ഇതു സ്വപ്നസാഫല്യം: വിജേന്ദര്‍സിംഗ്
ഇതു സ്വപ്നസാഫല്യം: വിജേന്ദര്‍സിംഗ്
Wednesday, July 1, 2015 10:59 PM IST
ലണ്ടന്‍: പ്രഫഷണല്‍ ബോക്സിംഗില്‍ അരങ്ങേറാന്‍ അവസരം ലഭിച്ചതോടെ ദീര്‍ഘകാലമായുള്ള സ്വപ്നമാണു സാക്ഷാത്കരിച്ചതെന്നു ഇന്ത്യന്‍ ബോക്സര്‍ വിജേന്ദര്‍സിംഗ്. പ്രഫഷണല്‍ ബോക്സിംഗില്‍ പങ്കെടുക്കുന്നതിനായി ലണ്ടനിലുള്ള ക്വീന്‍സ്ബെറി പ്രമോഷന്‍സുമായി കഴിഞ്ഞദിവസമാണ് വിജേന്ദര്‍ കരാറൊപ്പിട്ടത്. ഇതോടെ ഒളിമ്പിക്സ് അടക്കമുള്ള അമച്വര്‍ ബോക്സിംഗ് മത്സരങ്ങളില്‍ താരത്തിനു പങ്കെടുക്കാനാകില്ല. അടുത്ത വര്‍ഷം റിയോഡിഷാനേറൊയില്‍ നടക്കുന്ന ഒള്ിമ്പിക്സില്‍ ഇന്ത്യയുടെ ഉറച്ച മെഡലും ഇതോടെ നഷ്ടമായി. വിജേന്ദറിന്റെ തീരുമാനത്തിനെതിരേ വ്യാപക വിമര്‍ശനവുമുയര്‍ന്നിട്ടുണ്ട്.

ഒളിമ്പിക്സിനുശേഷം പ്രഫഷണല്‍ ബോക്സിംഗില്‍ പങ്കെടുക്കുകയെന്നത് മനസില്‍ താലോലിച്ച സ്വപ്നമായിരുന്നു. ഇപ്പോള്‍ അത് യാഥാര്‍ഥ്യമായതില്‍ അതിയായ സന്തോഷമുണ്ട്. ഒളിമ്പിക്സില്‍ പങ്കെടുക്കാനാവില്ലെന്നതില്‍ ദുഃഖമുണ്ട്. എന്നാല്‍ പ്രഫഷണല്‍ താരമെന്ന നിലയില്‍ ഞാന്‍ ഇന്ത്യയെയാണ് പ്രതിനിധികരിക്കുന്നത്; അതില്‍ അഭിമാനവുമുണ്ട്- വിജേന്ദര്‍ പറഞ്ഞു.


ലോകത്തെ വിസ്മയിപ്പിച്ച ഫ്ളോയ്ഡ് മേവെതര്‍-മാനി പക്കിയാവോ മത്സരം പ്രഫഷണല്‍ ബോക്സിംഗിലേക്കിറങ്ങുന്നതില്‍ സ്വാധീനിച്ചതായും താരം വ്യക്തമാക്കി. ഒരിക്കല്‍ മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനില്‍ മത്സരിക്കണമെന്നാണ് ആഗ്രഹം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഒട്ടുമിക്കവാറും അമച്വര്‍ മത്സരങ്ങളിലും പങ്കെടുത്തുകഴിഞ്ഞു. ഇനി ഇന്ത്യന്‍ ബോക്സിംഗിനെ ലോകഭൂപടത്തില്‍ രേഖപ്പെടുത്തുകയാണ് ലക്ഷ്യം. എന്റെ രാജ്യത്തിനുവേണ്ടിയാണ് ഇനി എന്റെ പോരാട്ടങ്ങള്‍-ലണ്ടനില്‍ പരിശീലനത്തിലുള്ള വിജേന്ദര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.