ബയേണ്‍ ന്യൂകാമ്പില്‍
ബയേണ്‍ ന്യൂകാമ്പില്‍
Wednesday, May 6, 2015 12:14 AM IST
ബാഴ്സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമി ഫൈനലിന്റെ രണ്ടാം മത്സരത്തില്‍ ഇന്ന് തീപാറുന്ന പോരാട്ടം. മുന്‍ ചാമ്പ്യന്‍മാരായ ബാഴ്സലോണയും ബയേണ്‍ മ്യൂണിക്കും ന്യൂകാമ്പില്‍ ഏറ്റുമുട്ടുകയാണ്. സ്വന്തം തട്ടകത്തിലാണ് മത്സരമെന്നത് ബാഴ്സയ്ക്ക് ആത്മവിശ്വാസം നല്കുന്നുണ്ട്. എന്നാല്‍, 2013ലെ കൈപേറിയ അനുഭവത്തിന്റെ ഭീതിയിലായിരിക്കും കറ്റാലന്‍ ടീം ബയേണിനെതിരേ ഇറങ്ങുന്നത്. ഇരുപാദങ്ങളിലുമായി 7-0ന്റെ കനത്ത തോല്‍വിയാണ് പെപ് ഗാര്‍ഡിയോളയുടെ ബാഴ്സ നേരിട്ടത്.

ലോകത്തെ ഏറ്റവും മാരകമായ മുന്നേറ്റനിരയുള്ള ബാഴ്സലോണയാണ് ബയേണിന്റെ ലോക ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ നോയറെ വിഷമിപ്പിക്കുന്നത്. ഒരുകാലത്ത് ബാഴ്സലോണയുടെ എല്ലാമെല്ലാമായിരുന്ന പെപ് ഗാര്‍ഡിയോള തനിക്കു കൂടുതല്‍ വിജയങ്ങള്‍ നല്‍കിയ ന്യൂകാമ്പിലേക്കു ബയേണിന്റെ പരിശീലകക്കുപ്പായത്തില്‍ തിരിച്ചെത്തുകയാണ്. 2013ല്‍ ബാഴ്സലോണയില്‍നിന്ന് ബയേണ്‍ മ്യൂണിക്കിലെത്തിയ ശേഷം ആദ്യമായാണ് ഗാര്‍ഡിയോള ന്യൂ കാമ്പിലെത്തുന്നത്. ബാഴ്സലോണ അദ്ദേഹത്തിന്റെ കീഴില്‍ കളിച്ച നാലു സീസണുകളില്‍ പതിന്നാലു കിരീടങ്ങളാണ് കറ്റാലന്‍ ടീമിന്റെ ഷോക്കേസിലെത്തിയത്. എന്നാല്‍, ബയേണിലെത്തിയശേഷമുള്ള രണ്ടു സീസണുകളില്‍ ടീമിനെ ബുണ്ടസ് ലിഗ ചാമ്പ്യന്മാരാക്കാനായി. അദ്ദേഹത്തിന്റെ കീഴില്‍ ബയേണ്‍ ഇതുവരെ അഞ്ചു കിരീടങ്ങള്‍ നേടിക്കഴിഞ്ഞു. ഇതില്‍ ഈ സീസണിലെ ബുണ്ടസ് ലിഗ കിരീടവും ഉള്‍പ്പെടുന്നു. ഇനി ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് അദ്ദേഹത്തില്‍നിന്ന് ബയേണ്‍ പ്രതീക്ഷിക്കുന്നത്. ബാഴ്സലോണയുടെ പരിശീലകന്‍ ലൂയിസ് എന്റിക്കെയും ഗാര്‍ഡിയോളയും ബാഴ്സയില്‍ ഒരുമിച്ചു കളിച്ചവരാണ്. ഇന്നത്തെ മത്സരത്തിലൂടെ തങ്ങളില്‍ ആരാണ് മികച്ച പരിശീലകന്‍ എന്ന ആരോഗ്യകരമായ പോരാട്ടവും പ്രതീക്ഷിക്കാം. സ്വന്തം സ്റ്റേഡിയത്തില്‍ ബാഴ്സലോണയ്ക്കു ബയേണിനെതിരെ അത്ര മികച്ച റിക്കാര്‍ഡല്ല ഉള്ളത്.

