ഓസ്ട്രേലിയയ്ക്ക് അഞ്ചാം ലോകകപ്പ് കിരീടം
ഓസ്ട്രേലിയയ്ക്ക് അഞ്ചാം ലോകകപ്പ് കിരീടം
Monday, March 30, 2015 11:58 PM IST
മെല്‍ബണ്‍: മിച്ചല്‍ സ്റാര്‍ക്ക് എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ പ്രതിരോധം തകര്‍ന്ന് ഓഫ് സ്റംപ് തെറിക്കുമ്പോള്‍ ന്യൂസിലന്‍ഡ് ആരാധകരുടെ ഹൃദയം തകര്‍ന്നു. അതുവരെ കിവികള്‍ക്കുണ്ടായിരുന്ന ആത്മവിശ്വാസവും വിജയതൃഷ്ണയും ഓസ്ട്രേലിയയുടെ വമ്പിനു മുന്നില്‍ ചിറകറ്റു വീണു. ഏകദിന ലോകകപ്പ് കിരീടം അഞ്ചാം തവണയും സ്വന്തമാക്കി ഏകദിനത്തിലെ രാജാക്കന്മാര്‍ തങ്ങള്‍ തന്നെയെന്ന് ഓസ്ട്രേലിയ തെളിയിച്ചു. അഞ്ചു ഭൂഖണ്ഡങ്ങളിലും കിരീടം നേടുന്ന ഏക ടീമായി ഓസീസ് മാറി. സ്വന്തം നാട്ടില്‍, ഗാലറിയില്‍ നിറഞ്ഞ കാണികള്‍ക്കു മുന്നില്‍, ഫൈനലില്‍ അയല്‍ക്കാരായ ന്യൂസിലന്‍ഡിനെ ഏഴു വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ ലോക കിരീടം ചുണ്േടാടടുപ്പിച്ചത്. അഞ്ചാം തവണയാണ് ഓസീസ് ലോകകിരീടം നേടുന്നത്. 1987ല്‍ അലന്‍ ബോര്‍ഡറുടെ നേതൃത്വത്തിലുള്ള ഓസീസ് ആദ്യ ലോകകപ്പില്‍ മുത്തമിട്ടു. പിന്നീടു പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം 1999ല്‍ സ്റീവ് വോയുടെ ടീം ലോകകിരീടം ഉയര്‍ത്തി. പിന്നീട് റിക്കി പോണ്ടിംഗിന്റെ നേതൃത്വത്തിലുള്ള ടീം 2003ലും 2007ലും ലോക ജേതാക്കളായി.

2015ല്‍ മൈക്കില്‍ ക്ളാര്‍ക്കിന്റെ കീഴില്‍ ഒരുപറ്റം യുവതാരങ്ങള്‍ ഏകദിന ക്രിക്കറ്റിലെ രാജാക്കന്‍മാര്‍ തങ്ങള്‍തന്നെയെന്ന് ലോകത്തെ കാട്ടി. മെല്‍ബണിലെ പിച്ചില്‍ ഓസീസ് പേസര്‍മാര്‍ മാരകമായ പന്തുകള്‍കൊണ്ടു തീതുപ്പിയപ്പോള്‍ ന്യൂസിലന്‍ഡിലെ ചെറിയ ഗ്രൌണ്ടില്‍ വലിയ ജയം നേടിയ ന്യൂസിലന്‍ഡിന് മെല്‍ബണിലെ വലിയ ഗ്രൌണ്ടില്‍ മറുപടി നല്‍കാനൊന്നുമില്ലായിരുന്നു. ഏഴാം ലോകകപ്പ് ഫൈനല്‍ കളിക്കുന്ന ഓസീസിന്റെ മുന്നില്‍ കന്നി ലോകകപ്പ് ഫൈനലിനിറങ്ങിയ കിവീസ് നിരുപാധികം കീഴടങ്ങുകയായിരുന്നു. ഓസ്ട്രേലിയയെ ജേതാക്കളാക്കി ഏകദിന ക്രിക്കറ്റ് അവസാനിപ്പിക്കുന്നു എന്ന അഭിമാനത്തോടെയാണ് ക്ളാര്‍ക്ക് വിരമിക്കുന്നത്.

