ഗോളടിച്ചടിച്ചു റൊണാള്‍ഡോ, അഗ്യൂറോ, ലൂക്ക ടോണി
ഗോളടിച്ചടിച്ചു റൊണാള്‍ഡോ, അഗ്യൂറോ, ലൂക്ക ടോണി
Tuesday, May 26, 2015 10:52 PM IST
മാത്തുക്കുട്ടി ടി. കൂട്ടുമ്മേല്‍

യൂറോപ്പിലെ ക്ളബ് ഫുട്ബോള്‍ ലീഗ് മത്സരങ്ങള്‍ ഏകദേശം അവസാന പാതയിലെത്തിയിരിക്കുകയാണ്. പ്രമുഖ ലീഗുകളെല്ലാംതന്നെ പൂര്‍ത്തിയായി. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലിഗ്, ജര്‍മന്‍ ബുണ്ടസ് ലിഗ, ഫ്രഞ്ച് ലീഗ് എന്നിവര്‍ പൂര്‍ത്തിയായി. ഇനി ഇറ്റലിയില്‍ മാത്രമാണ് മത്സരങ്ങള്‍ ശേഷിക്കുന്നത്. ഇംഗ്ളണ്ടില്‍ ചെല്‍സിയും സ്പെയിനില്‍ ബാഴ്സലോണയും ജര്‍മനിയില്‍ ബയേണ്‍ മ്യൂണിക്കും ഫ്രാന്‍സില്‍ പിഎസ്ജിയും ഇറ്റലിയില്‍ യുവന്റസും കിരീടം സ്വന്തമാക്കി. ക്ളബ്ബുകളുടെ വിജയത്തിനു ടീം വര്‍ക്കിനു പുറമേ ചില കളിക്കാരുടെ ഗോളടി മികവും പ്രകടമായിരുന്നു. ചിലയിടങ്ങളില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ എത്താനാകാതെ പോയ ക്ളബ്ബുകളിലെ കളിക്കാര്‍ ഗോളടിയില്‍ ആദ്യ സ്ഥാനങ്ങളിലെത്തി തങ്ങളുടെ മികവ് പ്രകടിപ്പിച്ചു. അവരെ അടുത്ത സീസണില്‍ തങ്ങളുടെ പാളയത്തിലെത്തിക്കാനായി വമ്പന്‍ ക്ളബ്ബുകള്‍ വന്‍ തുകയുമായി രംഗത്തെത്തിത്തുടങ്ങി.

ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്

ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ഗോള്‍ വേട്ടയില്‍ ഒന്നാം സ്ഥാനത്ത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റൈന്‍ ഫോര്‍വേഡ് സെര്‍ജിയോ അഗ്യൂറോയാണ്. 33 കളിയില്‍ 26 തവണയാണ് ഈ അര്‍ജന്റൈന്‍ താരം എതിര്‍വല കുലുക്കിയത്. സിറ്റിയുടെ മുന്നേറ്റത്തിന് അഗ്യൂറോ വലിയ പങ്കാണ് വഹിച്ചത്. രണ്ടാം സ്ഥാനത്തുള്ള ടോട്ടനത്തിന്റെ ഹാരി കെയ്ന്‍ 34 മത്സരങ്ങളില്‍ 21 ഗോളുകള്‍ നേടി. പ്രീമിയര്‍ ലീഗ് കിരീടമുയര്‍ത്തിയ ചെല്‍സിയുടെ ഡിയേഗോ കോസ്റ്റയാണ് 20 ഗോളുമായി മൂന്നാം സ്ഥാനത്ത്. അത്ലറ്റികോ മാഡ്രിഡില്‍നിന്ന് ചെല്‍സിയിലെത്തിയ കോസ്റ്റ മികച്ച ഫോമിലായിരുന്നു. 26 കളികളില്‍നിന്നായിരുന്ന കോസ്റ്റയുടെ നേട്ടം. ചെല്‍സിയുടെ ആദ്യമത്സരങ്ങളില്‍ കോസ്റ്റയുടെ ഗോളടിമികവിലായിരുന്നു ചാമ്പ്യന്‍മാരുടെ മുന്നേറ്റം. ഒരുഘട്ടംവരെ കോസ്റ്റയായിരുന്നു ഗോളടിയില്‍ ഒന്നാം സ്ഥാനത്ത്. എന്നാല്‍ മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെ സ്പാനിഷ് താരത്തിനേറ്റ പരിക്കാണ് ഒന്നാം സ്ഥാനത്തുനിന്നുമിറക്കിയത്. നാലാം സ്ഥാനത്തെത്തിയ ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്സിന്റെ ചാര്‍ലി ഓസ്റ്റിന്‍ 35 മത്സരങ്ങളില്‍നിന്ന്് 18 ഗോള്‍ കണ്െടത്തി. പോയിന്റ് നിലയില്‍ ഏറ്റവും അവസാന സ്ഥാനക്കാരായി ക്വീന്‍സ് പാര്‍ക്ക് രണ്ടാം ഡിവിഷനിലേക്കു തരം താഴ്ത്തപ്പെടുകയും ചെയ്തു. 35 കളിയില്‍ 16 ഗോള്‍ നേടിയ ചിലിയന്‍ ഫോര്‍വേഡ് അലക്സിസ് സാഞ്ചസാണ്് അഞ്ചാം സ്ഥാനത്ത്.

