ചാമ്പ്യന്‍സ് ലീഗില്‍ തീപാറും രണ്ടാംപാദം
ചാമ്പ്യന്‍സ് ലീഗില്‍ തീപാറും രണ്ടാംപാദം
Tuesday, April 21, 2015 11:38 PM IST
ബാഴ്സലോണ/മ്യൂണിക്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാംപാദ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്നും നാളെയും. ബാഴ്സലോണ പാരി സാന്‍ ഷര്‍മയിനെതിരെയും ബയേണ്‍ മ്യൂണിക്ക്, പോര്‍ട്ടോക്കെതിരെയും ഇറങ്ങുമ്പോള്‍ ആദ്യത്തെ രണ്ടു സെമി ഫൈനലിസ്റുകള്‍ ആരെന്ന് ഇന്നറിയാം. ബാഴ്സലോണയും പോര്‍ട്ടോയും ആദ്യ പാദ ക്വാര്‍ട്ടറില്‍ ജയിച്ച ആത്മവിശ്വാസവുമായാണ് രണ്ടാം പാദത്തിനിറങ്ങുന്നത്.

ബാഴ്സലോണ-പിഎസ്ജി

പിഎസ്ജിയെ അവരുടെ തട്ടകത്തില്‍വച്ച് ഒന്നിനെതിരേ മൂന്നു ഗോളിന് കീഴടക്കിയ ആത്മവിശ്വാസമാണ് സ്വന്തം തട്ടകത്തില്‍ ബാഴ്സയുടെ കരുത്ത്. എവേ മത്സരത്തില്‍ 3-1നാണ് ബാഴ്സ ഫ്രഞ്ച് കരുത്തായ പിഎസ്ജിയെ കശക്കിയത്. ന്യൂകാമ്പില്‍ അവസാനം നടന്ന 31 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ബാഴ്സ ഒരിക്കല്‍മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂവെന്നതും കറ്റാലന്‍ ടീമിന്റെ കരുത്ത് തെളിയിക്കുന്നു. എന്നാല്‍, ആദ്യ പാദത്തില്‍ വിലക്ക് നേരിടുകയായിരുന്ന പിഎസ്ജി സ്റ്റാര്‍ സ്ട്രൈക്കര്‍ സ്ളാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെയും മധ്യനിരതാരം മാര്‍ക്കോ വെറാട്ടിയുടെയും തിരിച്ചുവരവ് പാരീസ് ടീമിന് ആശ്വാസം നല്‍കുന്നു. അതേസമയം, പരിക്കിനെത്തുടര്‍ന്ന് നായകന്‍ തിയാഗോ സില്‍വയും തിയാഗോ മോട്ടയും ബാഴ്സയ്ക്കെതിരെ ഇറങ്ങില്ല. ആദ്യപാദമത്സരത്തിലാണ് ബ്രസീലിയന്‍ താരം തിയാഗോ സില്‍വയ്ക്കു പരിക്കേറ്റത്.

ആദ്യപാദത്തില്‍ ബാഴ്സ താരം ജെറമി മത്തേയുവിന്റെ സെല്‍ഫ് ഗോള്‍ പിഎസ്ജിക്ക് ന്യൂകാമ്പില്‍ ചെറിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. മത്സരത്തില്‍ ബാഴ്സയെ കുറഞ്ഞത് എതിരില്ലാത്ത മൂന്നു ഗോളിനു പരാജയപ്പെടുത്തിയാല്‍ പിഎസ്ജിക്ക് അവസാന നാലിലെത്താം. അല്ലെങ്കില്‍ തുടര്‍ച്ചയായ മൂന്നാം തവണയും പിഎസ്ജിക്ക് സെമി കാണാതെ പുറത്തേക്കു പോകേണ്ടിവരും. സ്പാനിഷ് ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ബാഴ്സ മികച്ച ഫോമിലാണ്. ലാ ലിഗയില്‍ അവര്‍ ഒന്നാം സ്ഥാനത്തു തുടരുകയാണ്. ആദ്യപാദത്തില്‍ രണ്ടു ഗോള്‍ നേടിയ ലൂയി സുവാരസിന്റെയും ബാഴ്സയ്ക്കുവേണ്ടി നാനൂറ് ഗോള്‍ തികച്ച ലയണല്‍ മെസി, നെയ്മര്‍ എന്നിവരുടെയും ഫോമാണ് ബാഴ്സയുടെ ശക്തി. ഫ്രഞ്ച് ലീഗില്‍ കഴിഞ്ഞ മത്സരത്തില്‍ നൈസിനെതിരെ നേടിയ ജയം തങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്െടന്ന് പിഎസ്ജി പ്രതിരോധതാരം മാര്‍ക്വിനോസ് പറഞ്ഞു. ന്യൂകാമ്പിലെ മത്സരം കഠിനമായിരിക്കും. വിജയം ലക്ഷ്യമാക്കിത്തന്നെയാണ് തങ്ങള്‍ അവിടെയെത്തുന്നത്- അദ്ദേഹം പറഞ്ഞു. തിയാഗോ സില്‍വയ്ക്കു കളിക്കാനാകുമെന്ന് കരുതുന്നതായി അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സില്‍വയുടെ ഇടതു തുടയിലെ പരിക്ക് അത്ര മാരകമല്ലെന്നു കരുതുന്നതായും മാര്‍ക്വിനോസ് പറഞ്ഞു.


