വീണ്ടും മരുന്നടി? ഇന്ത്യന്‍ അത്ലറ്റിക്സ് ആശങ്കയില്‍
വീണ്ടും മരുന്നടി? ഇന്ത്യന്‍ അത്ലറ്റിക്സ് ആശങ്കയില്‍
Wednesday, May 27, 2015 11:34 PM IST
സ്പോര്‍ട്സ് ലേഖകന്‍

കോട്ടയം: ഇന്ത്യന്‍ അത്ലറ്റിക് രംഗത്ത് വീണ്ടും മരുന്നടി വ്യാപകമാകുന്നു എന്ന ആശങ്കയ്ക്കു ബലമേകുന്ന സംഭവം വെളിച്ചത്ത്. 2013ല്‍ ഇന്ത്യന്‍ അത്ലറ്റിക്സിനെ പിടിച്ചുകുലുക്കിയ സംഭവത്തില്‍ പിടിക്കപ്പെടുകയും പിന്നീട് വിലക്ക് നേരിടുകയും ചെയ്ത രണ്ട് വനിതാ അത്ലറ്റുകളാണ് ഇത്തവണയും സംശയത്തിന്റെ നിഴലിലായിരിക്കുന്നത്. തിരുവനന്തപുരത്തെ സായി സെന്ററായ എല്‍എന്‍സിപിഇയില്‍ പരിശീലനത്തിലായിരുന്ന പ്രിയങ്ക പന്‍വാറും ജുവാന മുര്‍മുവും ഉത്തേജകമരുന്നു പരിശോധനയ്ക്കെത്തിയവര്‍ക്ക് സാമ്പിളുകള്‍ നല്‍കാതെ മുങ്ങി. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്ലറ്റിക് ഫെഡറേഷന്‍സിന്റെ(ഐഎഎഎഫ്) പ്രതിനിധികള്‍ എല്‍സിപിഇയില്‍ എത്തിയപ്പോഴാണ് ഇരുവരും മുങ്ങിയതത്രേ. അതേസമയം, ക്യാമ്പിലുണ്ടായിരുന്ന മറ്റ് അത്ലറ്റുകളുടെ സാമ്പിളുകള്‍ എടുത്തശേഷമാണ് സംഘം മടങ്ങിയത്.

അന്താരാഷ്ട്ര ഉത്തേജകമരുന്നു വിരുദ്ധ ഏജന്‍സി(വാഡ)യോട് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തതായി വിവരമുണ്ട്. അവരുടെ അന്വേഷണത്തില്‍ താരങ്ങള്‍ മുങ്ങിയതായി തെളിവു ലഭിച്ചാല്‍ ആജീവനാന്തവിലക്കായിരിക്കും താരങ്ങളെ കാത്തിരിക്കുന്നത്.

വാഡ നേരിട്ടാണ് പരിശോധന നടത്തിയിരുന്നതെങ്കില്‍ തത്സമയം താരങ്ങളെ വിലക്കുമായിരുന്നു. 400 മീറ്റര്‍ താരങ്ങളായ ജുവാന മുര്‍മുവും പ്രിയങ്ക പന്‍വാറും ഇന്ത്യയുടെ പ്രതീക്ഷകളായിരുന്നു. മാത്രവുമല്ല, 2014ല്‍ ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലെ അംഗംകൂടിയാണ് പ്രിയങ്ക. 2010 കോമണ്‍വെല്‍ത്ത് ഗെയിംസിലും 2011 ഏഷ്യന്‍ ഗെയിംസിലും പ്രിയങ്കയ്ക്കു സ്വര്‍ണം ലഭിച്ചിരുന്നു. ജുവാന മുര്‍മുവും അറിയപ്പെടുന്ന 400, 400 മീറ്റര്‍ ഹര്‍ഡില്‍സ് താരമാണ്.


400 മീറ്റര്‍ വനിതാ താരങ്ങള്‍ തിരുവനന്തപുരത്തെ ക്യാമ്പ് അവസാനിപ്പിച്ച് ഏഷ്യന്‍ മീറ്റിനുള്ള 400 മീറ്റര്‍ റിലേ ട്രയല്‍സില്‍ പങ്കെടുക്കുന്നതിനായി പട്യാലയിലെത്തിയിട്ടുണ്ട്. എന്നാല്‍, പ്രിയങ്കയും ജുവാനയും നേരത്തെ തന്നെ ക്യാമ്പ് വിട്ടതായാണു വിവരം.

ഈ മാസമാദ്യം മാംഗളൂരില്‍ നടന്ന ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സിനു മുന്നോടിയായി നടന്ന ഉത്തേജകമരുന്നു പരിശോധനയിലും ഇരുവരും പങ്കെടുത്തില്ലെന്നാണു വിവരം. ഏതാണ്ട് 30 ഓളം പ്രമുഖ അത്ലറ്റുകള്‍ ഫെഡറേഷന്‍ കപ്പില്‍ പങ്കെടുത്തിരുന്നില്ല. 2013ല്‍ അശ്വിനി അക്കുഞ്ജി, മന്ദീപ് കൌര്‍, സിനി ജോസ് എന്നിവര്‍ക്കൊപ്പം പ്രിയങ്കയും ജുവാനയും പിടിയിലായിരുന്നു. ഇവര്‍ പിടിയിലാകുമ്പോള്‍ ഇന്ത്യയുടെ പരിശീലകനായിരുന്ന 77കാരന്‍ യൂറി ഒഗറോഡ്നിക് വീണ്ടും ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകുന്നു എന്ന സവിശേഷ സാഹചര്യവും ഇപ്പോഴുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ അത്ലറ്റിക്സ് ഒരിക്കല്‍ക്കൂടി മരുന്നടി ഭീതിയിലാണ് എന്ന് ഉറപ്പായും വിശ്വസിക്കേണ്ടിയിരിക്കുന്നു.

അതിനിടെ, പട്യാലയിലെ സായി കേന്ദ്രത്തില്‍ 34 അത്ലറ്റുകളുടെ സാമ്പിളുകള്‍ നാഡ സംഘം എടുത്തു. ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് 20 അംഗ സംഘത്തെയാണ് ഇന്ത്യ അയയ്ക്കുന്നത്. ഇവരുടെ എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധിക്കണമെന്നതാണ് ചട്ടം. ഇതനുസരിച്ചാണ് ക്യാമ്പ് നടന്ന ഇടങ്ങളിലൊക്കെ പരിശോധന നടക്കുന്നത്. അന്താരാഷ്്ട്ര അസോസിയേഷനും ഇത്തരത്തിലുള്ള പരിശോധനകള്‍ നിരന്തരം നടത്താറുണ്ട്. ഈയിടെ നാഡയും വാഡയും നടത്തിയ സാമ്പിള്‍ ശേഖരണത്തില്‍നിന്ന് പത്തോളം അത്ലറ്റുകള്‍ വിട്ടുനിന്നതായി അനൌദ്യോഗിക വിവരമുണ്ട്. എന്തുകൊണ്ടാണ് ഇവര്‍ വിട്ടുനിന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.