ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടന വേദികള്‍ പ്രഖ്യാപിച്ചു
Tuesday, May 26, 2015 10:57 PM IST
മുംബൈ: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള വേദികള്‍ പ്രഖ്യാപിച്ചു. നാലു ടെസ്റ്റ് മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളും അടങ്ങുന്നതാണ് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഇന്ത്യാ സന്ദര്‍ശനം. അഹമ്മദാബാദ്, ഡല്‍ഹി, നാഗ്പുര്‍, ബാംഗളൂര്‍ എന്നിവിടങ്ങളാണ് ടെസ്റ്റ് മത്സരങ്ങള്‍ക്കു വേദിയാകുന്നത്. ഏകദിന മത്സരങ്ങള്‍ ചെന്നൈ, കാണ്‍പുര്‍, ഇന്‍ഡോര്‍/ഗ്വാളിയര്‍, രാജ്കോട്ട്, മുംബൈ എന്നിവിടങ്ങളില്‍ നടക്കും. കോല്‍ക്കത്ത, മൊഹാലി, ധര്‍മശാല എന്നിവങ്ങളിലാണ് ട്വന്റി-20 മത്സരങ്ങള്‍ നടക്കുന്നത്.

ശ്രീലങ്കന്‍ ടീമിന്റെ അടുത്ത വര്‍ഷത്തെ പര്യടന വേദികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഏഷ്യാ കപ്പിനും ട്വന്റി-20 ലോകകപ്പിനും മുന്നോടിയായി ഫെബ്രുവരിയില്‍ നടക്കുന്ന മൂന്ന് ട്വന്റി-20 മത്സരങ്ങള്‍ക്ക് വിശാഖപട്ടണം, പൂന, ഡല്‍ഹി എന്നിവിടങ്ങള്‍ വേദിയാകും. മത്സരങ്ങളുടെ വേദികളുടെ കാര്യത്തില്‍ റൊട്ടേഷന്‍ സമ്പ്രദായം തിരിച്ചുകൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനമാണ് ഈവര്‍ഷം ഇന്ത്യന്‍ ടീമിനുള്ള പ്രധാന പരമ്പര.


ബിസിസിഐ തലപ്പത്ത് നേതൃമാറ്റമുണ്ടായതിനു പിന്നാലെ നാഗ്പുര്‍, ഗ്വാളിയര്‍, ഇന്‍ഡോര്‍ എന്നീ വേദികള്‍ സ്ഥാനം പിടിച്ചതാണ് ശ്രദ്ധേയമായ മാറ്റം. വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്റെയും മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെയും തലവന്‍മാരായ ശശാങ്ക് മനോഹറും, ജ്യോതിരാദിത്യ സിന്ധ്യയും മുന്‍ ബിസിസിഐ തലവന്‍ എന്‍. ശ്രീനിവാസനുമായി ഉടക്കിയതാണ് ഈ വേദികള്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങള്‍ നഷ്ടപ്പെടാന്‍ കാരണം.

2013 ഐപിഎല്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് വിമര്‍ശനമുയര്‍ത്തിയതാണ് ശശാങ്ക് മനോഹറിനെ ശ്രീനിവാസന് അനഭിമതനാക്കിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവിടങ്ങളില്‍ വലിയ മത്സരങ്ങളൊന്നും നടത്തിയിട്ടില്ല. 2010ലാണ് ഗ്വാളിയര്‍ അവസാനമായി ഒരു അന്താരാഷ്ട്ര മത്സരത്തിനു വേദിയാകുന്നത്. ഇന്‍ഡോറിലാകട്ടെ 2011ലും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.