ടോപ് 5 ഗോള്‍ വേട്ടക്കാര്‍
സെര്‍ജിയോ അഗ്യൂറോ (മാഞ്ചസ്റ്റര്‍ സിറ്റി)-26, ഹാരി കെയ്ന്‍ (ടോട്ടനം)-21, ഡിയേഗോ കോസ്റ്റ (ചെല്‍സി)-20, ചാര്‍ലി ഓസ്റ്റിന്‍ (ക്വീന്‍സ് പാര്‍ക്ക്)-18 അലക്സിസ് സാഞ്ചസ് (ആഴ്സണല്‍)-16

ഇറ്റാലിയന്‍ സീരി എ

ഗോളടി കുറവ് നടക്കുന്ന ഇറ്റാലിയന്‍ സീരി എ മത്സരങ്ങളില്‍ ഹെലാസ് വെറോണയുടെ മുന്‍ നിര താരം ലൂക്ക ടോണി 37 കളിയില്‍ 21 ഗോളുമായി ഒന്നാസ്ഥാനത്ത് നില്‍ക്കുന്നു. ഇന്റര്‍മിലാന്റെ മുന്‍നിര താരം മൌ റോ ഇക്കാര്‍ഡി 35 കളിയില്‍ 20 ഗോളുമായി രണ്ടാം സ്ഥാനത്തെത്തി. ഇന്ററിനു സീരി എയില്‍ നേട്ടങ്ങളൊന്നും ലഭിച്ചില്ലെങ്കിലും ഇക്കാര്‍ഡിയുടെ ഗോളടി മികവ് മാത്രം ശ്രദ്ധയാകര്‍ഷിച്ചു.

സീരി എ ചാമ്പ്യന്‍മാരായ യുവന്റസിന്റെ അര്‍ജന്റൈന്‍ മുന്നേറ്റനിര താരം കാര്‍ലോസ് ടെവസ് 31 കളിയില്‍ 20 ഗോളുമായി മൂന്നാമതെത്തി. യുവേഫ ചാമ്പ്യന്‍സ് ലീഗിലും ടെവസിന്റെ ഗോളുകള്‍ യുവന്റസിന്റെ ഫൈനല്‍ പ്രവേശനത്തിനു നിര്‍ണായകമായി. സീരി എയില്‍ നാലാം സ്ഥാനത്തെത്തിയ നാപോളിയുടെ മുന്നേറ്റനിരതാരം ഗോണ്‍സാലോ ഹിഗ്വെയ്ന്‍ 36 കളിയില്‍ 16 ഗോളുമായി നാലാം സ്ഥാനത്തെത്തി. അഞ്ചാം സ്ഥാനത്ത് എസി മിലാന്റെ മധ്യനിരതാരം ജെര്‍മി മെനസാണ്. 33 കളിയില്‍ 16 തവണയാണ് ഈ മധ്യനിരക്കാരന്‍ എതിര്‍വല കുലുക്കിയത്.


ടോപ് 5 ഗോള്‍ വേട്ടക്കാര്‍
ലൂക്ക ടോണി (വെറോണ)-21, മൌറോ ഇകാര്‍ഡി (ഇന്റര്‍ മിലാന്‍)-20, കാര്‍ലോസ് ടെവസ് (യുവന്റസ്)-20, ഗോണ്‍സാലോ ഹിഗ്വെയ്ന്‍ (നാപ്പോളി)-16, ജെര്‍മി മെനസ് (എസിമിലാന്‍)-16

ജര്‍മന്‍ ബുണ്ടസ് ലിഗ

മറ്റ് ലീഗുകളില്‍ സ്ട്രൈക്കര്‍മാരാണ് ഗോളടിയില്‍ മുന്നില്‍ നില്ക്കുന്നതെങ്കില്‍ ബുണ്ടസ് ലിഗയില്‍ മധ്യനിരക്കാരും ആദ്യ സ്ഥാനങ്ങളില്‍ ഉണ്ട്. എന്‍ട്രാചറ്റ് ഫ്രാങ്ക്ഫര്‍ട്ടിന്റെ മധ്യനിരതാരം അലക്സാണ്ടര്‍ മിയര്‍ 26 കളിയില്‍ 19 തവണ എതിര്‍വല കുലുക്കി ഗോളടിയില്‍ ഒന്നാംസ്ഥാനത്തെത്തി. ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി, ആര്യന്‍ റോബന്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. മുന്നേറ്റനിരതാരം ലെവന്‍ഡോവ്സ്കി 31 കളിയില്‍നിന്നാണ് 17 ഗോള്‍ നേടിയത്. 21 കളിയില്‍ 17 ഗോള്‍ നേടിയ റോബന് പരിക്കിനെത്തുടര്‍ന്ന് ബയേണിനൊപ്പമുള്ള അവസാന മത്സരങ്ങള്‍ നഷ്ടമായി. 33 കളിയില്‍ 16 ഗോള്‍ നേടിയ ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ മധ്യനിരതാരം പിയറി എമറിക് ഒബാമെയാങ്കാണ് നാലാം സ്ഥാനത്ത്. 21 കളിയില്‍ 16 ഗോളുമായി വൂള്‍സ്ബര്‍ഗിന്റെ ബസ് ദോസ്ത് അഞ്ചാം സ്ഥാനത്തെത്തി.