സ്കോര്‍: ന്യൂസിലന്‍ഡ് 45 ഓവറില്‍ 183ന് എല്ലാവരും പുറത്ത്. ഓസ്ട്രേലിയ 33.1 ഓവറില്‍ മൂന്നു വിക്കറ്റിന് 186. മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ ഓസ്ട്രേലിയയുടെ ജയിംസ് ഫോക്നറാണ് മാന്‍ ഓഫ് ദ മാച്ച്. 22 വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സ്റാര്‍ക്കിനെ പ്ളെയര്‍ ഓഫ് ദ ടൂര്‍ണമെന്റായും തെരഞ്ഞെടുത്തു.

തുടക്കം തകര്‍ച്ചയില്‍

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിവീസിന് ആദ്യ ഓവറില്‍ത്തന്നെ തിരിച്ചടിയേറ്റു. വെടിക്കെട്ട് ഓപ്പണര്‍ ബ്രണ്ടന്‍ മക്കല്ലം പൂജ്യനായി മടങ്ങി. അപ്പോള്‍ കിവീസിന്റെ സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍ മാത്രം. സ്റ്റാര്‍ക്കിന്റെ വേഗമേറിയ പന്തുകളെ നേരിടാന്‍ പാടുപെട്ട കിവീസ് നായകന്‍ ക്ളീന്‍ബൌള്‍ഡാവുകയായിരുന്നു. വെസ്റ് ഇന്‍ഡീസിനെതിരെ ക്വാര്‍ട്ടറില്‍ ഇരട്ട സെഞ്ചുറിയോടെ ഒറ്റയ്ക്ക് ടീമിനെ മുന്നില്‍നിന്നു നയിച്ച മാര്‍ട്ടിന്‍ ഗപ്ടിലിനു കൂട്ടായി കെയ്ന്‍ വില്യംസണ്‍. ഗപ്ടില്‍-വില്യംസണ്‍ കൂട്ടുകെട്ട് കിവീസിനെ തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെടുത്തുമെന്നു തോന്നിച്ചു. എന്നാല്‍ സ്റാര്‍ക്കിനൊപ്പം ജോഷ് ഹെയ്സല്‍വുഡ്, മിച്ചല്‍ ജോണ്‍സണ്‍ എന്നിവരും തങ്ങളുടെ പന്തുകള്‍ക്കു കൂടുതല്‍ മൂര്‍ച്ചവരുത്തിയതോടെ കിവീസിന്റെ സ്കോറിംഗ് ഇഴഞ്ഞു. ആദ്യ പവര്‍പ്ളേ പിന്നിടുമ്പോള്‍ കിവീസിന് സ്കോര്‍ബോര്‍ഡില്‍ 31 റണ്‍സ്മാത്രം. പവര്‍പ്ളേയ്ക്കുശേഷം ന്യൂസിലന്‍ഡ് അപകടനില തരണം ചെയ്തുകൊണ്ടിരിക്കുന്നുവെന്ന ഘട്ടത്തില്‍ ക്ളാര്‍ക്ക് നടത്തിയ ബൌളിംഗ് ചേഞ്ചില്‍ ഗപ്ടിലിനു പിഴച്ചു.

