ബ്ളാറ്റര്‍ക്കു മുന്നില്‍ ഫിഗോയും മുട്ടുമടക്കി
ബ്ളാറ്റര്‍ക്കു മുന്നില്‍ ഫിഗോയും മുട്ടുമടക്കി
Saturday, May 23, 2015 12:20 AM IST
ലിസ്ബണ്‍: ഫിഫ പ്രസിഡന്റു പദത്തിലേക്കുള്ള മത്സരത്തില്‍നിന്നും മുന്‍ പേര്‍ച്ചുഗീസ് താരം ലൂയിസ് ഫിഗോ പിന്‍മാറി. മത്സരരംഗത്തുണ്ടായിരുന്ന ഡച്ച് പ്രതിനിധി മൈക്കല്‍ വാന്‍പ്രാഗ് പിന്‍മാറിയതിനു പിന്നാലെയാണ് ഫിഗോയുടെ നടപടി. ഇതോടെ പ്രസിഡന്റുപദവിയിലേക്കുള്ള പോരാട്ടം നിലവിലെ പ്രസിഡന്റ് സെപ് ബ്ളാറ്ററും ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈനും തമ്മിലായി. ഈ മാസം 29ന് സൂറിച്ചിലാണു തെരഞ്ഞെടുപ്പ്.

മത്സരത്തില്‍നിന്ന് പിന്‍മാറുന്നതായുള്ള തീരുമാനം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫിഗോ പുറത്തുവിട്ടത്. തെരഞ്ഞെടുപ്പില്‍ ജനപങ്കാളിത്തമില്ലാത്തതില്‍ പ്രതിഷേധിച്ചാണ് ഫിഗോയുടെ പിന്‍മാറ്റം.

നഫിഫ തെരഞ്ഞെടുപ്പില്‍ നടക്കുന്നതൊന്നും സാധാരണ കാര്യങ്ങളല്ല. ഫിഫ തലപ്പത്തേക്കുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതില്‍ പൊതുജനങ്ങളുമായി യാതൊരുവിധ ചര്‍ച്ചയും നടക്കുന്നില്ല. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഒരു കായിക ഇനത്തിന്റെ സംഘടനയുടെ തലപ്പത്ത് ആരു വരണമെന്നു തീരുമാനിക്കുന്നതില്‍ പൊതുജനങ്ങളുമായി ചര്‍ച്ച നടത്താത്തത് തന്നെ അദ്ഭുതപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് പ്രചാരണമോ ഭാവി അജണ്ടകളോ വ്യക്തമാക്കാതെ ഒരാള്‍ പ്രസിഡന്റുപദവിയിലെത്തുകയും ചെയ്യുന്നു. എന്തിനുവേണ്ടിയാണ് സ്ഥാനാര്‍ഥികള്‍ക്കു വോട്ട് ചെയ്യുന്നതെന്നുപോലും വോട്ടര്‍മാര്‍ക്ക് അറിയാന്‍ അവകാശമില്ല: പിന്‍മാറ്റം അറിയിച്ചുകൊണ്ട് 42കാരനായ മുന്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരം പറഞ്ഞു.

വോട്ടെടുപ്പിലൂടെയാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. ജയിച്ചു കഴിഞ്ഞാല്‍ പ്രസിഡന്റിന് ചോദ്യംചെയ്യാന്‍ സാധിക്കാത്ത അധികാരവുമുണ്ട്. പിന്നെ എന്തിനാണ് ഇക്കൂട്ടര്‍ പൊതുജന പങ്കാളിത്തം ഭയക്കുന്നത്. പേടിയില്ലാത്തതുകൊണ്ടാണ് ഇത്തരത്തില്‍ സംസാരിക്കാന്‍ സാധിക്കുന്നത്. ഫുട്ബോള്‍ തോറ്റുപോകുന്ന ഇത്തരം സമ്പ്രദായത്തില്‍ മത്സരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും ഫിഗോ കൂട്ടിച്ചേര്‍ത്തു.



ബ്ളാറ്ററെന്ന ആസൂത്രകന്‍



ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫയുടെ കിരീടം വയ്ക്കാത്ത രാജാവാണ് സെപ് ബ്ളാറ്റര്‍ എന്ന സ്വിറ്റ്സര്‍ലന്‍ഡുകാരന്‍. 1998ല്‍ ഫിഫ പ്രസിഡന്റായി സ്ഥാനമേറ്റതു മുതല്‍ വിവാദങ്ങളും ബ്ളാറ്റര്‍ക്കൊപ്പമുണ്ട്. അംഗരാജ്യങ്ങളുടെ വോട്ട് നേടാന്‍ കൈക്കൂലി നല്കിയെന്നതു മുതല്‍ 2022 ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതു വരെ വന്‍ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടവരുത്തിയിരുന്നു. ഇതിനൊപ്പം സാമ്പത്തിക തിരിമറിയും എതിരാളികള്‍ ബ്ളാറ്റര്‍ക്കെതിരേ ഉന്നയിക്കുന്നുണ്ട്.

ഇതൊക്കെയാണെങ്കിലും ശിഥിലമായി കിടന്നിരുന്ന ഫിഫയെ ഇന്നു കാണുന്നതുപോലെ സാമ്പത്തികമായി പുനരുദ്ധരിക്കാന്‍ ഈ 79-കാരനായി. ബ്രസീല്‍ മുതല്‍ മ്യാന്‍മാര്‍ വരെയുള്ള അംഗരാജ്യങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്കുന്നതില്‍ ബ്ളാറ്റര്‍ വിമുഖത കാണിച്ചിട്ടില്ല.

ഇന്ത്യന്‍ ഫുട്ബോള്‍ ഉറങ്ങുന്ന സിംഹമാണെന്നായിരുന്നു ഇവിടം സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്. രാജ്യത്തെ കളിനിലവാരം ഉയര്‍ത്താന്‍ ഫിഫ അണ്ടര്‍-17 ലോകകപ്പുള്‍പ്പെടെ പല പദ്ധതികളും അനുവദിച്ചതില്‍ ബ്ളാറ്ററുടെ പങ്കും നിര്‍ണായകമായി. 29നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ താന്‍ തന്നെ ജയിക്കുമെന്നാണ് ബ്ളാറ്ററുടെ പക്ഷം. ലൂയി ഫിഗോയും ഡച്ച് പ്രതിനിധി മൈക്കല്‍ വാന്‍ പ്രാഗും പിന്‍മാറിയതിനാല്‍ ബ്ളാറ്റര്‍ വിരുദ്ധ വോട്ടുകള്‍ ഒന്നിക്കാനിടയുണ്െടന്ന സൂചനകളും അദ്ദേഹത്തെ ഭയപ്പെടുത്തുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.