ആര്‍ക്കൊക്കെയോവേണ്ടി ഒരു സെലക്ഷന്‍ ട്രയല്‍സ്
Wednesday, May 27, 2015 11:36 PM IST
പട്യാല: ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള റിലേ ടീമിനായി അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നടത്തുന്ന സെലക്്ഷന്‍ ട്രയല്‍സ് ഇന്നു നടക്കും. 400 മീറ്റര്‍, 100 മീറ്റര്‍ റിലേ ടീമുകള്‍ക്കായാണ് ട്രയല്‍സ് പ്രധാനമായും നടക്കുന്നത്. വനിതകളുടെ ജാവലിന്‍ ത്രോ, വനിതകളുടെ പോള്‍വോള്‍ട്ട് എന്നിവയുടെ ട്രയല്‍സും ഇന്നു നടക്കുന്നുണ്ട്്.

400 മീറ്റര്‍ റിലേ ട്രയല്‍സ് പട്യാലയിലും 100 മീറ്റര്‍ ട്രയല്‍സ് ബംഗളൂരുവിലുമാണ് നടക്കുന്നത്. നേരത്തെ വനിതകളുടെ 400 മീറ്റര്‍ റിലേ ട്രയല്‍സ് തിരുവനന്തപുരത്തു നടത്താനായിരുന്നു ഫെഡറേഷന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, സംഭവം കൂടുതല്‍ വിവാദമാകുമെന്ന കാരണത്താല്‍ ധൃതിപിടിച്ച് ട്രയല്‍സ് പട്യാലയിലേക്കു മാറ്റുകയായിരുന്നു.

ജൂണ്‍ മൂന്നിനാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ചൈനയിലെ വുഹാനില്‍ തുടങ്ങുന്നത്. പങ്കെടുക്കുന്ന താരങ്ങളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ മേയ് 15നു മുമ്പ് പൂര്‍ത്തിയാക്കണമെന്നാണു ചട്ടം എന്നിരിക്കേ ആര്‍ക്കുവേണ്ടിയാണ് ഇത്തരത്തിലൊരു സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നത് എന്നാണു ചോദ്യം. ഈ മാസമാദ്യം മാംഗളൂരില്‍ നടന്ന ഫെഡറേഷന്‍ കപ്പായിരുന്നു ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനായുള്ള സെലക്ഷന്‍ മീറ്റായി തീരുമാനിച്ചിരുന്നത്.

എന്നാല്‍, 400 മീറ്ററില്‍ പങ്കെടുക്കേണ്ട ചില മുന്‍നിര താരങ്ങള്‍ നിഗൂഢ കാരണങ്ങളാല്‍ വിട്ടുനിന്നു. ഇക്കൂട്ടര്‍ക്കാണ് ഇപ്പോള്‍ അവസരം നല്‍കിയിരിക്കുന്നത്. ഫെഡറേഷന്‍ കപ്പ് 400 മീറ്ററില്‍ ആദ്യനാലു സ്ഥാനങ്ങളിലെത്തുന്നവരാണ് സ്വാഭാവികമായും റിലേ ടീമിനു യോഗ്യത നേടുന്നവര്‍. എം.ആര്‍. പൂവമ്മ, ആര്‍. അനു, ടിന്റു ലൂക്ക, ജിസ്ന മാത്യു, ദേവശ്രീ മജുംദാര്‍, അഞ്ജു തോമസ് എന്നിവരാണ് ഒന്നു മുതല്‍ ആറു വരെയുള്ള സ്ഥാനങ്ങളിലെത്തിയവര്‍. സ്വാഭാവികമായും ഇവരാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള റിലേ ടീമില്‍ ഉള്‍പ്പെടേണ്ടത്. എന്നാല്‍, അതിലും മികച്ച ഒരു ടീമിനെ കണ്െടത്താനാണ് ട്രയല്‍സ് നടത്തുന്നതെന്നാണ് ഫെഡറേഷന്റെ വിശദീകരണം. ട്രയല്‍സ് നടത്തുമ്പോള്‍ മുമ്പ് ഉത്തേജകമരുന്നടിക്കു വിധേയയായിട്ടുള്ള അശ്വിനി അക്കുഞ്ജി പങ്കെടുക്കും. തിരുവനന്തപുരത്തുണ്ടായിരുന്ന ആര്‍. അനുവും അഞ്ജു തോമസും പട്യാലയിലെത്തിയിട്ടുണ്ട്. നിലവില്‍ അശ്വിനി ഒഴികെയുള്ളവര്‍ എസ്. ആര്‍. സിദ്ദുവിന്റെ കീഴില്‍ തിരുവനന്തപുരത്താണ് പരിശീലനം നടത്തിയത്. അതേസമയം, ഫെഡറേഷന്‍ കപ്പില്‍ പങ്കെടുത്ത ടിന്റു ലൂക്ക, ജിസ്ന മാത്യു എന്നിവര്‍ ഇന്നത്തെ ട്രയല്‍സില്‍ പങ്കെടുക്കില്ല.


പൂനയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലും ഫെഡറേഷന്‍ ഇത്തരത്തിലൊരു ട്രയല്‍സ് നടത്തി വന്‍ വിവാദമുണ്ടാക്കിയിരുന്നു. എന്നാല്‍, മാധ്യമങ്ങളുടെ ഇടപെടല്‍ മൂലം അവിടെ മത്സരിച്ചവരാരും പ്രധാന ടീമില്‍ ഉള്‍പ്പെടുത്തിയില്ല.

പുരുഷന്മാരുടെ 400 മീറ്ററിലെ ട്രയല്‍സ് ഇന്നു ബംഗളൂരുവില്‍ നടക്കും. ആരോക്യ രാജീവ്, വി. സജിന്‍, ധരുണ്‍, സച്ചിന്‍ റോബി, ഇമ്രാന്‍ അറാഫത്ത്, നിര്‍മല്‍ ടോം നോഹ എന്നിവരാണ് നിലവില്‍ യോഗ്യത നേടിയിട്ടുള്ളത്. ഇവര്‍ക്കൊപ്പം ഏതാനും താരങ്ങള്‍കൂടി ട്രയല്‍സില്‍ പങ്കെടുക്കും. ഏഷ്യന്‍ ലെവലില്‍ ഇന്ത്യക്കു മെഡല്‍ സാധ്യതയുള്ള ഇനമാണ് 400 മീറ്റര്‍, 400 മീറ്റര്‍ റിലേ ഇനങ്ങള്‍. നിലവില്‍ ഈയിനത്തില്‍ ഇന്ത്യയാണ് ഏഷ്യന്‍ ചാമ്പ്യന്മാര്‍.

അതിനിടെ, വിവാദ യുക്രെയിന്‍ പരിശീലകന്‍ യൂറി ഒഗറോഡ്നിക് ഇന്ന് പട്യാലയിലെത്തും. ട്രയല്‍സ് അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാകും നടക്കുകയെന്ന് എന്നും സൂചനയുണ്ട്.

2013ലെ മരുന്നടി വിവാദത്തിലെ മുഖ്യ കണ്ണി ഒഗറോഡ്നിക്കിന്റെ വരവിനെ പല താരങ്ങളും അത്ലറ്റിക് ലോകവും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഇന്ത്യന്‍ അത്ലറ്റിക് വീണ്ടും മരുന്നടിഭീതിയിലെന്നു വിലയിരുത്തുന്നവരുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.