ഗ്ളെന്‍ മാക്സ്വെല്‍ എറിഞ്ഞ പന്തിന്റെ ഗതിയറിയാതെ ബാറ്റ് വീശിയ ഗപ്ടിലിന്റെ (15) സ്റംപ് തെറിച്ചു. പിന്നാലെയെത്തിയ റോസ് ടെയ്ലറുടെ തുടക്കം ബൌണ്ടറിയോടെയായിരുന്നു. എന്നാല്‍, ആറു പന്തുകള്‍ക്കുശേഷം വില്യംസണും കൂടാരത്തില്‍ തിരിച്ചെത്തി. ജോണ്‍സണ്‍ മികച്ചൊരു റിട്ടേണ്‍ ക്യാച്ചിലൂടെ വില്യംസന്റെ (12) വിക്കറ്റെടുത്തു. വില്യംസണുശേഷമെത്തിയത് കിവീസിന്റെ സെമി ഫൈനലിലെ ഹീറോ ഗ്രാന്‍ഡ് എലിയട്ട്. ടെയ്ലറും എലിയട്ടും ഓസീസ് ബൌളര്‍മാരെ ഫലപ്രദമായി നേരിട്ടതോടെ സ്കോറിംഗിനു ജീവന്‍ വച്ചു. ടെയ്ലര്‍ ആക്രമണം ഉപേക്ഷിച്ച് പന്തുകള്‍ ശ്രദ്ധിച്ചു കളിച്ചു. എന്നാല്‍, എലിയട്ട് ആക്രമണവും പ്രതിരോധവും ഒരുപോലെയാക്കി കളിച്ചു. ടെയ്ലര്‍-എലിയട്ട് കൂട്ടുകെട്ട് 111 റണ്‍സ് വരെയെത്തി പിരിഞ്ഞു. ഇതിനിടെ എലിയട്ട് തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറി കടന്നിരുന്നു.

ബാറ്റിംഗ് പവര്‍പ്ളേ വരെ കിവീസ് മൂന്നു വിക്കറ്റന് 150 റണ്‍സ് എന്ന നിലയിലായിരുന്നു. ബാറ്റിംഗ് പവര്‍പ്ളേയിലേക്കു കളി കടന്നപ്പോള്‍ ക്ളാര്‍ക്ക് പന്ത് ഫോക്നറെ ഏല്‍പ്പിച്ചു. നായകന്‍ കാത്ത വിശ്വാസം ഫോക്നര്‍ കാണിച്ചു. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന ടെയ്ലര്‍ 40ല്‍ ആദ്യ പന്തില്‍ത്തന്നെവീണു. ഹാഡിനാണ് ക്യാച്ചെടുത്തത്.

ഒരു പന്തിനുശേഷം കോറി ആന്‍ഡേഴ്സണും (0) ടെയ്ലര്‍ക്കൊപ്പമെത്തി. മറ്റൊരു വെടിക്കെട്ട് ബാറ്റ്സ്മാന്‍ ലൂക്ക് റോഞ്ചി പൂജ്യനായി സ്റാര്‍ക്കിന്റെ പന്തില്‍ സ്ളിപ്പില്‍നിന്ന നായകന്‍ ക്ളാര്‍ക്കിനു ക്യാച്ച് നല്‍കി മടങ്ങി. പവര്‍പ്ളേയ്ക്കു മുമ്പ് വരെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെന്ന ഭേദപ്പെട്ട നിലയിലായിരുന്ന കിവീസ് പവര്‍പ്ളേ അവസാനിച്ചപ്പോള്‍ ആറിന് 165 റണ്‍സ് എന്ന നിലയിലേക്കു തകര്‍ന്നുവീണു. പവര്‍പ്ളേയില്‍ ന്യൂസിലന്‍ഡ് 15 റണ്‍സെടുത്തപ്പോള്‍ മൂന്നു പ്രധാന വിക്കറ്റുകളാണ് നിലംപൊത്തിയത്. എലിയട്ട് നില്‍ക്കുന്നത് കിവീസിനു ഇരുന്നൂറു റണ്‍സിന്റെ പ്രതീക്ഷകള്‍ നല്‍കി. എന്നാല്‍, എലിയട്ടിനു വേണ്ട പിന്തുണ നല്‍കുന്നതില്‍ മറ്റ് ബാറ്റ്സ്മാന്മാര്‍ പരാജയപ്പെട്ടു. എലിയട്ടിന്റെ (83) വിക്കറ്റും സ്വന്തമാക്കി ഫോക്നര്‍ തന്റെ ദൌത്യം മനോഹരമാക്കി. എലിയട്ട് പുറത്താകുമ്പോള്‍ ന്യൂസിലന്‍ഡ് എട്ട് വിക്കറ്റിന് 171ലെത്തിയിരുന്നു. വാലറ്റക്കാര്‍ പൊരുതാന്‍ പോലും തയാറാകാതെ കീഴടങ്ങിയതോടെ കിവീസിന്റെ ആദ്യ ലോകകപ്പ് സെമിയുടെ സ്കോര്‍ 183ല്‍ അവസാനിച്ചു. സ്റാര്‍ക്ക് രണ്ടും ജോണ്‍സണ്‍, ഫോക്നര്‍ എന്നിവര്‍ മൂന്നു വിക്കറ്റും വീതം വീഴ്ത്തി.


