ക്രിക്കറ്റിന്റെ അപ്രമാദിത്വം അവസാനിക്കുന്നു!
Saturday, April 18, 2015 11:52 PM IST
കോല്‍ക്കത്ത: ക്രിക്കറ്റിന് അതിന്റെ മായികത്വം നഷ്ടപ്പെടുന്നുവോ? കഴിഞ്ഞ കുറേക്കാലങ്ങളായി കായികവിദഗ്ധര്‍ക്കിടയില്‍ മാത്രം കേട്ടിരുന്ന ചോദ്യത്തിന് ഇപ്പോള്‍ ശബ്ദം ഉയര്‍ന്നിരിക്കുന്നു. കണക്കുകള്‍ പരിശോധിച്ചാല്‍ ക്രിക്കറ്റിന് അതിന്റെ അപ്രമാദിത്വം നഷ്ടപ്പെടുന്നു എന്നു തന്നെയാണ് ഉത്തരം. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ ഗ്രൂപ്പ് എം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഫുട്ബോള്‍, ടെന്നീസ്, ഹോക്കി എന്തിനു കബഡി വരെയും കുറഞ്ഞ കാലത്തിനുള്ളില്‍ ക്രിക്കറ്റിനേക്കാള്‍ പ്രചാരം നേടിയിട്ടുണ്ട്.

കണക്കുകള്‍ പ്രകാരം 2013ല്‍ 508 കോടിയായിരുന്ന ക്രിക്കറ്റിന്റെ ഗ്രൌണ്ട് സ്പോണ്‍സര്‍ഷിപ്പ് കഴിഞ്ഞവര്‍ഷം 464 കോടിയിലേക്ക് ഇടിഞ്ഞു. ടീം സ്പോണ്‍സര്‍ഷിപ്പാകട്ടെ 389 കോടിയില്‍നിന്നും 2014ല്‍ 348 കോടിയിലേക്കു വീണു. രാജ്യത്ത് കായിക വ്യവസായത്തില്‍ പത്തു ശതമാനം വര്‍ധനവുണ്ടായപ്പോഴാണു ക്രിക്കറ്റിന്റെ ഈ വീഴ്ച. രാജ്യത്തെ കായിക വ്യവസായത്തില്‍ ആഗോളഭീമന്‍മാര്‍ പണമിറക്കാന്‍ തയാറായപ്പോള്‍ 2013ല്‍ 4372 കോടിയുടെ വ്യവസായം നടന്നത് 2014ല്‍ 4810 കോടിയിലേക്ക് കുതിച്ചു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദയമാണ് ക്രിക്കറ്റിന് ഇത്രയും തിരിച്ചടി നല്‍കിയത്. ഇതിനൊപ്പം കബഡിക്കും ഹോക്കിക്കും പ്രീമിയര്‍ ലീഗ് ടൂര്‍ണമെന്റുകളും ഒരുങ്ങിയതോടെ ക്രിക്കറ്റിന്റെ കാര്യം കയ്യാലപ്പുറത്തെ തേങ്ങയുടെ അവസ്ഥയായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സര്‍ഷിപ്പിന്റെ കണക്കെടുക്കുമ്പോഴാണ് തകര്‍ച്ചയുടെ ആഴത്തിനു വ്യക്തത വരുന്നത്. 2013ല്‍ മല്‍സരത്തിന് 3.33 കോടി നല്‍കാന്‍ തയാറായിരുന്ന എയര്‍ടെല്ലില്‍നിന്ന് 2014ല്‍ സ്റ്റാര്‍ ഗ്രൂപ്പ് സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത് രണ്ടു കോടി രൂപയ്ക്കാണ്. തുക കുറഞ്ഞതിലുപരി സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാന്‍ രണ്ടു കമ്പനികള്‍ (സ്റ്റാര്‍, മൈക്രോമാക്സ്) മാത്രമാണ് ഉണ്ടായിരുന്നതെന്ന് അറിയുമ്പോഴാണ് മറ്റു കളികള്‍ക്കു ലഭിക്കുന്ന പ്രധാന്യം വ്യക്തമാവുക.

