കിരീടവുമായി ചാവിക്കു സെന്‍ഡ് ഓഫ്
കിരീടവുമായി ചാവിക്കു സെന്‍ഡ് ഓഫ്
Monday, May 25, 2015 12:47 AM IST
ബാഴ്സലോണ: ലാ ലിഗ ചാമ്പ്യന്‍മാരായ ബാഴ്സലോണയെ ഡിപോര്‍ട്ടീവ ലാ കൊറൂണ 2-2ന് സമനിലയില്‍ തളച്ചു. ബാഴ്സലോണയില്‍ തന്റെ അവസാന മത്സരം ജയത്തോടെ പൂര്‍ത്തിയാക്കാമെന്ന നായകന്‍ ചാവിയുടെ മോഹമാണ് സന്ദര്‍ശകര്‍ തല്ലിക്കെടുത്തിയത്. എങ്കിലും കിരീടനേട്ടത്തോടെ ന്യൂകാമ്പ് വിടാനുള്ള ചാവിയുടെ ആഗ്രഹം സഫലമായി. ബാഴ്സയ്ക്കുവേണ്ടി ലയണല്‍ മെസി (5, 56) ഇരട്ടഗോള്‍ നേടിയപ്പോള്‍ കൊറൂണയ്ക്കുവേണ്ടി ലൂകാസ് (67), ഡിയോഗോ സാലമോ (76) എന്നിവര്‍ തിരിച്ചടിച്ചു. ലീഗ് മത്സരം പൂര്‍ത്തിയായപ്പോള്‍ ബാഴ്സയ്ക്കു 94 പോയിന്റുണ്ട്. സമനില നേടിയതോടെ അടുത്ത സീസണിലും ല കൊറൂണയ്ക്കു പ്രീമിയര്‍ ഡിവിഷനില്‍ തന്നെ കളിക്കാം. ചാവിയെ ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്തിയാണ് ബാഴ്സ ഇറങ്ങിയത്. അഞ്ചാം മിനിറ്റില്‍ത്തന്നെ മെസി ബാഴ്സയെ മുന്നിലെത്തിച്ചു. ആദ്യ പകുതി ബാഴ്സയുടെ ലീഡോടെ പൂര്‍ത്തിയായി.


രണ്ടാം പകുതിയിലും മെസി അടിച്ചു. പ്രതിരോധം പൊളിച്ചു കടന്ന നെയ്മര്‍ മെസിക്കു പന്തെത്തിച്ചുകൊടുക്കുകയായിരുന്നു. ബാഴ്സലോണ കൊറൂണയുടെ വലയില്‍ ഗോള്‍ നിറയ്ക്കാന്‍ പോകുകയാണെന്നു തോന്നിച്ച അവസരത്തിലാണ് സന്ദര്‍ശകര്‍ ഗോളടിച്ചു തുടങ്ങിയത്. 67ാം മിനിറ്റില്‍ ലൂക്കാസ് ഒരു ഗോള്‍ മടക്കി. 76ാം മിനിറ്റില്‍ സാലമോ സമനിലയും നേടിക്കൊടുത്തുകൊണ്ട് കൊറൂണയ്ക്ക് ആശ്വാസം നല്‍കി. മറ്റൊരു മത്സരത്തില്‍ ഗ്രനേഡ മൂന്നാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡിനെ ഗോള്‍ രഹിത സമനിലയില്‍ കുടുക്കി. അത്ലറ്റിക്കോയ്ക്ക് 78 പോയിന്റുണ്ട്. വലന്‍സിയയും സെവിയയുമാണ് നാലും അഞ്ചും സ്ഥാനത്ത്. വിയ്യാറയലാണ് ആറാം സ്ഥാനത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.