വാര്‍ണര്‍ പിടിച്ചെടുത്തു

വലിയ സമ്മര്‍ദത്തിന്റെ ഭാരമില്ലാതെ കളിക്കാനിറങ്ങിയ ഓസ്ട്രേലിയയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. സ്്കോര്‍ബോര്‍ഡില്‍ രണ്ടു റണ്‍സെത്തിയപ്പോള്‍ ആരോണ്‍ ഫിഞ്ചിനെ (0) സ്വന്തം ബൌളിംഗില്‍ ട്രെന്‍ഡ് ബോള്‍ട്ട് പിടിച്ചു പുറത്താക്കി. പിന്നീട് വാര്‍ണറുടെ ആക്രമണമായിരുന്നു. ടിം സൌത്തിയും ബോള്‍ട്ടും ഡാനിയല്‍ വെട്ടോറിയും വാര്‍ണറെ തടയുന്നതില്‍ പരാജയപ്പെട്ടു. മാറ്റ് ഹെന്റിയെ ഫോറിലേക്കു പറത്താന്‍ ശ്രമിച്ച വാര്‍ണര്‍ (45) എലിയട്ടിനു ക്യാച്ച് നല്‍കി.

പിന്നീട് ക്ളാര്‍ക്കും സ്റീവ് സ്മിത്തും കിവീസ് പന്തേറുകാര്‍ക്ക് ഒരവസരവും നല്‍കാതെ അരങ്ങുതകര്‍ത്തതോടെ ഓസ്ട്രേലിയ ജയത്തോടടുത്തു. വളരെ കരുതലോടെ കളിച്ച ഇരുവരും സിംഗിളുകളും ഡബിളുകളും ഇടയ്ക്കു ഫോറുകളുമായി കളിച്ചു. അവസാന ഏകദിനം കളിക്കുന്ന ക്ളാര്‍ക്ക് അര്‍ധ സെഞ്ചുറിയും തികച്ചു.

സൌത്തിയുടെ 30 ഓവറിലെ ആദ്യ നാലു പന്തുകളും ബൌണ്ടറി പായിച്ച്് ക്ളാര്‍ക്ക് ടീമിനെ ജയത്തോടടുപ്പിച്ചു. ഇരുവരും കൂടി ടീമിനെ ജയം ഉറപ്പിക്കും എന്ന ഘട്ടത്തില്‍ ഹെന്റി, ക്ളാര്‍ക്കിനെ (74) ക്ളീന്‍ബൌള്‍ഡാക്കി. പത്തു ഫോറും ഒരു സിക്സറും നായകന്റെ ബാറ്റില്‍നിന്നും പിറന്നിരുന്നു. നായകന്‍ പുറത്താകുമ്പോള്‍ ഓസ്ട്രേലിയയ്ക്കു ജയിക്കാന്‍ വെറും ഒമ്പത് റണ്‍സ് മാത്രം മതിയായിരുന്നു. വാട്സണും സ്മിത്തും ജയം ഉറപ്പിച്ചു ബാറ്റ് ചെയ്തു. 33-ാം ഓവറിന്റെ ആദ്യ പന്ത് വേലിക്കെട്ടിലേക്കു പായിച്ച് സ്മിത്ത് വിജയ റണ്‍ കുറിച്ചു. ഹെന്റി രണ്ടും ബോള്‍ട്ട് ഒരു വിക്കറ്റും വീഴ്ത്തി.

