ഷൂമിയുടെ മകന്‍ മോശക്കാരനല്ല; മൈക് ഷൂമാക്കറിന് ആദ്യകിരീടം
Wednesday, April 29, 2015 12:06 AM IST
ബര്‍ലിന്‍: ഫോര്‍മുല വണ്ണിലെ ഇതിഹാസ താരം മൈക്കല്‍ ഷൂമാക്കറിന്റെ മകനും അത്ര മോശക്കാരനല്ല. അദ്ദേഹത്തിന്റെ നിഴലില്‍നിന്നു പുറത്തുവന്ന് ഷൂമാക്കറുടെ മകന്‍ മൈക് ഷൂമാക്കര്‍ ജൂണിയര്‍ കരിയറിലെ ആദ്യ പ്രധാന കിരീടവിജയം സ്വന്തമാക്കി. തന്റെ കരിയറില്‍ പങ്കെടുത്ത മൂന്നാമത്തെ ഫോര്‍മുല വണ്‍ റേസിലാണ് 16കാരനായ ഷൂമാക്കര്‍ ജൂണിയര്‍ ഈ നേട്ടം കൈവരിച്ചത്. ഒസ്ചെര്‍സ്ളെബിനിലെ 18 ലാപ്പ് ട്രാക്കില്‍ ഫോര്‍മുല ഫോര്‍ മത്സരത്തിലാണ് മൈക് ഷൂമാക്കറിന്റെ കന്നി കിരീടജയം. റേസിന്റെ തുടക്കത്തിലേ ലീഡ് നേടിയ മൈക് പിന്നീട് അതു നിലനിര്‍ത്തുകയായിരുന്നു,


ഈ സീസണിലാണ് ഷൂമാക്കറുടെ മകന്‍ ഫോര്‍മുല ഫോര്‍ റേസില്‍ അരങ്ങേറിയത്. ജര്‍മനിയിലെ അരങ്ങേറ്റത്തില്‍തന്നെ മികച്ച നവാഗത ഡ്രൈവര്‍ക്കുള്ള പുരസ്കാരവും 16കാരന്‍ നേടിയിരുന്നു. അന്ന് ഒമ്പതാം സ്ഥാനത്താണ് മൈക് ഫിനിഷ് ചെയ്തത്. എന്നാല്‍, ഹാനോവറിനും ബെര്‍ലിനും ഇടയിലുള്ള 18 ലാപ്പ് മത്സരത്തില്‍ പിഴവുകളില്ലാതെയാണ് മൈക് ആദ്യ കിരീടത്തിലേക്ക് കാറോടിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.