യൂറോ യോഗ്യത: ജര്‍മനിക്കും പോര്‍ച്ചുഗലിനും ജയം
യൂറോ യോഗ്യത: ജര്‍മനിക്കും പോര്‍ച്ചുഗലിനും ജയം
Tuesday, March 31, 2015 11:14 PM IST
ടിബ്ലിസി/ലിസ്ബണ്‍/സോഫിയ: യൂറോ യോഗ്യത മത്സരങ്ങളില്‍ ജര്‍മനിക്കും പോര്‍ച്ചുഗലിനും ജയം. ലോകചാമ്പ്യന്മാരായ ജര്‍മനി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ജോര്‍ജിയയെ തോല്‍പ്പിച്ചു. മാര്‍ക്കോ റൂയസ് (39), തോമസ് മ്യൂളര്‍ (44) എന്നിവരാണ് ലോക ചാമ്പ്യന്‍മാര്‍ക്കുവേണ്ടി ഗോള്‍ നേടിയത്. പോര്‍ച്ചുഗല്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സെര്‍ബിയയെ പരാജയപ്പെടുത്തി. റിക്കാര്‍ഡോ കാര്‍വാലോ (10), ഫാബിയോ കോണ്‍ട്രറോ (63) എന്നിവരാണ് പോര്‍ച്ചുഗലിന്റെ ഗോള്‍ നേട്ടക്കാര്‍. നെമാന്‍ജ മാറ്റിക് (63) സെര്‍ബിയയുടെ ഏക ഗോളിന്റെ ഉടമ. ഇറ്റലിയെ ബള്‍ഗേറിയ 2-2ന് സമനിലയില്‍ കുടുക്കി. തോല്‍വി ഉറ്റുനോക്കുകയായിരുന്ന അസൂറികളെ 84ാം മിനിറ്റില്‍ എഡര്‍ നേടിയ ഗോളാണ് രക്ഷിച്ചത്.

നാലാം മിനിറ്റില്‍ യോര്‍ദന്‍ മിനേവിന്റൈ സെല്‍ഫ് ഗോളില്‍ ഇറ്റലി മുന്നിലെത്തി. എന്നാല്‍ ഇവ്ലിന്‍ പോപോവിലൂടെ ബള്‍ഗേറിയ സമനില പിടിച്ചു. 17-ാം മിനിറ്റില്‍ ഇലിയന്‍ മിറ്റ്സാന്‍സ്കിയിലൂടെ ബള്‍ഗേറിയ മുന്നിലെത്തി. 58ാം മിനിറ്റില്‍ പകരക്കാരനായെത്തിയ ബ്രസീലില്‍ ജനിച്ച എഡര്‍ 84-ാം മിനിറ്റില്‍ നേടിയ ഗോള്‍ അസൂറികളെ തോല്‍വിയില്‍നിന്നു രക്ഷിച്ചു. തുര്‍ക്കിക്കെതിരേ നെതര്‍ലന്‍ഡസ് സമനില കൊണ്ട് തൃപ്തിപ്പെട്ടു. ബുറാക് യില്‍മാസിലൂടെ (37) തുര്‍ക്കി ആദ്യപകുതിയില്‍ മുന്നിലെത്തി. ഇഞ്ചുറി ടൈമില്‍ ക്ളാസ് യാന്‍ ഹണ്ട്ലര്‍ (90+2) നേടി ഗോളില്‍ ഓറഞ്ച് കുപ്പായക്കാര്‍ സമനില പിടിച്ചെടുത്തു. മറ്റ് മത്സരങ്ങളില്‍ ബെല്‍ജിയം, റുമേനിയ, ബോസ്നിയ-ഹെര്‍സെഗോവിന, സ്കോട്ലന്‍ഡ് എന്നിവര്‍ ജയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.