നാലു മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ജര്‍മന്‍ ക്ളബ് ജയിച്ചു. ഒരണ്ണത്തില്‍ മാത്രമേ തോല്‍വി അറിഞ്ഞിട്ടുള്ളൂ. ചാ മ്പ്യന്‍സ് ലീഗില്‍ ഇരുടീമും അവസാനം ഏറ്റുമുട്ടിയത് ന്യൂ കാമ്പില്‍ 2013 മേയ് ഒന്നിനായിരുന്നു. അന്നത്തെ മത്സരത്തില്‍ ബയേണ്‍ 3-0ന് വലിയ ജയം നേടി.

ക്വാര്‍ട്ടര്‍ ഫൈനലില്‍ തകര്‍പ്പന്‍ ജയവുമായാണ് ബാഴ്സലോണയും ബയേണും സെമിയിലെത്തിയത്. ബാഴ്സലോണ രണ്ടു പാദങ്ങളിലുമായി ശക്തരായ പാരി സാന്‍ ഷര്‍മെയ്നെ 5-1ന് പരാജയപ്പെടുത്തി. ബയേണാണെങ്കില്‍ എഫ്സി പോര്‍ട്ടോയോട് ആദ്യ പാദത്തില്‍ 3-1ന്റെ നാണംകെട്ട തോല്‍വിക്കുശേഷം സ്വന്തം സ്റ്റേഡിയം അലയന്‍സ് അരീനയില്‍ നടന്ന രണ്ടാം പാദത്തില്‍ 6-1ന്റെ കൂറ്റന്‍ ജയവും സ്വന്തമാക്കി. ബയേണ്‍ 7-4ന്റെ അഗ്രഗേറ്റില്‍ സെമിയിലേക്കു കുതിക്കുകയായിരുന്നു. ബാഴ്സ അവസാനം കളിച്ച അഞ്ചു മത്സരങ്ങളില്‍ അഞ്ചിലും ജയിച്ചാണ് ഇന്നത്തെ മത്സരത്തിനൊരുങ്ങുന്നത്. ബയേണ്‍ അഞ്ചു മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ജയിച്ചപ്പോള്‍ അവസാനത്തെ രണ്െടണ്ണത്തില്‍ പരാജയപ്പെട്ടു. ഇതില്‍ ജര്‍മന്‍ കപ്പ് സെമിയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനോട് പെനാല്‍റ്റി ഷൂട്ടൌട്ടില്‍ പരാജയപ്പെട്ടതും ഉള്‍പ്പെടുന്നു. ഷൂട്ടൌ


ട്ടില്‍ നാലു ബയേണ്‍ താരങ്ങളുടെ ഷോട്ട് ലക്ഷ്യത്തിലെത്തിയുമില്ല. ബയേണ്‍ കഴിഞ്ഞ ബുണ്ടസ് ലിഗ മത്സരത്തില്‍ ലവര്‍കൂസനോട് 2-0ന് പരാജയപ്പെടേണ്ടിവന്നു. ബയേണിനു ന്യൂ കാമ്പില്‍ മികച്ച റിക്കാര്‍ഡുണ്െടങ്കിലും ബാഴ്സലോണയുടെ നിലവിലെ ഫോം വളരെ മാരകമാണ്. പതിനാറു മത്സരങ്ങളില്‍ പതിനഞ്ചിലും ബാഴ്സ ജയിച്ചു. അവസാന രണ്ടു മത്സരങ്ങളിലും എതിര്‍ വലയില്‍ ഗോള്‍ നിറച്ചുകൊണ്ടായിരുന്ന ബാഴ്സയുടെ പ്രകടനം.

