ഗാംഗുലിയുടെ സ്ഥാനം: തീരുമാനമായില്ലെന്നു ഠാക്കൂര്‍
Tuesday, May 26, 2015 10:55 PM IST
മുംബൈ: മുന്‍ നായകന്‍ സൌരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റിന്റെ താക്കോല്‍ സ്ഥാനങ്ങളിലേക്ക് എത്തുന്നു എന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ വിശദീകരണവുമായി ബിസിസിഐ രംഗത്ത്. ഗാംഗുലിയുടെ കാര്യത്തില്‍ ഇതേവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. ഐപിഎല്‍ ഗവേണിംഗ് കമ്മിറ്റി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപദേശക സമിതി ചെയര്‍മാന്‍, ടീം പരിശീലകന്‍, ടീം ഡയറക്ടര്‍, മാനേജര്‍ എന്നീ സ്ഥാനങ്ങളിലേതെങ്കിലുമൊന്നില്‍ ദാദയെത്തുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍, ഗാംഗുലി ഈ സ്ഥാനങ്ങളില്‍ വരില്ലെന്ന്് ഉറപ്പിക്കാനും ഠാക്കൂര്‍ തയാറായില്ല.

ബംഗ്ളാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരുന്നെങ്കിലും കോച്ചിനെയും ടീം സ്റാഫിനെയും പ്രഖ്യാപിച്ചിരുന്നില്ല.


ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയയുമായി ചര്‍ച്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഠാക്കൂര്‍ പറയുന്നു. ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പരയുടെ കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്തിയ ശേഷം മാത്രമേ പ്രഖ്യാപനമുണ്ടാകൂ -ഠാക്കൂര്‍ പറഞ്ഞു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്-2015 സീസണ്‍ വന്‍ വിജയമായിരുന്നെന്നും വിവാദരഹിതമായ ഒരു സീസണാണ് കഴിഞ്ഞ ദിവസം അവസാനിച്ചതെന്നും ഠാക്കൂര്‍ അവകാശപ്പെട്ടു. മികച്ച സംഘാടനത്തിന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ളയെ അഭിനന്ദിച്ച ഠാക്കൂര്‍, ഐപിഎലിലെ ചില മത്സരങ്ങള്‍ നിരീക്ഷണത്തിലാണെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.