ഫിഫയുടെ പ്രസിഡന്റായി വീണ്ടും ബ്ളാറ്റര്‍
ഫിഫയുടെ പ്രസിഡന്റായി വീണ്ടും ബ്ളാറ്റര്‍
Saturday, May 30, 2015 12:06 AM IST
സൂറിച്ച്: അഴിമതി ആരോപണങ്ങ ളുടെ പശ്ചാത്തല ത്തിലും രാജ്യാന്തര ഫുട്ബോള്‍ ഫെഡറേഷന്‍-ഫിഫയുടെ പ്രസിഡന്റായി സെപ് ബ്ളാറ്റര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ആദ്യ റൌണ്ടില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനാകാതെ വന്നതോടെ രണ്ടാം റൌണ്ടിലേക്കു വോട്ടെടുപ്പ് നീങ്ങി. ഇതോടെ അപ്രതീക്ഷിതമായി എതിര്‍ സ്ഥാനാര്‍ഥി ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈന്‍ പിന്മാറുകയായിരുന്നു. ഇതോടെ അഞ്ചാം തവണയും പ്രസിഡന്റായി ബ്ളാറ്റര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ആദ്യ റൌണ്ടില്‍ 73നെതിരേ 133 വോട്ട് ബ്ളാറ്റര്‍ നേടി. ആകെ 209 വോട്ടാണുള്ളത്. മൂന്നു പേരുടെ വോട്ട് രേഖപ്പെടുത്തിയില്ല. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന് 139 വോട്ടാണ് വേണ്ടത്, ആറ് വോട്ടിന്റെ കുറവ്. രണ്ടാം റൌണ്ടില്‍ ഭൂരിപക്ഷം നേടിയാല്‍ മതിയെന്നിരിക്കേ 133 വോട്ട് നേടിയ ബ്ളാറ്റര്‍ രണ്ടാം റൌണ്ട് അനായാസം ജയിക്കുമെന്ന അവസ്ഥ. ഇതോടെയാണ് ജോര്‍ദാന്‍ രാജകുമാരന്‍ പിന്മാറിയത്. നേരത്തെ ജോര്‍ദാന്‍ രാജകുമാരന് പിന്തുണ പ്രഖ്യാപിച്ച യുവേഫയുടെ വോട്ടില്‍നിന്ന് സ്പെയിന്‍ ബ്ളാറ്റര്‍ക്ക് അനുകൂലമായി വോട്ടുചെയ്തതായി റിപ്പോര്‍ട്ടുണ്ട്. 1998, 2002, 2007, 2011 വര്‍ഷങ്ങളില്‍ ബ്ളാറ്റര്‍ പ്രസിഡന്റായിരുന്നു. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്ന് ബ്ളാറ്റര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. കൂടുതല്‍ കരുത്തോടെയും വിശ്വാസ്യതയോടും മുന്നോട്ടു പോകാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ബ്ളാറ്റര്‍ പറഞ്ഞു.

അഴിമതിക്കുറ്റം ചുമത്തി ഫിഫയി ലെ ഏഴ് ഭരണസമിതി അംഗങ്ങളെ അറസ്റ് ചെയ്ത പശ്ചാത്തലത്തില്‍ വരുംദിവസ ങ്ങളില്‍ ബ്ളാറ്ററെയും അമേരിക്കന്‍, സ്വിസ് അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തേക്കും

അതികായനായി അഞ്ചാംവട്ടം

സ്വിറ്റ്സര്‍ലന്‍ഡിലെ വിസ്പിലുള്ള ഒരു സാധാരണ കുടുംബത്തില്‍ 1936ല്‍ ജനിച്ച ജോസഫ് സെപ് ബ്ളാറ്റര്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബിസിനസിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടി. പിന്നീട് കുറച്ചുകാലം പട്ടാളത്തിലും പ്രവര്‍ത്തിച്ചു. സ്വിസ് വാച്ച് വ്യാപാരവുമായി നടന്ന ചരിത്രവും ബ്ളാറ്റര്‍ക്കുണ്ട്.

സ്വിറ്റ്സര്‍ലന്‍ഡിലെ ഐസ് ഹോക്കി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയായതോടെയാണ് ബ്ളാറ്ററുടെ കരിയര്‍ തിളങ്ങിത്തുടങ്ങിയത്.

1972, 76 ഒളിമ്പിക്സുകളില്‍ അദ്ദേഹം ടെക്നിക്കല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. മികച്ച പ്രവര്‍ത്തനം 1975ല്‍ അദ്ദേഹത്തെ ഫിഫയിലെത്തിച്ചു. ടെക്നിക്കല്‍ ഡയറക്ടറായായിരുന്നു തുടക്കം. 1981 വരെ ടെക്നിക്കല്‍ ഡയറക്ടറായിരുന്ന അദ്ദേഹം 81ല്‍ ജനറല്‍ സെക്രട്ടറിയായി. 1998ല്‍ ഫിഫ തലവനാകുംവരെ സെക്രട്ടറിസ്ഥാനത്തു തുടര്‍ന്നു. ഇക്കാലയളവില്‍ ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ഫെഡറേഷനുകളുമായി അദ്ദേഹം നല്ല ബന്ധമുണ്ടാക്കി.

1998ല്‍ ആദ്യമായി ബ്ളാറ്റര്‍ ഫിഫയുടെ തലപ്പത്തെത്തി. മുന്‍ യുവേഫ പ്രസിഡന്റ് യാവോ ഹെലലേഞ്ചിനെ പരാജയപ്പെടുത്തിയാണ് ബ്ളാറ്റര്‍ ആദ്യമായി ഫിഫയുടെ തലപ്പത്തെത്തിയത്. ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ അദ്ദേഹത്തിനെതിരേ കൈക്കൂലി ആരോപണം ഉയര്‍ന്നിരുന്നു.

