ഷാംപെയ്ന്‍ ആഘോഷത്തെ ന്യായീകരിച്ചു ഹാമില്‍ട്ടണ്‍
ഷാംപെയ്ന്‍ ആഘോഷത്തെ ന്യായീകരിച്ചു ഹാമില്‍ട്ടണ്‍
Saturday, April 18, 2015 11:49 PM IST
സാക്കീര്‍ (ബഹറിന്‍): ചൈനീസ് ഗ്രാന്‍ഡ് പ്രീ വിജയത്തിനുശേഷം വിജയപീഠത്തില്‍ വച്ച് യുവതിയുടെ നേരെ ഷാംപെയ്ന്‍ ചീറ്റിച്ചതിനെ ന്യായീകരിച്ച് ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണ്‍. സോഷ്യല്‍ മീഡിയയിലും നാട്ടിലും ഉയര്‍ന്ന വ്യാപക വിമര്‍ശനങ്ങള്‍ക്കു പിന്നാലെയാണ് തന്റെ ഭാഗം ന്യായീകരിച്ച് ഹാമില്‍ട്ടണ്‍ രംഗത്തെത്തിയിരിക്കുന്നത്.

ഗ്രാന്‍ഡ് പ്രീ നേടിയതിന്റെ ആവേശത്തിലായിരുന്നു ഞാന്‍. ഒരു താരത്തെ സംബന്ധിച്ചിടത്തോളം എത്ര വലിയ നിമിഷമാണത്. ആ സന്തോഷത്തിലാണ് പോഡിയത്തില്‍ അങ്ങനെ സംഭവിച്ചത്. ഇത്രമാത്രം വിമര്‍ശിക്കപ്പെടാന്‍ മാത്രം വലിയ കാര്യമാണതെന്നു ഈ നിമിഷം വരെ എനിക്കു തോന്നിയിട്ടുമില്ല-ഹാമില്‍ട്ടണ്‍ പറഞ്ഞു.


അതേസമയം, ഹാമില്‍ട്ടണ്‍ ഷാംപെയ്ന്‍ പ്രയോഗം നടത്തിയ ലിയു സിയിംഗ് എന്ന 22കാരിക്കും ഇക്കാര്യത്തില്‍ സമാന അഭിപ്രായമാണ്. രണ്േടാ മൂന്നോ സെക്കന്‍ഡ് മാത്രമാണ് ഹാമില്‍ട്ടണ്‍ ഷാംപെയ്ന്‍ തന്റെ നേരെ പ്രയോഗിച്ചതെന്നും ഇതില്‍ തനിക്ക് യാതൊരു അസ്വസ്ഥതയും തോന്നിയില്ലെന്നും സിയിംഗ് വ്യക്തമാക്കി. ഷാങ്ഹായില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ജോലി ചെയ്യുകയാണ് സിയിംഗ്. എന്തായാലും രണ്ടുപേരുടെയും പ്രതികരണത്തോടെ വിവാദം കെട്ടടങ്ങുമെന്നാണ് സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.