ഫിഫ തെരഞ്ഞെടുപ്പു നാളെ; ആത്മവിശ്വാസത്തോടെ സെപ് ബ്ളാറ്റര്‍
ഫിഫ തെരഞ്ഞെടുപ്പു നാളെ; ആത്മവിശ്വാസത്തോടെ സെപ് ബ്ളാറ്റര്‍
Thursday, May 28, 2015 12:04 AM IST
ജോസ് കുമ്പിളുവേലില്‍

ബര്‍ലിന്‍: ഫിഫയുടെ പ്രസിഡന്റായി തുടരെ അഞ്ചാം വട്ടവും തെരഞ്ഞെടുക്കപ്പെടുമെന്ന് സെപ് ബ്ളാറ്റര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നാളെ നടക്കുന്ന ഫിഫ തെരഞ്ഞെടുപ്പില്‍ ലൂയി ഫിഗോ അടക്കമുള്ളവര്‍ മത്സരത്തില്‍നിന്നു പിന്‍മാറിയതോടെ ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈനുമായി നേരിട്ടാണ് ബ്ളാറ്റര്‍ ഏറ്റുമുട്ടുന്നത്.

തെരഞ്ഞെടുപ്പില്‍നിന്നു പിന്‍മാറിയവരും യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ളറ്റീനിയെപ്പോലുള്ള പ്രമുഖരും ജോര്‍ദാന്‍ രാജകുമാരന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ബ്ളാറ്ററുടെ സാധ്യതകള്‍ മങ്ങി എന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.

നിലവില്‍ ഫിഫ വൈസ് പ്രസിഡന്റാണ് രാജകുമാരന്‍. യൂറോപ്യന്‍ ഫുട്ബോളിലെ പ്രമുഖര്‍ പലരും അദ്ദേഹത്തിനു പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞെങ്കിലും ഇപ്പോള്‍ നേരിയ മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്നത് ബ്ളാറ്റര്‍ക്കു തന്നെ.

209 ഫെഡറേഷനുകള്‍ക്കാണ് തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. ഇതില്‍ 35 എണ്ണത്തെ പ്രതിനിധീകരിക്കുന്ന കോണ്‍കകാഫിന്റെ യോഗത്തിനെത്തിയപ്പോഴാണ് ബ്ളാറ്ററുടെ ആത്മവിശ്വാസ പ്രകടനം. ആഫ്രിക്കന്‍ ഫെഡറേഷനും ലാറ്റിന്‍ അമേരിക്കന്‍ ഫെഡറേഷനും ബ്ളാറ്ററെ പിന്തുണയ്ക്കുമെന്നാണ് വിവരം.

ബ്ളാറ്റര്‍ കുടുങ്ങുമോ?

അഴിമതിയുടെ ഞെട്ടിപ്പിക്കുന്ന കഥകള്‍ ഫുട്ബോള്‍ ലോകത്തെ പിടിച്ചുകുലുക്കുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ കായിക സംഘടനയായ ഫിഫയുടെ പ്രസിഡന്റായ ജോസഫ് സെപ് ബ്ളാറ്റര്‍ കുലുങ്ങുന്നില്ല. വിജയിക്കുമെന്ന കാര്യത്തില്‍ അദ്ദേഹത്തിനു തര്‍ക്കവുമില്ല. എന്നാല്‍, കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുമ്പോള്‍ ബ്ളാറ്ററും അക്കൂടെ ഒലിച്ചുപോകുമെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ നല്‍കുന്ന സൂചന. 79കാരനായ സ്വിറ്റ്സര്‍ലന്‍ഡുകാരന്‍ ബ്ളാറ്റര്‍ നാളെ സൂറിച്ചിലെ വിശാലമായ ഹാള്‍സ്റ്റേഡിയോനിലേക്കു പുതിയ പോരാട്ടത്തിനായി പ്രവേശിക്കുമ്പോള്‍ അഴിമതിയുടെ പാപക്കറ അദ്ദേഹത്തില്‍ കളങ്കമായി നിലനില്‍ക്കുമെന്നുറപ്പ്. ഫിഫയിലെ ഭരണസമിതി അംഗങ്ങളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ പ്രവര്‍ത്തനങ്ങള്‍ ബ്ളാറ്റര്‍ക്കറിയില്ല എന്നു പറയാനാവില്ല. എല്ലാ പ്രവര്‍ത്തനങ്ങളും ഇടപാടുകളും ബ്ളാറ്റര്‍ അറിഞ്ഞുകൊണ്ടാണ് നടന്നതെന്ന നിഗമനത്തിലാണ് അമേരിക്കന്‍ അന്വേഷണ സംഘമുള്ളത്.

