ഐസിസി പ്രസിഡന്റ് മുസ്തഫ കമാല്‍ രാജിവച്ചു
ഐസിസി പ്രസിഡന്റ്  മുസ്തഫ കമാല്‍ രാജിവച്ചു
Thursday, April 2, 2015 1:32 AM IST
ധാക്ക: ഐസിസി പ്രസിഡന്റ് മുസ്തഫ കമാല്‍ രാജിവച്ചു. ലോകകപ്പ് ജേതാക്കള്‍ക്കു കിരീടം നല്‍കുന്നതിനുള്ള അവകാശം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ബംഗ്ളാദേശുകാരനായ കമാലിന്റെ രാജി. രാജി ഐസിസി അംഗീകരിച്ചു.

മെല്‍ബണില്‍ ലോകജേതാക്കളായ ഓസ്ട്രേലിയയ്ക്ക് പ്രസിഡന്റിനെ മറികടന്നു കിരീടം കൈമാറിയത് ഐസിസി ചെയര്‍മാനായ എന്‍. ശ്രീനിവാസനായിരുന്നു. ഈ വര്‍ഷം തുടക്കത്തില്‍ ഐസിസി പാസാക്കിയ നിയമമനുസരിച്ച് പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളില്‍ ട്രോഫി നല്‍കാനുള്ള അവകാശം ഐസിസി പ്രസിഡന്റിനാണ്.

“ഐസിസി ഭരണഘടനയുടെ കീഴില്‍ ജോലിചെയ്യാന്‍ ഇനി ആഗ്രഹിക്കുന്നില്ല. എന്തുകൊണ്ടാണ് ലോകകപ്പ് ജേതാക്കള്‍ക്ക് കിരീടം നല്‍കാനുള്ള അവകാശം നിഷേധിച്ചതെന്നു മനസിലാവുന്നില്ല. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൌണ്‍സില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കൌണ്‍സിലായി അധഃപതിച്ചിരിക്കുന്നു. അധികാരം മറ്റുള്ളവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് ഐസിസിയിലെ ചില അംഗങ്ങള്‍ ശ്രമിക്കുന്നത്. ഇത്തരക്കാര്‍ ക്രിക്കറ്റിനെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. എന്റെ രാജികൊണ്െടങ്കിലും ഇതിനൊരു മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത് - കമാല്‍ പറഞ്ഞു.

ലോകകപ്പില്‍ ഇന്ത്യ-ബംഗ്ളാദേശ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ അമ്പയര്‍മാര്‍ ഇന്ത്യക്ക് അനുകൂലമായി ഒത്തുകളിച്ചെന്നു മുസ്തഫ കമാല്‍ ആരോപണം ഉന്നയിച്ചിരുന്നു. മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ സ്വന്തം സ്കോര്‍ 90ല്‍ നില്‍ക്കെ റൂബല്‍ ഹുസൈന്റെ പന്തില്‍ നല്‍കിയ ക്യാച്ച് അമ്പയര്‍ നോ ബോളായി വിധിച്ചിരുന്നു. പിന്നീട് റീപ്ളേകളില്‍ അമ്പയറിന്റെ തീരുമാനം തെറ്റായിരുന്നെന്നു കണ്െടത്തി. ജീവന്‍ ലഭിച്ച രോഹിത് സെഞ്ചുറി തികയ്്ക്കുകയും ഇന്ത്യയെ മികച്ച സ്കോറില്‍ എത്തിക്കുകയും ചെയ്തിരുന്നു. മല്‍സരം തോറ്റ ബംഗ്ളാദേശ് സെമി കാണാതെ പുറത്തായി. ഇതേത്തുടര്‍ന്നായിരുന്നു ബംഗ്ളാദേശുകാരനായ മുസ്തഫാ കമാല്‍ അമ്പയറിംഗിനെതിരെ ഒത്തുകളി ആരോപണമുന്നയിച്ചത്. തുടര്‍ന്ന് പ്രസിഡന്റിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ഐസിസിക്ക് പത്രക്കുറിപ്പിറക്കേണ്ടിവന്നിരുന്നു. കമാലിന്റെ ആരോപണങ്ങള്‍ നിര്‍ഭാഗ്യകരം എന്നായിരുന്നു ഐസിസി ചീഫ് എക്സിക്യുട്ടീവ് ഡേവ് റിച്ചാര്‍ഡ്സന്റെ പ്രതികരണം.


ഏതെങ്കിലും ഒരു രാജ്യത്തിനെതിരേ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരാളെന്ന നിലയ്ക്കാണ് ഞാന്‍ അമ്പയറിംഗിന്റെ പോരായ്മകളെക്കുറിച്ച് വിളിച്ചുപറഞ്ഞത്. ആ സത്യം പറഞ്ഞതിനെത്തുടര്‍ന്നാണു ലോകകപ്പ് നല്‍കാനുള്ള അവകാശം തനിക്കു നിഷേധിക്കപ്പെട്ടത് -കമാല്‍ പറഞ്ഞു. പ്രതിഷേധത്തിനുശേഷം ധാക്കയിലെത്തിയ മുസ്തഫ കമാല്‍ പത്രസമ്മേളനത്തില്‍ ഐസിസിയില്‍ തുടരുന്നതിനെക്കുറിച്ച് പത്രലേഖകരോടും മറ്റും അഭിപ്രായം ആരാഞ്ഞിരുന്നു.

ഭൂരിഭാഗംപേരും കമാല്‍ ഐസിസി പ്രസിഡന്റ് സ്ഥാനം രാജിവയക്കണമെന്നായിരുന്നു അഭിപ്രായപ്പെട്ടത്. അതിനിടെ, ഐസിസിയില്‍ നടക്കുന്ന ദുഷ്പ്രവണതകള്‍ വരും ദിവസങ്ങളില്‍ താന്‍ വെളിപ്പെടുത്തുമെന്ന് കമാല്‍ വ്യക്തമാക്കി.

എന്നാല്‍ കമാലിന്റെ ആരോപണങ്ങള്‍ക്ക് ഐസിസി ചെയര്‍മാന്‍ എന്‍. ശ്രീനിവാസന്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഐസിസി അമ്പയറിംഗില്‍ പരസ്യമായി പ്രതിഷേധിച്ചതിലുള്ള അതൃപ്തി ശ്രീനിവാസന്‍ ഐസിസിയെ അറിയിച്ചതായാണു വിവരം.

ഐസിസിയുടെ തലവന്‍ പ്രസിഡന്റാണെങ്കിലും ഭരണനിര്‍വഹണ ചുമതലകള്‍ ചെയര്‍മാനാണ് വഹിക്കുന്നത്. 1996 വരെ ലോകകപ്പ് ജേതാക്കള്‍ക്കു കിരീടം നല്‍കുന്നതിന് ഐസിസി പ്രസിഡന്റിന്റെ സാന്നിധ്യം നിര്‍ബന്ധമായിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.