഇന്ത്യ- ബെല്‍ജിയം സെമി ഇന്ന്
Friday, July 3, 2015 11:46 PM IST
ആന്റ്വെര്‍പ്: ലോക ഹോക്കി ലീഗ് പുരുഷ സെമിയില്‍ ഇന്ത്യ ഇന്ന് ആതിഥേയരായ ബെല്‍ജിയത്തെ നേരിടും. ബെല്‍ജിയം സ്ട്രൈക്കര്‍മാരും ഇന്ത്യന്‍ പ്രതിരോധവും തമ്മിലുള്ള പോരാട്ടമായാണ് മത്സരം വിലയിരുത്തപ്പെടുന്നത്. ഇന്നത്തെ മത്സരത്തില്‍ വിജയിക്കാനായാല്‍ നിരവധി വര്‍ഷങ്ങള്‍ക്കു ശേഷം ലോകറാങ്കിംഗില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്കുയരും. നിലവില്‍ ഒമ്പതാം സ്ഥാനത്താണ് ഇന്ത്യ. സമീപകാലത്തെ പോരാട്ടം കണക്കിലെടുത്താല്‍ ബെല്‍ജിയത്തിനാണു നേരിയ മേല്‍ക്കോയ്മയുണ്ട്. 2011ല്‍ ചാ മ്പ്യന്‍സ് ചലഞ്ച് ഫൈനലില്‍ ഇന്ത്യ ബെല്‍ജിയത്തെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍, 2012ലെ ഒളിമ്പിക്സിലും 2014ലെ ലോകകപ്പിലും ബെല്‍ജിയം ഇന്ത്യയെ പരാജയപ്പെടുത്തി.


ഫ്രാന്‍സിനെ 5-4നു പരാജയപ്പെടുത്തിയാണ് ബെല്‍ജിയം സെമിയിലെത്തിയത്. ഇന്ത്യയാകട്ടെ, മലേഷ്യയെ പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്. ഇന്ത്യയുടെ പ്രതിരോധത്തിന്റെ, പ്രത്യേകിച്ച് മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്റെ തകര്‍പ്പന്‍ പ്രകടനമാണ് മലേഷ്യയെ കൂടുതല്‍ ഗോള്‍ നേടിയതില്‍നിന്നു തടഞ്ഞത്. അതുപോലെ വി.ആര്‍. രഘുനാഥ്, രൂപീന്ദര്‍പാല്‍ സിംഗ്, ജസ്ജീത് തുടങ്ങിയവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്കു തുണയായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.