ലയണല്‍ മെസി, ലൂയി സുവാരസ്, നെയ്മര്‍ എന്നിവര്‍ ചേരുന്ന മുന്നേറ്റനിര ഓരോ മത്സരത്തിലും കൂടുതല്‍ കൂടുതല്‍ മാരകമാവുകയുമാണ്. മൂവരും ഗോള്‍ നേടുന്നതിലും വിജയിക്കുന്നുമുണ്ട്. സുവാരസ് തകര്‍പ്പന്‍ ഫോമിലാണെന്നതും കറ്റാലന്‍സിന്റെ ആത്മവിശ്വാസം കൂടുതല്‍ ഉയര്‍ത്തുകയാണ്. ഉറുഗ്വെന്‍ സ്ട്രൈക്കര്‍ക്ക് മെസിയും നെയ്മറും മികച്ച പിന്തുണയാണ് നല്‍കുന്നത്. ഇവരെ തളയ്ക്കാന്‍ യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിരോധ നിരയുള്ള ബയേണിനു വിയര്‍പ്പൊഴുക്കേണ്ടിവരും. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ബയേണ്‍ വഴങ്ങിയത് വെറും 0.48 ശരാശരിയിലുള്ള ഗോള്‍ മാത്രം.

ഇതു ജര്‍മന്‍ ചാമ്പ്യന്‍മാരുടെ പ്രതിരോധത്തിന്റെ കരുത്തു തെളിയിക്കുന്നു. ജെറോം ബോട്ടെംഗ്, ഫിലിപ്പ് ലാം, റഫിഞ്ഞ, മെദി ബെനാറ്റിയ എന്നിവരെ മറികടന്ന് പന്തുമായി കുതിക്കാന്‍ ബാഴ്സയുടെ മുന്നേറ്റ ത്രയം ബുദ്ധിമുട്ടേണ്ടിവരും. ബാസ്റിന്‍ ഷ്വൈന്‍സ്റൈഗര്‍, സാബി അലോന്‍സോ എന്നിവര്‍ മധ്യനിരയില്‍ കരുത്ത് പകരും. ഇതില്‍ ലാമും ഷ്വൈന്‍സ്റൈഗറും കൃത്യതയുള്ള പാസുകള്‍ നല്‍കുന്നതിനും ഗോളടിക്കുന്നതിനും അടിപ്പിക്കുന്നതിനും സമര്‍ഥരാണ്.

ഹാവി മാര്‍ട്ടിനെസ് ഇന്നത്തെ മത്സരത്തില്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ബയേണിന്റെ മുന്നേറ്റനിരയില്‍ ഫ്രാങ്ക് റിബറിയുടെ സേവനം ലഭിക്കില്ല. തോമസ് മ്യൂളര്‍, റോബര്‍ട്ട് ലെവന്‍ഡോവ്സ്കി, തിയാഗോ അല്‍കാന്‍ട്ര എന്നിവര്‍ മുന്നേറ്റനിരയില്‍ കളിക്കും. ലെവന്‍ഡോവ്സ്കിയായിരിക്കും പ്രധാന സ്ട്രൈക്കര്‍. ഇവര്‍ക്കുള്ള മറുപടിയും ബാഴ്സയുടെ പക്കലുണ്ട്. മധ്യനിരയില്‍ കളി മെനയാന്‍ തന്ത്രജ്ഞരായ ആന്ദ്രെ ഇനിയസ്റ, സാവി, ഇവാന്‍ റാകിറ്റിക്, സെര്‍ജിയോ ബുസ്കറ്റ്സ് എന്നിവരും, പ്രതിരോധത്തില്‍ ശക്തി പകരാന്‍ ജെറാഡ് പികെ, ഡാനി ആല്‍വ്സ്, ജോര്‍ഡി ആല്‍ബ, ഹാവിയര്‍ മസ്കരാനോ എന്നിവരുമുണ്ട്.

ചാമ്പ്യന്‍സ് ലീഗില്‍ ബയേണിന്റെ തുടര്‍ച്ചയായ നാലാം സെമി ഫൈനലാണ്. ബയേണിനെകൂടാതെ ബാഴ്സലോണയും (6) റയല്‍ മാഡ്രിഡും (5) മാത്രമേ തുടര്‍ച്ചയായി സെമിയില്‍ കടന്നിട്ടുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.