കിരീടമുറപ്പിക്കാന്‍ ചെല്‍സി
കിരീടമുറപ്പിക്കാന്‍ ചെല്‍സി
Sunday, April 26, 2015 12:59 AM IST
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ. പ്രീമിയര്‍ ലീഗ് കിരീടം ലക്ഷ്യമാക്കി കുതിക്കുന്ന ചെല്‍സി ആഴ്സണലുമായി കൊമ്പുകോര്‍ക്കും. ജയിച്ചാല്‍ നീലപ്പടയ്ക്കു കിരീടം ഉറപ്പിക്കാം. സ്വന്തം കാണികളുടെ മുന്നില്‍ കളിക്കുന്ന പീരങ്കിപ്പട തുടര്‍ച്ചയായ എട്ടു മത്സരങ്ങളില്‍ തോല്‍വിയറിയാതെ കുതിപ്പിലാണ്. രാത്രി 8.30നാണ് മത്സരം. ചെല്‍സി പരിശീലകന്‍ ഹൊസെ മൌറിഞ്ഞോയും ആഴ്സണലിന്റെ ആഴ്സന്‍ വെംഗറും തമ്മിലുള്ള പോരാട്ടം കൂടിയാണ് ഇന്നത്തേത്. പന്ത്രണ്ട് തവണ മൌറിഞ്ഞോയും വെംഗറും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. വെംഗര്‍ക്ക് ഒരു ജയം പോലും നേടാനായിട്ടില്ല.

വെംഗര്‍ തന്റെ ശത്രുവല്ല, അദ്ദേഹവും ലണ്ടന്‍ നഗരത്തിലെ വലിയൊരു ക്ളബ്ബിന്റെ പരിശീലകനാണ്- മൌറിഞ്ഞോ പറഞ്ഞു. ഒരേ ലക്ഷ്യത്തോടെ വലിയൊരു ക്ളബ്ബിന്റെ പരിശീലകരായിരിക്കുന്നവരാണ് തങ്ങള്‍. അതുകൊണ്ട് ചെറിയ തോതില്‍ ശത്രുത ഉണ്ടാകാം. വെംഗര്‍ക്കെതിരേയുള്ള തന്റെ റിക്കാര്‍ഡില്‍ താന്‍ അഹങ്കരിക്കുന്നില്ല. തന്റെ ലക്ഷ്യം ഇന്നത്തെ മത്സരം ജയിക്കുകയാണ്. ഇതിനു മുമ്പുള്ള പന്ത്രണ്ട് മത്സരങ്ങളുടെ ഫലം ഇവിടെ പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പരിക്കില്‍നിന്നു ഭേദമായ ദിദിയേ ദ്രോഗ്ബ കളിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, പരിക്കില്‍നിന്നു മുക്തരാകാത്ത ഡിയാഗോ കോസ്റ്റ, ലോയിസ് റെമി എന്നിവരുടെ കാര്യം സംശയമാണ്. 2003 മുതല്‍ 2011 വരെ ആഴ്സണലിന്റെ പ്രധാന താരമായിരുന്നു സെസ് ഫാബ്രിഗസ് ചെല്‍സിയുടെ കുപ്പായത്തില്‍ ഇന്നിറങ്ങും. 2011ല്‍ ഫാബ്രിഗസ് ബാഴ്സലോണയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ചെല്‍സി സ്പാനിഷ് താരത്തെ തിരിച്ച് ഇംഗ്ളണ്ടിലേക്കു കൊണ്ടുവരുകയായിരുന്നു. ചെല്‍സിക്കൊപ്പം കളിക്കുന്ന ഫാബ്രിഗസിനെ ബഹുമാനത്തോടെ സ്വീകരിക്കണമെന്ന് ആഴ്സണല്‍ ആരാധകരോട് വെംഗര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


പീരങ്കിപ്പടയ്ക്ക് ഇന്നത്തെ മത്സരത്തില്‍ ജയിക്കാനായാല്‍ കിരീടപോരാട്ടം കൂടുതല്‍ സജീവമാകും. നിലവില്‍ ആഴ്സണലിന് ചെല്‍സിയുമായി പത്ത് പോയിന്റ് വ്യത്യാസമാണുള്ളത്. എന്നാല്‍ വ്യത്യാസം കുറയ്ക്കാമെന്ന പ്രതീക്ഷകളാണ് വെംഗര്‍ക്കുള്ളത്.

ചെല്‍സിക്കു 32 മത്സരങ്ങളില്‍ 76 പോയിന്റും ആഴ്സണലിന് അത്രതന്നെ മത്സരങ്ങളില്‍ 66 പോയിന്റുമുണ്ട്. മറ്റൊരു മത്സരത്തില്‍ മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റര്‍ യുണൈറ്റഡ് എവര്‍ട്ടണിനെ നേരിടും. ചെല്‍സിയും ആഴ്സണലും ഇതുവരെ 169 മത്സരങ്ങളില്‍ എതിരിട്ടു. ഇതില്‍ ആഴ്സണല്‍ 66 ജയം നേടിയിട്ടുണ്ട്. ചെല്‍സിക്ക് 55 ജയവും. 48 മത്സരം സമനിലയാകുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റര്‍ യുണൈറ്റഡ് എവര്‍ട്ടണിനെ നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.