മലബാര്‍ പ്രീമിയര്‍ ലീഗ് കിരീടം എംഎസ്പി ഡെല്‍റ്റാ ഫോഴ്സിന്
Wednesday, April 29, 2015 12:06 AM IST
മലപ്പുറം: ആക്രമണ ഫുട്ബോളിന്റെ തീവ്രമുഖം തെളിഞ്ഞുകണ്ട മലബാര്‍ പ്രീമിയര്‍ലീഗ് ഫുട്ബോള്‍ ഫൈനലില്‍ ഏകപക്ഷീയമായ മൂന്നു ഗോളിനു മലപ്പുറം സൂപ്പര്‍ ഫൈറ്റേഴ്സിനെ തോല്‍പ്പിച്ചു മലപ്പുറം എംഎസ്പി ഡെല്‍റ്റാഫോഴ്സ് ചാമ്പ്യന്‍മാരായി. വിജയികള്‍ക്കുള്ള ഒരു ലക്ഷം രൂപയും ട്രോഫിയും എംഎസ്പി നേടിയപ്പോള്‍ അമ്പതിനായിരം രൂപയും ട്രോഫിയുമാണ് സൂപ്പര്‍ഫൈറ്റേഴ്സിനു ലഭിച്ചത്. എ പൂളിലെ ഗ്രൂപ്പു ജേതാക്കളായ സൂപ്പര്‍ഫൈറ്റേഴ്സ് ഗ്രൂപ്പ് മത്സരത്തില്‍ എംഎസ്പിയെ രണ്ടിനെതിരേ നാലുഗോളിനു തോല്‍പ്പിച്ചിരുന്നു. അതിനുള്ള മധുരപ്രതികാരം കൂടിയായി എംഎസ്പിയുടെ ഫൈനലിലെ വിജയം.

എഴുപത്തിരണ്ടാം മിനിറ്റിലാണ് എംഎസ്പിയുടെ ആദ്യഗോള്‍ പിറന്നത്. മധ്യനിരയില്‍ നിന്നു പന്തുമായി മുന്നേറിയ ജിംഷാദ് സൂപ്പര്‍ഫൈറ്റേഴ്സ് ബോക്സിന്റെ ഇടതു ഭാഗത്തു നിന്നു തള്ളിക്കൊടുത്ത പന്ത് കൈക്കലാക്കിയ ജിപ്സണ്‍ തകര്‍പ്പന്‍ഷോട്ടിലൂടെ സൂപ്പര്‍ഫൈറ്റേഴ്സിന്റെ വലയിലേക്കു പായിച്ചപ്പോള്‍ ഗോളി സന്ദീപിനു ഒന്നും ചെയ്യനായില്ല. (1-0). ഏഴുമിനിറ്റിനുള്ളില്‍ രണ്ടാമത്തെ ഗോളും വീണു. എതിര്‍പോസ്റിന്റെ വലതു കോര്‍ണര്‍ ഭാഗത്തുനിന്നു പ്രതിരോധക്കാരെ വട്ടംകറക്കിയ ജിംഷാദ് പന്ത് ജിപ്സണിനു കൈമാറി. മുന്നോട്ടുകയറി ജിപ്സണ്‍ ബോക്സില്‍ നിന്നു മാഹിന്‍ പി. ഹുസൈനു പന്ത് കൈമാറി. ഞൊടിയിടയില്‍ മാഹിന്‍ സൂപ്പര്‍ഫൈറ്റേഴ്സ് ഗോള്‍വലയിലേക്കു പന്ത് തിരിച്ചുവിട്ടു. (2-0). തുടരെ തുടരെ രണ്ടു ഗോളുകള്‍ വീണതോടെ സൂപ്പര്‍ഫൈറ്റേഴ്സ് തളര്‍ന്നു. എംഎസ്പിയാകട്ടെ വര്‍ധിതവീര്യത്തോടെ ആഞ്ഞടിക്കുകയായിരുന്നു. എണ്‍പത്തിയെട്ടാം മിനിറ്റില്‍ സൂപ്പര്‍ ഫൈറ്റേഴ്സ് പോസ്റില്‍ തട്ടിതിരിഞ്ഞ പന്ത് ചെന്നെത്തിയത് എംഎസ്പിയുടെ ഗനി അഹമ്മദ് നിഗാമിന്റെ കാലിലേക്ക്. ഒട്ടം താമസിക്കാതെ നിഗാമിന്റെ ഷോട്ടും സൂപ്പര്‍ഫൈറ്റേഴ്സ് ഗോളി സന്ദീപിനെ കീഴടക്കി വലയില്‍ പതിച്ചു. (3-0).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.