ടോപ് 5 ഗോള്‍ വേട്ടക്കാര്‍
അലക്സാണ്ടര്‍ മിയര്‍ (ഫ്രാങ്ക്ഫര്‍ട്ട്)-19, റോബര്‍ട്ട് ലെവന്‍ഡോസ്കി (ബയേണ്‍ മ്യൂണിക്)-17, ആര്യന്‍ റോബന്‍ (ബയേണ്‍ മ്യൂണിക്)-17, പിയറി എമറിക് ഒബാമെയാങ്ക് (ബൊറൂസിയ ഡോര്‍ട്മുണ്ട്)-16, ബാസ് ദോസ്ത് (വൂള്‍സ്ബര്‍ഗ്)-16

ഫ്രഞ്ച് ലീഗ് വണ്‍

ഫ്രഞ്ച് ലീഗില്‍ ഒളിമ്പിയാക് ലിയോണിസിന്റെ മുന്നേറ്റനിരതാരം അലക്സാഡ്രെ ലകാസെറ്റ് 33 കളിയില്‍ 27 ഗോളുമായി ഒന്നാംസ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്ത് 38 കളിയില്‍ 21 തവണ എതിര്‍വല കുലുക്കിയ മാഴ്സെയുടെ സ്ട്രൈക്കര്‍ ആന്ദ്രെ പിയറി ജിഗ്നാകാണ്. മൂന്നും നാലും സ്ഥാനങ്ങളില്‍ ചാമ്പ്യന്മാരായ പാരി സന്‍ ഷെര്‍മയിന്റെ സൂപ്പര്‍ താരങ്ങളായ സ്ളാട്ടന്‍ ഇബ്രാഹിമോവിച്ചും എഡിസണ്‍ കവാനിയുമാണ്. ഇബ്രാഹിമോവിച്ച് 24 കളിയില്‍നിന്നാണ് 19 ഗോള്‍ നേടിയത്. കവാനി 35 കളിയില്‍നിന്ന് 18 തവണയും വല കുലുക്കി. ഗോളടിയില്‍ അഞ്ചാം സ്ഥാനത്ത് ഗ്വിന്‍ഗാംപിന്റെ മധ്യനിരതാരം ക്ളൌഡിയോ ബിയുവാണ്. 36 കളിയില്‍ 17 ഗോളുകളാണ് അദ്ദേഹം കണ്െടത്തിയത്.

ടോപ് 5 ഗോള്‍ വേട്ടക്കാര്‍
അലക്സാഡ്രെ ലകാസെറ്റ് (ലിയോണിസ്)-27, ആന്ദ്രെ പിയറി ജിഗ് നാക് (മാഴ്സെ)-21, സ്ളാട്ടന്‍ ഇബ്രാഹിമോവിച്ച് (പിഎസ്ജി)-19, കവാനി (പിഎസ്ജി)-18, ക്ളൌഡിയോ ബിയുവ് (ഗ്വിന്‍ഗാംപ്)-17

സ്പാനിഷ് ലാ ലിഗ

ലാ ലിഗ സീസണ്‍ പൂര്‍ത്തിയായപ്പോള്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരില്‍ ഒന്നാമത് റയലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, രണ്ടാമത് ബാഴ്സലോണയുടെ മെസി. 35 കളിയില്‍ റൊണാള്‍ഡോ 48 ഗോള്‍ നേടി. രണ്ടാമതുള്ള മെസി 38 കളിയില്‍ 43 ഗോളും സ്വന്തമാക്കി. മൂന്നാം സ്ഥാനത്ത് 22 ഗോളുമായി അത്ലറ്റികോ മാഡ്രിഡിന്റെ ആന്റോണി ഗ്രീസ്മാനാണ്. നാലാമത് അത്രതന്നെ ഗോളുള്ള ബാഴ്സലോണയുടെ നെയ്മറും അഞ്ചാമത് 20 ഗോളുമായി സെവിയ്യയുടെ കാര്‍ലോസ് ബാക്കയുമാണ്.

ടോപ് 5 ഗോള്‍ വേട്ടക്കാര്‍
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(റയല്‍)- 48, ലയണല്‍ മെസി (ബാഴ്സലോണ)-43, ആന്റോണി ഗ്രീസ്മാന്‍(അത്ലറ്റികോ മാഡ്രിഡ്)-22, നെയ്മര്‍ (ബാഴ്സലോണ)- 22, കാര്‍ലോസ് ബാക്ക ( സെവിയ്യ)-20
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.