ധോണിയുടെ പിടി അയയുന്നു
ധോണിയുടെ പിടി അയയുന്നു
Friday, May 22, 2015 10:36 PM IST
കോല്‍ക്കത്ത: ശ്രീനിവാസന്‍ വാണരുളും കാലം ധോണിക്കും കൂട്ടര്‍ക്കും ആമോദത്തോടെ വസിക്കാമായിരുന്നു. ഇപ്പോഴിതാ ബിസിസിഐയില്‍ ശ്രീനി യുഗത്തിന് ഏതാണ്ട് അവസാനമായതോടെ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആളില്ലാതെയായി, അതോടെ ധോണിയുടെ അപ്രമാദിത്വത്തിനും വിരാമമായി എന്നു വേണം കരുതാന്‍. അതില്‍ ആദ്യ ഉദാഹരണമാവുകയാണ് ഹര്‍ഭജന്‍ സിംഗിന്റെ മടങ്ങിവരവ്. 2012ല്‍ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കുശേഷം ഹര്‍ഭജന്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ല.

മഹേന്ദ്രസിംഗ് ധോണി ടെസ്റ്റില്‍നിന്ന് വിരമിക്കും മുമ്പുള്ള പല ടെസ്റുകളിലും ഹര്‍ഭജന്റെ വരവ് പ്രതീക്ഷിച്ചിരുന്നു. പലപ്പോഴും ധോണിയുടെ ഇടപെടലാണ് ഹര്‍ഭജന്റെ വരവിനെ തടഞ്ഞതത്രേ. എന്നാല്‍, ധോണി ടെസ്റില്‍നിന്ന് വിരമിച്ചതോടെ ഹര്‍ഭജന്റെ വരവ് സംഭവിക്കുകയായിരുന്നു. അതിന് വളമായി ഹര്‍ഭജന്റെ ഐപിഎല്‍ പ്രകടനവും. മുംബൈ ഇന്ത്യന്‍സ് താരമായ ഹര്‍ഭജന്‍ അവരുടെ മുന്നേറ്റത്തില്‍ നിര്‍ണായക സ്വാധീനമാണ് ചെലുത്തുന്നത്. എന്തായാലും ഹര്‍ഭജന്‍ മടങ്ങിവരുമ്പോള്‍ ധോണി ടീമിലില്ല എന്നതു ശ്രദ്ധേയമാണ്. ഒപ്പം ധോണി ക്യാമ്പിലെ സുരേഷ് റെയ്നയ്ക്കും രവീന്ദ്ര ജഡേജയ്ക്കും ടീമില്‍ സ്ഥാനമില്ല. പുതിയ ഒരു ടീമിനെ ഒരുക്കുന്ന തെരക്കിലാണ് ബിസിസിഐ.

ബംഗ്ളാദേശ് പര്യടനത്തില്‍ തനിക്ക് വിശ്രമം വേണമെന്ന് മഹി ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നുവത്രേ. തുടര്‍ച്ചയായ മത്സരങ്ങള്‍ ശാരീരികമായി ക്ഷീണിപ്പിക്കുന്നു എന്നായിരുന്നു ധോണിയുടെ ന്യായം.

എന്നാല്‍, ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ ഇതിനു ധോണിക്കു കൊടുത്ത മറുപടി ശ്രദ്ധേയമാണ്. ഐപിഎലില്‍ കളിക്കുന്നതിന് ശാരീരിക ക്ഷമത പ്രശ്നമല്ലേ എന്ന് ഠാക്കൂര്‍ ചോദിച്ചുവെന്നാണ് പിന്നാമ്പുറ സംസാരം. വിരാട് കോഹ്്ലിയടക്കമുള്ള സീനിയര്‍ താരങ്ങളും ഇതേ ആവശ്യം ഉന്നയിച്ചപ്പോള്‍ ബിസിസിഐയുടെ ഭാഗത്തുനിന്ന് ഇതേ ചോദ്യമുണ്ടായി.


ആദ്യം രാജ്യം പിന്നെ ക്ളബ് എന്ന നിലപാടാണ് താരങ്ങള്‍ക്ക് ആദ്യം വേണ്ടതെന്ന് ബിസിസിഐയിലെ പലരും വാദിക്കുന്നു. ഐപിഎലിലെ ചില മത്സരങ്ങളില്‍നിന്ന് മാറി നിന്നാല്‍ തുടര്‍ച്ചയായ മത്സരങ്ങള്‍ നല്‍കുന്ന ക്ഷീണമകറ്റാമെന്ന സ്വാഭാവിക നിലപാടിന് ഇതോടെ കൈയടിയും ലഭിച്ചു. താരങ്ങളുടെ ആവശ്യം നിരസിച്ചതിനാലാണ് ബംഗ്ളാദേശിലേക്ക് ഇത്തവണ ഒന്നാം നിര താരങ്ങള്‍ പോകാന്‍ കാരണം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മഹേന്ദ്രസിംഗ് ധോണിക്ക് പിഴ എന്ന് കഴിഞ്ഞ എട്ടു സീസണിലും ആരും കേള്‍ക്കാത്ത വാര്‍ത്തയായിരുന്നു.

എന്നാല്‍, മുംബൈ ഇന്ത്യന്‍സിനെതിരായി അമ്പയറുടെ തീരുമാനത്തെ പരസ്യമായി ചോദ്യം ചെയ്ത ധോണിക്ക് മാച്ച് ഫീയുടെ 10 ശതമാനം പിഴ ഒടുക്കേണ്ടിയും വന്നതു പുതുമയായി. താരങ്ങളുടെ അച്ചടക്ക ലംഘനത്തിനെതിരേയും ബിസിസിഐ കര്‍ക്കശ താക്കീതുമായി രംഗത്തെത്തിയത് ശുഭോതര്‍ക്കമാണ്. ഐപിഎല്‍ മത്സരം മഴമൂലം മുടങ്ങിയ പശ്ചാത്തലത്തില്‍ വിരാട് കോഹ്്ലി കാമുകി അനുഷ്കയുമായി വിഐപി ബോക്സിലെത്തി സംസാരിച്ചത് വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി. ഇക്കാര്യത്തില്‍ കോഹ്ലിക്ക് ബിസിസിഐ താക്കീതും നല്‍കി. ഒരു താരവും അച്ചടക്ക നടപടിക്ക് അതീതരല്ല എന്ന നിര്‍ദേശവും ബിസിസിഐ നല്‍കി. മുമ്പില്ലാത്ത പല രീതികളും ബിസിസിഐ തുടങ്ങുന്നത് നല്ലകാര്യമായി വിലയിരുത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.