ജയത്തോടെ ചെല്‍സിക്കു കിരീടം
ജയത്തോടെ ചെല്‍സിക്കു കിരീടം
Monday, May 25, 2015 12:48 AM IST
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് കിരീടം ചെല്‍സിക്ക്. ഇന്നലെ നടന്ന അവസാന മത്സരത്തില്‍ സണ്ടര്‍ലന്‍ഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ജയത്തോടെ പ്രീമിയര്‍ ലീഗ് സീസണ്‍ പൂര്‍ത്തിയാക്കിയത്. ചാമ്പ്യന്‍മാര്‍ക്കുവേണ്ടി ഡിയേഗോ കോസ്റ്റ (37), ലോയിസ് റെമി (70,88) എന്നിവര്‍ ഗോള്‍. സ്റ്റീവന്‍ ഫ്ളെച്ചറിലൂടെ (26) സണ്ടര്‍ലന്‍ഡ് ആണ് ആദ്യം മുന്നിലെത്തിയത്. 38 മത്സരങ്ങളില്‍നിന്ന് 87 പോയിന്റുമായാണ് ചെല്‍സി കിരീടം നേടിയത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റര്‍ സിറ്റിക്ക് 38 മത്സരങ്ങളില്‍നിന്ന് 79 പോയിന്റും മൂന്നാം സ്ഥാനത്തുള്ള ആഴ്സണലിന് 75 പോയിന്റുമുണ്ട്. ഈ മൂന്നു ടീമും അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗിനു നേരിട്ടു യോഗ്യത നേടി. നാലാം സ്ഥാനത്തുള്ള മാഞ്ചസ്റര്‍ യുണൈറ്റഡിന് പ്ളേഓഫ് കളിക്കണം.


മറ്റൊരു മത്സരത്തില്‍ ലിവര്‍പൂളിനെ സ്റോക് സിറ്റി ഒന്നിനെതിരെ ആറു ഗോളുകള്‍ക്കു തകര്‍ത്തു. വന്‍ തോല്‍വിയിലും നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡിന്റെ (70) ഏക ഗോള്‍ മാത്രം മികച്ചു നിന്നു. ബ്രിറാം ഡിയോഫ് (22, 26), ജൊനാഥന്‍ വാള്‍ട്ടേഴ്സ് (30), ചാര്‍ലി ആഡം (41), സ്റ്റീവന്‍ എന്‍സോന്‍സി (45), പീറ്റര്‍ ക്രൌച്ച് (88) എന്നിവരാണ് ലിവര്‍പൂളിന്റെ വല നിറച്ചത്. ഹള്‍സിറ്റി-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റര്‍ സിറ്റി സതാംപ്ടണെ അവസാന മത്സരത്തില്‍ 2-0നു പരാജയപ്പെടുത്തി. ആഴ്സണല്‍ വെസ്റ്ബ്രോംവിച്ചിനെ 4-1നും തോല്‍പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.