മുംബൈ വീണ്ടും വിജയപാതയില്‍
മുംബൈ വീണ്ടും വിജയപാതയില്‍
Sunday, April 26, 2015 12:54 AM IST
മുംബൈ: ബൌളര്‍മാരുടെ കഠിനാധ്വാനം മുംബൈ ഇന്ത്യന്‍സിനെ കാത്തു. ഐപിഎലിലെ നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ 20 റണ്‍സിനായിരുന്നു മുംബൈ ഹൈദാബാദിനെ തുരത്തിയത്. 158 റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ മുംബൈയുടെ ജയം ഉറപ്പിച്ചത് ഏഴു വിക്കറ്റ് പങ്കിട്ട പേസര്‍മാരായ ലസിത് മലിംഗയും മിച്ചല്‍ മക്ളാഷനുമാണ്. സ്കോര്‍: മുംബൈ എട്ടിന് 157, ഹൈദരാബാദ് എട്ടിന് 137. നാലു വിക്കറ്റെടുത്ത ലസിത് മലിംഗയാണ് കളിയിലെ താരം.

ജയിച്ചെങ്കിലും ഏഴു കളികളില്‍നിന്നും നാലു പോയിന്റുള്ള മുംബൈ അവസാനസ്ഥാനത്താണ്. എങ്കിലും വരും മത്സരങ്ങളില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ മുംബൈക്കു ഇത് കൂടുതല്‍ കരുത്തേകും.

ബാറ്റ്സ്മാന്‍മാരെ തുണയ്ക്കുന്ന വാങ്കഡെയില്‍ വലിയ ലക്ഷ്യമായിരുന്നില്ല 158 റണ്‍സെന്നത്. ഓപ്പണര്‍മാര്‍ മികച്ച തുടക്കവും നല്കി. മുംബൈയില്‍ ഉദിച്ചുയരാന്‍ അത് മാത്രം പോരായിരുന്നു. ശിഖര്‍ ധവാന്റെ തകര്‍ത്തടിക്കുശേഷം വന്ന ബാറ്റ്സ്മാന്‍മാര്‍ കാര്യമായൊന്നും ചെയ്യാത്തതാണ് ഹൈദരാബാദിനെ തളര്‍ത്തിയത്.

29 പന്തില്‍ 42 റണ്‍സെടുത്ത ധവാനൊഴിച്ചുള്ളവര്‍ക്ക് ഹൈദരാബാദ് നിരയില്‍ തിളങ്ങാനായില്ല. കെ.എല്‍. രാഹുല്‍ (25), രവി ബൊപ്പാര (23) എന്നിവര്‍ക്ക് തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനുമായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ആതിഥേയ ബൌളര്‍മാര്‍ സണ്‍റൈസേഴ്സിനെ സമ്മര്‍ദത്തിലാക്കുകയും ചെയ്തു. മലിംഗയെറിഞ്ഞ 19-ാം ഓവറില്‍ മൂന്നു വിക്കറ്റുകളാണ് വീണത്. മക്ളാഷന്റെ ഇടംകൈയന്‍ പേസ് ബൌളിംഗാണ് ഹൈദരാബാദ് മുന്‍നിരയെ തകര്‍ത്തത്. രണ്ടക്കം കടന്ന ഹൈദരാബാദിന്റെ നാലില്‍ മൂന്നു ബാറ്റ്സ്മാന്‍മാരെയും പുറത്താക്കിയത് ഈ കിവി താരമാണ്.


നേരത്തേ പതിഞ്ഞതെങ്കിലും മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ലെന്‍ഡല്‍ സിമ്മണ്‍സും (51) പാര്‍ഥിവ് പട്ടേലും(17) മുംബൈക്കു നല്കിയത്. വിന്‍ഡീസ് വീര്യം ആവാഹിച്ച സിമ്മണ്‍സായിരുന്നു ആക്രമണകാരി. പവര്‍പ്ളേയുടെ അവസാന ഓവറില്‍ 42 റണ്‍സ് പിന്നിട്ട ഓപ്പണിംഗ് കൂട്ടുകെട്ട് ഡെയ്ല്‍ സ്റെയ്ന്‍ പൊളിച്ചു. രണ്ട് ഓവറുകള്‍ക്കുശേഷം പ്രവീണ്‍കുമാര്‍ അഞ്ചുറണ്‍സെടുത്ത ഉന്മുക് ചന്ദിനെയും തിരിച്ചയച്ചതോടെ രണ്ടിന് 49 റണ്‍സെന്ന നിലയിലായി മുംബൈ.

രോഹിത് ശര്‍മ ക്രീസിലെത്തിയതോടെയാണ് ആതിഥേയര്‍ ട്രാക്കിലായത്. സിമ്മണ്‍സിനൊപ്പം 51 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ രോഹിത്തിനായി. 13-ാം ഓവറില്‍ സിമ്മണ്‍സിനെ സ്റെയ്ന്‍ വീഴ്ത്തി. തൊട്ടടുത്ത ഓവറില്‍ രോഹിതും മടങ്ങി. 15 പന്തില്‍ 24 റണ്‍സായിരുന്നു നായകന്റെ സമ്പാദ്യം. കപ്പിത്താനെ നഷ്ടപ്പെട്ടതോടെ മുംബൈ ആടിയുലഞ്ഞു. പിന്നാലെ എത്തിയവര്‍ക്കാകട്ടെ റണ്‍നിരക്കുയര്‍ത്താന്‍ സാധിച്ചതുമില്ല. കെയ്റണ്‍ പൊളാര്‍ഡിന്റെ കൂറ്റന്‍ അടികള്‍ പ്രതീക്ഷിച്ചവര്‍ക്കും നിരാശയായിരുന്നു ഫലം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.