സൊമാലി ഫുട്ബോള്‍ അസോസിയേഷന്‍ പ്രതിനിധിക്ക് ഒരു ലക്ഷം ഡോളര്‍ ബ്ളാറ്റര്‍ വാഗ്ദാനം ചെയ്തെന്നായിരുന്നു ആരോപണം. എന്നാല്‍, പിന്നീട് 2002ലും 2007ലും 2011ലും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 2002ല്‍ ആഫ്രിക്കന്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് ഇസ ഹയേതുവിന്റെ എതിര്‍പ്പിനെ മറികടന്നാണ് ബ്ളാറ്റര്‍ പ്രസിഡന്റായത്.


2007ലും 2011ലും ബ്ളാറ്റര്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 2011ല്‍ ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റ് മുഹമ്മദ് ബിന്‍ ഹമ്മാമിന്റെ എതിര്‍പ്പുണ്ടായിരുന്നെങ്കിലും അവസാന നിമിഷം അദ്ദേഹം മത്സരരംഗത്തുനിന്നു പിന്മാറി.

ക്രമേണ ബ്ളാറ്റര്‍ ഉദ്ദേശിച്ചതുപോലെ കാര്യങ്ങള്‍ നടന്നു. എല്ലാവരും ബ്ളാറ്ററുടെ ആജ്്ഞാനുവര്‍ത്തികളായി. എന്തും നടക്കുമെന്ന അവസ്ഥ. ഇതിനിടെ, നിരവധി കോഴ ആരോപണങ്ങള്‍ നേരിട്ടു.

2018, 2022 വര്‍ഷങ്ങളിലെ ലോകകപ്പ് യഥാക്രമം റഷ്യക്കും ഖത്തറിനും നല്‍കിയതിലൂടെ കോടിക്കണക്കിന് ഡോളറിന്റെ അഴിമതി ബ്ളാറ്റ റും കൂട്ടാളികളും നടത്തിയെന്ന് ആരോപണമുയര്‍ന്നു.

അതിനെയെല്ലാം വെട്ടിമാറ്റി ഇപ്പോഴിതാ അഞ്ചാം തവണയും ബ്ളാറ്റര്‍ പ്രസിഡന്റായിരിക്കുന്നു. അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ ബ്ളാറ്റര്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.

നാളെ മുതല്‍ എല്ലാം ശരിയാകും: ബ്ളാറ്റര്‍

സൂറിച്ച്: തന്നെ പ്രസിഡന്റായി തെരഞ്ഞെടുത്താല്‍ അടുത്ത ദിവസം മുതല്‍ ഫിഫയിലെ കാര്യങ്ങളൊക്കെ നന്നായി നടക്കുമെന്ന് സെപ് ബ്ളാറ്റര്‍. ഫിഫയെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പു വഴിത്തിരിവാണെന്നും പ്രസിഡന്റ് സെപ് ബ്ളാറ്റര്‍ പറഞ്ഞു. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നുതിനു മുമ്പായി കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കച്ചവടതാത്പര്യത്തിനും വഴങ്ങാത്ത സംഘടനയാണു ഫിഫ. എല്ലാ രാജ്യങ്ങള്‍ക്കും ഇതില്‍ അംഗത്വമുണ്ട്. 2018ല്‍ റഷ്യക്കും 2022ല്‍ ഖത്തറിനും വേദികള്‍ നല്‍കിയിരുന്നില്ലെങ്കില്‍ മാത്രമേ ഫിഫയ്ക്കെതിരേ അന്വേഷണം നടത്തേണ്ടിയിരുന്നുള്ളൂ എന്നും ബ്ളാറ്റര്‍ വാദിച്ചു.

എന്നാല്‍, തന്റെ കീഴില്‍ ക്രമക്കേടുകള്‍ നടത്തിയവര്‍ ഫിഫയ്ക്കു നാണക്കേടുണ്ടാക്കിയെന്നു പറഞ്ഞ ബ്ളാറ്റര്‍, പിഴവുകള്‍ തിരുത്തി മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ഫിഫയ്ക്ക് ശക്തനായ ഒരു നേതാവിനെയാണു വേണ്ടത്. ഒപ്പം, പരിചയസമ്പന്നനെയും. ഓരോ കാര്യത്തെക്കുറിച്ചും വ്യക്തമായ ധാരണയുള്ള ഒരാള്‍. എല്ലാവരോടും തുറന്ന മനസോടെ പെരുമാറുന്ന ഒരാള്‍. എനിക്ക് അതിനു സാധിക്കുമെന്നാണു കരുതുന്നത്. വോട്ടിംഗിനു തൊട്ടുമുമ്പു നടന്ന 15 മിനിറ്റ് പ്രസംഗത്തില്‍ ബ്ളാറ്റര്‍ അവകാശപ്പെട്ടു.

തന്റെ ഭാഗം വിശദീകരിക്കാന്‍ ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈന്‍ എത്തിയപ്പോള്‍ സദസില്‍നിന്നു നിറഞ്ഞ കൈയടിയാണു ലഭിച്ചത്. ലോകത്ത് ഏറ്റവുമധികം ജനങ്ങള്‍ ആരാധിക്കുന്ന കളിയോട് ഏവര്‍ക്കും ഉത്തരവാദിത്വമുണ്ട്. ആ കളിയുടെ മാന്യതയ്ക്കൊപ്പം നില്‍ക്കണമെന്നാണ് എന്റെ ആഗ്രഹം. നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. -ജോര്‍ദാന്‍ രാജകുമാരന്‍ പറഞ്ഞു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.