2024 ഒളിമ്പിക്സിന് ഇന്ത്യ വേദിയാകില്ല
2024 ഒളിമ്പിക്സിന് ഇന്ത്യ വേദിയാകില്ല
Tuesday, April 28, 2015 11:49 PM IST
ന്യൂഡല്‍ഹി: കായിക ഇന്ത്യ ആകെ കാത്തിരുന്ന കൂടിക്കാഴ്ച ഒടുവില്‍ നിരാശാജനകമായി അവസാനിച്ചു. 2024ലെ ഒളിമ്പിക്സിനു വേദിയാകാനുള്ള താത്പര്യം ഇന്ത്യ അറിയിച്ചില്ല. ഇന്ത്യയിലെത്തിയ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍, 2024 ഒളിമ്പിക്സിനു വേദിയാകാനുള്ള ഇന്ത്യയുടെ താത്പര്യം മോദി, ബാക്കിനെ അറിയിച്ചില്ല. ഇതോടെ 2024 ഒളിമ്പിക്സിനു വേദിയാകാനുള്ള ലേലത്തില്‍ ഇന്ത്യ പങ്കെടുക്കില്ല എന്നുറപ്പായി.

ഇക്കാര്യവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ തന്നെ അദ്ഭുതപ്പെടുത്തുന്നതായി തോമസ് ബാക് പറഞ്ഞു. ഒളിമ്പിക്സിനു വേദിയാകുന്നതിനേക്കുറിച്ച് മോദി തന്നോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്പോര്‍ട്സ് ഉപകരണങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ചാണ് താന്‍ ഇന്ത്യയിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ, സ്പോര്‍ടസ് ഉപകരണങ്ങളുടെ നിര്‍മാണത്തിനും കായിക സാങ്കേതികവിദ്യകളുടെ ആവിഷ്കാരത്തിനുമുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി മോദി ട്വീറ്റ് ചെയ്തു. ലോകത്ത് ഏറ്റവും കൂടുതല്‍ യുവാക്കളുള്ള രാജ്യമാണ് ഇന്ത്യയെന്നും അതുകൊണ്ടുതന്നെ കായികരംഗത്ത് ഇന്ത്യക്കു വലിയ കുതിപ്പ് സാധ്യമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഏതൊരു രാജ്യത്തെയും ജനങ്ങള്‍ക്കും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്പോര്‍ട്സ് വികസിച്ചാല്‍ അതു മാനവികതയെയും സമൂഹത്തെയും ഒന്നിപ്പിക്കാനാകുമെന്ന് മോദി കൂട്ടിച്ചേര്‍ത്തു.

2024 ഒളിമ്പിക്സിന് അഹമ്മദാബാദ് വേദിയാകാനുള്ള അവകാശവാദം ഇന്ത്യയിലെത്തുന്ന തോമസ് ബാക്കിനു മുന്നില്‍ പ്രധാനമന്ത്രി ഉന്നയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെടണമെന്നു കാണിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രതിനിധികള്‍ കേന്ദ്ര കായിക മന്ത്രാലയത്തിനു കത്ത് നല്‍കിയിരുന്നു. ഗുജറാത്തിനുള്ള സമ്മാനമായി പ്രധാനമന്ത്രി ഒളിമ്പിക് വേദി നേടിക്കൊടുക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍, മോദി ഇക്കാര്യം ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ ഒളിമ്പിക് വേദിക്കായുള്ള ഇന്ത്യയുടെ കാത്തിരിപ്പു നീളും. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നേരിട്ട് ഇടപെട്ടാല്‍ ഒരുപരിധിവരെ ഒളിമ്പിക്സ് നടത്തിപ്പിന് തോമസ് ബാക്കിന്റെ പിന്തുണ ലഭിച്ചേക്കുമെന്നായിരുന്നു വിലയിരുത്തല്‍. ആതിഥേയത്വം വഹിക്കാനുള്ള താത്പര്യം സെപ്റ്റംബര്‍ 15നു മുമ്പ് ഔദ്യോഗികമായി എഒസിയെ അറിയിക്കണം. ഇത് നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടാണെന്നു തോമസ് ബാക് പറഞ്ഞു. അതേസമയം, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ മികച്ചതായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ബോസ്റ്റണ്‍, പാരീസ്, റോം, ഹാംബര്‍ഗ് എന്നീ നഗരങ്ങളാണ് ഒളിമ്പിക് വേദിക്കായി രംഗത്തുള്ളത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹികള്‍ ഭാരവാഹികളുമായി തോമസ് ബാക് ചര്‍ച്ച നടത്തി. കായികസംഘടനകളുടെ സ്വയംഭരണാവകാശത്തിനു മേലുള്ള കടന്നുകയറ്റത്തിനു വഴിയൊരുക്കുന്നതാണ് സര്‍ക്കാരിന്റെ കായികബില്‍ എന്നു ഭാരവാഹികള്‍ തോമസ് ബാക്കിനോടു പറഞ്ഞു. ബില്ലുമായി ബന്ധപ്പെട്ടുള്ള ആശങ്ക പരിഹരിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് തോമസ് ബാക് പ്രധാനമന്ത്രിയോട് ആവശ്യപ്പെടണമെന്നും ഐഒഎ ഭാരവാഹികള്‍ പറഞ്ഞു. 14 മാസത്തെ സസ്പെന്‍ഷനുശേഷം മികച്ച രീതിയില്‍ പ്രവര്‍ത്തനം തുടരുന്ന ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ തോമസ് ബാക് അഭിനന്ദിച്ചു. ഐഒഎയ്ക്കെതിരേ തെരഞ്ഞെടുപ്പ് ക്രമക്കേട്, അഴിമതി തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ 2012ലാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ ഐഒസി സസ്പെന്‍ഡ് ചെയ്തത്. ഐഒഎ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ സോണോവാളുമായും തോമസ് ബാക് ചര്‍ച്ച നടത്തി. ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു. കേന്ദ്ര കായിക സെക്രട്ടറി അജിത് ശരണും സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ ഇഞ്ചേതി ശ്രീനിവാസും ചര്‍ച്ചയില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിയും ഒളിമ്പിക് മെഡല്‍ ജേതാവുമായ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡും ചര്‍ച്ചയില്‍ ഭാഗമായി. 2013ല്‍ തോമസ് ബാക് ഐഒസിയുടെ തലപ്പത്തെത്തിയ ശേഷം ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.