എന്നാല്‍, അതു തെളിയിക്കുന്ന വിധത്തിലുള്ള രേഖകള്‍ കണ്െടത്താത്ത പശ്ചാത്തലത്തിലാണ് ബ്ളാറ്ററുടെ അറസ്റ് വൈകുന്നത്. ഒരിക്കല്‍ക്കൂടി ബ്ളാറ്റര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയാല്‍ അത് ബ്യൂട്ടിഫുള്‍ ഗെയിമിനെ നശിപ്പിക്കുമെന്ന വിലയിരുത്തലിലാണ് യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ളറ്റീനിയും ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മാറഡോണയുമുള്ളത്.

വോട്ട് വില്പന ആരോപണവും

സൂറിച്ച്: ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കേ, വോട്ടു വില്‍പന ആരോപണവും ചൂടുപിടിക്കുന്നു. നാളെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ 47 വോട്ടുകള്‍ ഉറപ്പാക്കിത്തരാം എന്നു പറഞ്ഞ് ഒരാള്‍ സമീപിച്ചിരുന്നതായി സ്ഥാനാര്‍ഥികളിലൊരാളായ ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈന്റെ പ്രചാരണ സംഘം പൊലീസിനെ അറിയിച്ചു. കഴിഞ്ഞ ഏപ്രിലില്‍ തങ്ങളെ വന്നു കണ്ട ഇയാള്‍ സെപ് ബ്ളാറ്ററുടെ പണമിടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും നല്‍കാമെന്ന് അറിയിച്ചെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, ഏതെങ്കിലും രാജ്യത്തിന്റെ ഫുട്ബോള്‍ അസോസിയേഷനുമായി ഇദ്ദേഹത്തിനു ബന്ധമില്ലാത്തയാളാണെന്നു തെളിഞ്ഞതിനാല്‍ വാഗ്ദാനം സ്വീകരിച്ചില്ലെന്നും ഇവര്‍ പറഞ്ഞു.


എന്നാല്‍, ഇത്രയും കാലം ഇക്കാര്യങ്ങള്‍ എന്തേ പുറത്തു പറയാത്തത് എന്ന ചോദ്യത്തിന് അവരുടെ ഉത്തരം ഇങ്ങനെയായിരുന്നു. തെരഞ്ഞെടുപ്പിന് ഇതൊരു പ്രചാരണായുധമാക്കാന്‍ ഉദ്ദേശിക്കാത്തതിനാല്‍ പുറത്തു വിടുന്നില്ല എന്നായിരുന്നു. ബ്രിട്ടന്‍ കേന്ദ്രീകരിച്ചുള്ളക്വസ്റ എന്ന സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സിക്കു വിവരം കൈമാറിയതായും രാജകുമാരന്റെ പ്രതിനിധികള്‍ പറഞ്ഞു.

ഫുട്ബോളിന് ഇതു ദുഃഖദിനം- അലി ബിന്‍ അല്‍ ഹുസൈന്‍

ഫിഫ ഭരണസമിതി അംഗങ്ങളെ അറസ്റ് ചെയ്ത സംഭവം പ്രചരണായുധമാക്കി നാളെ നടക്കുന്ന ഫിഫ തെരഞ്ഞെടുപ്പില്‍ സെപ് ബ്ളാറ്ററുടെ മുഖ്യ എതിരാളി ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈന്‍. ലോക ഫുട്ബോളിന്റെ ദുഃഖദിനമാണ് ഇതെന്ന് രാജകുമാരന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വന്ന ശേഷം പ്രതികരിക്കാമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ആരാണ് ജോസഫ് സെപ് ബ്ളാറ്റര്‍?