അതേസമയം അംബാനിയും മര്‍ഡോക്കുമടക്കമുള്ള കോടീശ്വരന്‍മാരുടെ വന്‍നിര കാല്‍പ്പന്തുകളിയിലേക്ക് കണ്ണെറിഞ്ഞപ്പോള്‍ ഇന്ത്യയിലെ ഫുട്ബോള്‍ വ്യവസായത്തിനു സംഭവിച്ചത് 227 ശതമാനത്തിന്റെ കുതിപ്പായിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ളിക്കായതോടെ മുന്‍ വര്‍ഷം 26 കോടിയായിരുന്ന ടീം സ്പോണ്‍സര്‍ഷിപ്പ് കഴിഞ്ഞവര്‍ഷം 60 കോടിയിലേക്കുയര്‍ന്നു. മറ്റു കളികളുടെ (കബഡി, ടെന്നീസ്) സ്പോണ്‍സര്‍ഷിപ്പിലുണ്ടായ 1064 ശതമാനത്തിന്റെ വളര്‍ച്ച ഏഴു കോടിയില്‍നിന്നും കഴിഞ്ഞവര്‍ഷം 75 കോടിയിലേക്കും എത്തി.


ക്രിക്കറ്റ് തകര്‍ച്ചയെ നേരിടുമ്പോഴും ക്രിക്കറ്റിന്റെ ചെറുപതിപ്പായ ഐപിഎല്‍ വ്യവസായരംഗത്തു മുന്നോട്ടുതന്നെയാണ്. വിവാദങ്ങളില്‍ മുങ്ങിനില്‍ക്കുമ്പോഴും ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പിനായി ആഗോളഭീമന്‍മാരായ പെപ്സി 80 കോടി രൂപയാണു മുടക്കിയിരിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ ക്രിക്കറ്റ് ഒഴിച്ചുള്ള ഏതു കായികരംഗത്തും പണമിറക്കുന്ന പെപ്സിയാണ് ഇവിടെ ക്രിക്കറ്റില്‍ പണം മുടക്കുന്നത് എന്നതു വിരോധാഭാസമായി തുടരുന്നു. എന്നാല്‍ ഇന്ത്യയില്‍ ക്രിക്കറ്റിനു ലഭിക്കുന്ന ആരാധകരെ മറ്റു മത്സരങ്ങള്‍ക്കു ലഭിച്ചാല്‍ അവിടെയും പണം മുടക്കാന്‍ തയാറാകുമെന്ന് പെപ്സി വ്യക്തമാക്കുന്നു.

950 കോടി രൂപയ്ക്കാണ് ഐപിഎല്‍ സംപ്രേക്ഷണാവകാശം മള്‍ട്ടി സ്ക്രീന്‍ മീഡിയ എന്ന കമ്പനി സ്വന്തമാക്കിയിരിക്കുന്നത് എന്നറിയുമ്പോഴാണ് കുട്ടിക്രിക്കറ്റിനു പിന്നിലെ വ്യവസായ താത്പര്യങ്ങള്‍ പുറത്തുവരുന്നത്.

മുമ്പ് ബോളിവുഡും ക്രിക്കറ്റും തമ്മില്‍ അഭേദ്യമായ ബന്ധം നിലനിന്നിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേക്കാലങ്ങളായി താരരാജാക്കന്‍മാരുടെ താത്പര്യങ്ങള്‍ ക്രിക്കറ്റിനു പുറത്തേക്കു നീങ്ങിയിരിക്കുന്നു. ഇതിനു തെളിവായിരുന്നു ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിറഞ്ഞുകവിഞ്ഞ ഗാലറികളും ആര്‍പ്പുവിളിക്കുന്ന താരരാജാക്കന്‍മാരും.

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രിക്കറ്റിനു പകരം ക്രിക്കറ്റ് മാത്രമായിരുന്നു. കുറച്ചുകാലത്തേക്കുകൂടി ഇങ്ങനെ തുടര്‍ന്നേക്കാം. എന്നാല്‍ ഇനി ക്രിക്കറ്റിനു സമാന്തരമായി മറ്റു കായിക വ്യവസായങ്ങളും ഉയര്‍ന്നുവരും. ഇന്ത്യന്‍ കായികരംഗത്തും സമത്വത്തിന്റെ പാതയൊരുങ്ങുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.