കുലുങ്ങാതെ ചെന്നൈപ്പട
കുലുങ്ങാതെ ചെന്നൈപ്പട
Sunday, April 26, 2015 12:55 AM IST
ചെന്നൈ: ധോണിപ്പട നിറഞ്ഞാടിയപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് തവിടുപൊടി. 97 റണ്‍സിന്റെ കൂറ്റന്‍ ജയത്തോടെ നെറ്റ്റണ്‍റേറ്റില്‍ രാജസ്ഥാന്‍ റോയല്‍സിനെ പിന്തള്ളി ഒന്നാമതെത്താനും ചെന്നൈക്കായി. ആറുകളികള്‍ പൂര്‍ത്തിയാക്കിയ ചെന്നൈക്ക് 10 പോയിന്റുണ്ട്. സ്കോര്‍: ചെന്നൈ മൂന്നിന് 192, പഞ്ചാബ് ഒമ്പതിന് 95.

വലിയ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ കിംഗ്സിനു ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. വെടിക്കെട്ടു നടത്തുമെന്നു പ്രതീക്ഷിച്ച വീരേന്ദര്‍ സെവാഗ് നേരിട്ട രണ്ടാംപന്തില്‍ തന്നെ പുറത്ത്. ഈശ്വര്‍ പാണ്ഡെക്കായിരുന്നു വിക്കറ്റ്. കളിയുടെ പോക്ക് എങ്ങോട്ടെന്ന് ഈ പുറത്താകലില്‍ തന്നെ വ്യക്തം. പിന്നാലെ ബാറ്റ്സ്മാന്‍മാരും സെവാഗിന്റെ പാത പിന്തുടര്‍ന്നപ്പോള്‍ ആതിഥേയരുടെ ജയം അനായാസമായി. 34 റണ്‍സെടുത്ത മുരളി വിജയ് മാത്രമാണ് അല്പമെങ്കിലും ചെറുത്തുനിന്നത്. ചെന്നൈക്കായി രവീന്ദ്ര ജഡേജ മൂന്നുവിക്കറ്റ് വീഴ്ത്തി.


ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്കായി ബ്രെണ്ടന്‍ മക്കല്ലവും (44 പന്തില്‍ 66) ഡ്വയ്ന്‍ സ്മിത്തും (26) തകര്‍പ്പന്‍ തുടക്കമാണ് നല്കിയത്. അഞ്ചാംഓവറില്‍ സ്മിത്ത് പുറത്താകുമ്പോള്‍ സ്കോര്‍ 50 പിന്നിട്ടിരുന്നു. പിന്നീടെത്തിയ സുരേഷ് റെയ്നയും കിംഗ്സ് ബൌളര്‍മാരെ പ്രഹരിച്ചതോടെ റണ്‍സൊഴുകി.

12-ാം ഓവറില്‍ മക്കല്ലം പുറത്തായി. പിന്നാലെയെത്തിയ നായകന്‍ ധോണി (27 പന്തില്‍ 41) അവസാന ഓവറുകളില്‍ വെട്ടിക്കെട്ടിനു തീകൊളുത്തിയതോടെ ചെന്നൈ മികച്ച സ്കോറിലെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.