ബയേണ്‍ മ്യൂണിക്-പോര്‍ട്ടോ

ബയേണ്‍ മ്യൂണിക് ഗോള്‍ കീപ്പര്‍ മാനുവല്‍ നോയര്‍ പറഞ്ഞതു പോലെ ബയേണിന്റെ സീസണിലെ ഏറ്റവും വലിയ മത്സരമാണ് നടക്കുന്നത്. എഫ്സി പോര്‍ട്ടോയ്ക്കെതിരേ അനായാസ ജയം പ്രതീക്ഷിച്ച് ആദ്യപാദത്തിനിറങ്ങിയ ബയേണിനു പക്ഷേ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് കീഴടങ്ങേണ്ടിവന്നു. പോര്‍ട്ടോയ്ക്കെതിരെ സ്വന്തം തട്ടകം അലിയന്‍സ് അരീനയിലെ കാണികളുടെ മുന്നില്‍ കളിക്കുന്ന ബയേണിനു തങ്ങളുടെ സൂപ്പര്‍ താരങ്ങളുടെ പരിക്കാണ് തലവേദനയാകുന്നത്. ഫ്രാങ്ക് റിബറി, ആര്യന്‍ റോബന്‍, ഡേവിഡ് ആല്‍ബ എന്നിവരുടെ പരിക്കു ഭേദമായിട്ടില്ല. ജെറോം ബോട്ടെംഗ്, ഫിലിപ്പ് ലാം, നോവര്‍ എന്നിവര്‍ ഇന്നത്തെ മത്സരത്തില്‍ മഞ്ഞക്കാര്‍ഡ് കണ്ടാല്‍ പുറത്തുപോകേണ്ടിയും വരും. ഇന്നത്തെ മത്സരത്തില്‍ സ്വന്തം കാണികളുടെ മുന്നില്‍ കളിക്കുന്നതിന്റെ ആനുകൂല്യം ബയേണിനുണ്െടങ്കിലും വന്‍ ജയം നേടിയാല്‍ മാത്രമേ ബയേണിനു തുടര്‍ച്ചയായ നാലാം തവണയും സെമിയില്‍ കടക്കാനാകൂ.

സീസണിലെ ഏറ്റവും വലിയ മത്സരമാണിതെന്നും ടീം മികച്ച പ്രകടനത്തിന് ഒരുങ്ങിയിരിക്കുകയാണെന്നും നോയര്‍ പറഞ്ഞു. ഇതാണ് ഫൈനല്‍, ഞങ്ങള്‍ക്കു വലിയ പ്രകടനത്തിന്റെ ആവശ്യമുണ്ട്. എനിക്കു കളിക്കാരിലുള്ള വിശ്വാസം നഷ്ടമായിട്ടില്ല -പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള പറഞ്ഞു. ഈ സീസണിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ബയേണ്‍ സ്വന്തം ഗ്രൌണ്ടില്‍ പരാജയപ്പെട്ടിട്ടില്ല.

തങ്ങള്‍ സ്വന്തം ഗ്രൌണ്ടില്‍ വലിയ ജയമാണ് നേടിയതെന്നും അതേപോലുള്ള പ്രകടനം മ്യൂണിക്കിലും ആവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്നു പോര്‍ട്ടോ താരം യാസിന്‍ ബ്രഹിമി പറഞ്ഞു. പോര്‍ട്ടോയ്ക്കു ജയിക്കാനായാല്‍ 2003-04നുശേഷമുള്ള ആദ്യത്തെ സെമി പ്രവേശനമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.