ചെമ്പടതാളം; പെറുവിനെ പരാജയപ്പെടുത്തി ചിലി ഫൈനലില്‍
ചെമ്പടതാളം; പെറുവിനെ പരാജയപ്പെടുത്തി ചിലി ഫൈനലില്‍
Wednesday, July 1, 2015 10:58 PM IST
സാന്റിയാഗോ: സ്വന്തം തട്ടകത്തില്‍ കരുത്തുറപ്പിച്ച് ചിലി കോപ്പ അമേരിക്ക ഫുട്ബോള്‍ ഫൈനലില്‍. പെറുവിനെ ഒന്നിനെതിരേ രണ്ടു ഗോളിനു പരാജയപ്പെടുത്തിയാണ് ചിലി ചിരിച്ചത്. സാന്റിയാഗോ നാഷണല്‍ സ്റ്റേഡിയത്തില്‍ ചെമ്പട താളം മുഴങ്ങിയപ്പോള്‍ എഡ്വാര്‍ഡോ വര്‍ഗാസിന്റെ ഇരട്ടഗോള്‍ ചിലിയുടെ ജയത്തില്‍ നിര്‍ണായകമായി. 42-ാം മിനിറ്റിലും 64-ാം മിനിറ്റിലുമാണ് വര്‍ഗാസ് പെറുവിയന്‍ വല ചലിപ്പിച്ചത്. ഇതോടെ നാലു ഗോളുമായി വര്‍ഗാസ് കോപ്പ അമേരിക്കയില്‍ ടോപ് സ്കോററായി.

ചിലിയുടെ ഗാരി മെദലിന്റെ സെല്‍ഫ് ഗോളാണ് പെറുവിന് ആശ്വാസം സമ്മാനിച്ചത്. എന്നാല്‍, 20-ാം മിനിറ്റില്‍ കാര്‍ലോസ് സംബ്രാനോയ്ക്ക് ചുവപ്പു കാര്‍ഡ് കണ്ടത് പെറുവിനു തിരിച്ചടിയായി. പിന്നീടുള്ള 70 മിനിറ്റിലും 10 പേരുമായി കളിക്കേണ്ടിവന്നത് അവര്‍ക്കു തിരിച്ചടിയായി. ഇതോടെ ചിലിയന്‍ ഗോള്‍മുഖത്ത് മുന്‍ മത്സരങ്ങളിലേതുപോലെ മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ പെറുവിനായില്ല. പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനം നടത്തിയ ശേഷമാണ് പെറു കീഴടങ്ങിയത്.

1987നുശേഷം ഇതാദ്യമായാണ് ചെമ്പട കോപ്പ അമേരിക്ക ഫൈനലില്‍ കടക്കുന്നത്. 1999ല്‍ അവര്‍ സെമിയിലെത്തിയിരുന്നു.

പെറുവിനു ചുവപ്പുകാര്‍ഡ്

മത്സരത്തിന്റെ തുടക്കത്തില്‍ പെറു ഒറ്റപ്പെട്ട ആക്രമണങ്ങളിലൂടെ ചിലിയന്‍ ഗോള്‍മുഖം വിറപ്പിച്ചു. എന്നാല്‍, ആദ്യ പത്തു മിനിറ്റിനുശേഷം ചിലി മത്സരത്തിലേക്കു തിരിച്ചെത്തി. ഇതോടെ മുന്‍നിര താരങ്ങളായ വിദാല്‍, സാഞ്ചസ്, വര്‍ഗാസ് എന്നിവരുടെ ഭാവനാസമ്പന്നമായ നീക്കം പെറുവിനെ വിറപ്പിച്ചു. ഇതിനിടെയാണ് പെറുവിന്റെ പ്രതിരോധഭടന്‍ കാര്‍ലോസ് സംബ്രാനോയ്ക്കു ചുവപ്പുകാര്‍ഡ് ലഭിച്ചത്.