സ്വിറ്റ്സര്‍ലന്‍ഡിലെ വിസ്പിലുള്ള ഒരു സാധാരണകുടുംബത്തില്‍ 1936ല്‍ ജനിച്ച ജോസഫ് സെപ് ബ്ളാറ്റര്‍ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബിസിനസിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടി. അമേച്വര്‍ ഫുട്ബോളര്‍ കൂടിയായിരുന്ന അദ്ദേഹം പിന്നീട് കുറച്ചുകാലം പട്ടാളത്തിലും പ്രവര്‍ത്തിച്ചു. ഇതിനിടെ, സ്വിസ് വാച്ചുകളുടെ മാര്‍ക്കറ്റിംഗ് മാനേജരായും ബ്ളാറ്റര്‍ പ്രവര്‍ത്തിച്ചു. എന്നാല്‍, സ്വിറ്റ്സര്‍ലന്‍ഡിലെ ഐസ് ഹോക്കി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയായതോടെയാണ് ബ്ളാറ്ററുടെ കരിയര്‍ തിളങ്ങിത്തുടങ്ങിയത്. 1972,76 ഒളിമ്പിക്സുകളില്‍ അദ്ദേഹം ടെക്നിക്കല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. മികച്ച പ്രവര്‍ത്തനം 1975ല്‍ അദ്ദേഹത്തെ ഫിഫയിലെത്തിച്ചു. ടെക്നിക്കല്‍ ഡയറക്ടറായായിരുന്നു തുടക്കം. 1981വരെ ടെക്നിക്കല്‍ ഡയറക്ടറായിരുന്ന അദ്ദേഹം 81ല്‍ ജനറല്‍ സെക്രട്ടറിയായി. 1998ല്‍ ഫിഫ തലവനാകുംവരെ സെക്രട്ടറി സ്ഥാനത്തു തുടര്‍ന്നു. ഇക്കാലയളവില്‍ ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ഫെഡറേഷനുകളുമായി അദ്ദേഹം നല്ല ബന്ധമുണ്ടാക്കി. 1998ല്‍ ആദ്യമായി ബ്ളാറ്റര്‍ ഫിഫയുടെ തലപ്പത്തെത്തി. 2002ലും 2007ലും 2011ലും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ കൈക്കൂലി ആരോപണം ഉയര്‍ന്നിരുന്നു. സൊമാലി ഫുട്ബോള്‍ അസോസിയേഷന്‍ പ്രതിനിധിക്ക് ഒരു ലക്ഷം ഡോളറാണ് ബ്ളാറ്റര്‍ വാഗ്ദാനം ചെയ്തത്രേ. പതിയെ അദ്ദേഹം ഉദ്ദേശിച്ചതുപോലെ കാര്യങ്ങള്‍ നടന്നു. എല്ലാവരും ബ്ളാറ്ററുടെ ആജ്ഞാനുവര്‍ത്തികളായി. എന്തും നടക്കുമെന്ന അവസ്ഥ. 17 വര്‍ഷത്തെ കാലയളവില്‍ ലോകത്തെ ഏറ്റവും ശക്തരായ നേതാക്കളുടെ പട്ടികയില്‍ ബറാക് ഒബാമയ്ക്കും വ്ളാഡിമിര്‍ പുടിനുമൊപ്പം അദ്ദേഹം സ്ഥാനം പിടിച്ചു. 2014 ലോകകപ്പ് നടത്തിപ്പിലൂടെ ബ്ളാറ്റര്‍ ഫിഫയ്ക്കു നേടിക്കൊടുത്തത് 570 കോടി ഡോളറാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ട കായിക മാമാങ്കവും ഈ ലോകകപ്പായി.


ഇതിനിടെ, നിരവധി കോഴ ആരോപണങ്ങള്‍ അദ്ദേഹം നേരിട്ടു. 2018, 2022 വര്‍ഷങ്ങളിലെ ലോകകപ്പ് യഥാക്രമം റഷ്യക്കും ഖത്തറിനും നല്‍കിയതിലൂടെ കോടിക്കണക്കിന് ഡോളറിന്റെ അഴിമതി അദ്ദേഹവും കൂട്ടാളികളും നടത്തിയെന്ന് ആരോപണമുയര്‍ന്നു. എന്നാല്‍, ആരെയും അറസ്റ് ചെയ്യാനോ ആരോപണങ്ങള്‍ തെളിയിക്കാനോ ഒരു അന്വേഷണ സംഘത്തിനും സാധിച്ചില്ല. എന്നാല്‍, ഇപ്പോഴിതാ തെരഞ്ഞെടുപ്പിന് രണ്ടു ദിനം മാത്രം ശേഷിക്കേ ഫിഫയിലെ ഭരണസമിതി അംഗങ്ങളെ തന്നെ അറസ്റ് ചെയ്തിരിക്കുന്നു. ബ്ളാറ്റര്‍ക്ക് ഇതില്‍നിന്ന് തടിയൂരാന്‍ സാധിക്കുമോ..? കാത്തിരിക്കുകയാണ് ഫുട്ബോള്‍ ലോകം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.