അരാംഗിസിനെ ഫൌള്‍ചെയ്തതിനാണ് സംബ്രാനോയ്ക്കു ചുവപ്പുകാര്‍ഡ് ലഭിച്ചത്. എന്നാല്‍, സംബ്രാനോയ്ക്ക് രണ്ടാം തവണയും മഞ്ഞക്കാര്‍ഡ് നല്‍കേണ്ട സാഹചര്യമില്ലായിരുന്നുവെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. 26-ാം മിനിറ്റില്‍ ചിലിക്ക് വാല്‍ഡിവിയയിലൂടെ ലഭിച്ച അവസരം അദ്ദേഹം നഷ്ടപ്പെടുത്തി. തുടര്‍ച്ചയായ മുന്നേറ്റത്തിനൊടുവിലാണ് ചിലിയുടെ ഗോള്‍ പിറന്നത്.


42-ാം മിനിറ്റ്, അലക്സിസ് സാഞ്ചസിന്റെ മികച്ച പാസില്‍ എഡു വര്‍ഗാസിന്റെ തകര്‍പ്പന്‍ ഷോട്ട്. പന്ത് വലയില്‍. ആദ്യപകുതിയില്‍ പ്രതിരോധം ശ്രദ്ധിക്കാന്‍ തുടങ്ങിയ പെറു പലപ്പോഴും ആക്രമണം മറന്നു. ഒരാളുടെ നഷ്ടം അവരെ വല്ലാതെ പ്രതിരോധത്തിലാക്കി. അതോടെ ചിലിയന്‍ താരങ്ങള്‍ക്ക് തുടര്‍മുന്നേറ്റങ്ങള്‍ നടത്താനായി. ആര്‍ത്തിരമ്പുന്ന സ്വന്തം കാണികള്‍ക്കു മുന്നില്‍ ചെമ്പട തകര്‍ത്തു കളിച്ചു.

ആവേശകരം രണ്ടാം പകുതി

ആദ്യപകുതിയില്‍ സംഭവിച്ച പിഴവുകള്‍ക്ക് പ്രായശ്ചിത്തം ചെയ്തുകൊണ്ടുള്ള ഒരു പ്രകടനമാണ് രണ്ടാം പകുതിയില്‍ പെറു നടത്തിയത്.. തുടക്കത്തിലേ തന്നെ അവര്‍ ആക്രമണങ്ങളില്‍ ശ്രദ്ധിച്ചു. ഇതിനിടെ സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ പെറുവിനു സമനില വന്നു. ചിലി മധ്യനിര താരം ഗാരി മെദലില്‍ നിന്നായിരുന്നു ഗോള്‍. ഗോള്‍ മുഖത്ത് നിന്നു പന്തു ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സെല്‍ഫ് ഗോള്‍. കാരിയോയുടെ ഷോട്ടില്‍ കാല്‍വച്ചതായിരുന്നു മെദലിനു പിഴച്ചത്.

എന്നാല്‍, ഗോള്‍ വീണതോടെ ചിലി ഉണര്‍ന്നു കളിച്ചു. നാലു മിനിറ്റിനുശേഷം ചിലി വിജയഗോള്‍ സ്വന്തമാക്കി.

64-ാം മിനിറ്റില്‍ ഗാരി മെദല്‍ നല്‍കിയ പാസില്‍ നിന്നായിരുന്നു എഡ്വാര്‍ഡോ വര്‍ഗാസിന്റെ രാണ്ടാം ഗോള്‍. 30 വാര അകലെ നിന്നു തൊടുത്ത ഷോട്ടില്‍ ഗോള്‍ പിറന്നു.

രണ്ടാം ഗോള്‍ വീണതോടെ ചിലി ആക്രമണം കുറച്ച് പ്രതിരോധത്തില്‍ ഊന്നുമെന്നു കരുതിയെങ്കിലും പൊസഷന്‍ കാത്ത് ചെറിയ, ചെറിയ ആക്രമണങ്ങളിലൂടെ സമയം കളഞ്ഞ ചിലി മത്സരത്തില്‍ വിജയം സ്വന്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.