സ്കോര്‍ബോര്‍ഡ്


ന്യൂസിലന്‍ഡ്
ഗപ്ടില്‍ ബി മാക്സ്വെല്‍ 15, മക്കല്ലം ബി സ്റാര്‍ക്ക് 0, വില്യംസണ്‍ സി ആന്‍ഡ് ബി ജോണ്‍സണ്‍ 12, ടെയ്ലര്‍ സി ഹാഡിന്‍ ബി ഫോക്നര്‍ 40, എലിയട്ട് സി ഹാഡിന്‍ ബി ഫോക്നര്‍ 83, ആന്‍ഡേഴ്സണ്‍ ബി ഫോക്നര്‍ 0, റോഞ്ചി സി ക്ളാര്‍ക്ക് ബി സ്റ്റാര്‍ക്ക് 0, വെട്ടോറി ബി ജോണ്‍സണ്‍ 9, സൌത്തി റണ്‍ഔട്ട് 11, ഹെന്റി സി സ്റ്റാര്‍ക്ക് ബി ജോണ്‍സണ്‍ 0, ബോള്‍ട്ട് നോട്ടൌട്ട് 0, എക്സ്ട്രാസ് 13, ആകെ 45 ഓവറില്‍ 183 റണ്‍സിന് എല്ലാവരും പുറത്ത്.

ബൌളിംഗ്

സ്റാര്‍ക്ക് 8-0-20-2, ഹെയ്സല്‍വുഡ് 8-2-30-0, ജോണ്‍സണ്‍ 9-0-30-3, മാക്സ്വെല്‍ 7-0-37-1, ഫോക്നര്‍ 9-1-36-3, വാട്സണ്‍ 4-0-23-0

ഓസ്ട്രേലിയ

വാര്‍ണര്‍ സി എലിയട്ട് ബി ഹെന്റി 45, ഫിഞ്ച് സി ആന്‍ഡ് ബി ബോള്‍ട്ട് 0, സ്മിത്ത് നോട്ടൌട്ട് 56, ക്ളാര്‍ക്ക് ബി ഹെന്റി 74, വാട്സണ്‍ നോട്ടൌട്ട് 2, എക്സ്ട്രാസ് 9, ആകെ മൂന്നു വിക്കറ്റിന് 33.1 ഓവറില്‍ 186.

ബൌളിംഗ്

സൌത്തി 8-0-65-0, ബോള്‍ട്ട് 10-0-40-1, വെട്ടോറി 5-0-25-0, ഹെന്റി 9.1-46-2, ആന്‍ഡേഴ്സണ്‍ 1-0-7-0

കളി കണക്കില്‍

ഓസ്ട്രേലിയയുടെ അഞ്ചാം ലോകകപ്പ് വിജയം. 1987, 1999, 2003, 2007, 2015 എന്നീ വര്‍ഷങ്ങളിലായിരുന്നു ഓസ്ട്രേലിയയുടെ കിരീടനേട്ടം. ഏഴു തവണ ഫൈനലിലും ഓസ്ട്രേലിയ കളിച്ചിട്ടുണ്ട്.

മറ്റേതു രാജ്യവും നേടിയതിനേക്കാള്‍ മികച്ച നേട്ടം. ഇന്ത്യയും വിന്‍ഡീസും രണ്ടു തവണ ലോകകപ്പ് നേടി. ശ്രീലങ്കയും പാക്കിസ്ഥാനും ഓരോ തവണയും കിരീടത്തില്‍ മുത്തമിട്ടു.

മാര്‍ട്ടിന്‍ ഗപ്ടില്‍ 547 റണ്‍സോടെ ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി. ലോകകപ്പില്‍ 500-ലേറെ റണ്‍സ് നേടുന്ന ആദ്യ ന്യൂസിലന്‍ഡ് താരമാണ് ഗപ്ടില്‍. 2007ല്‍ സ്കോട് സ്റ്റൈറിസ് 499 റണ്‍സ് നേടിയിരുന്നു.

ബ്രണ്ടന്‍ മക്കല്ലം ഫൈനലില്‍ നേടിയ റണ്‍സ്. ലോകകപ്പ് ഫൈനലില്‍ കളിക്കുന്ന നായകന്‍ നേടുന്ന കുറഞ്ഞ സ്കോര്‍. മറ്റൊരു നായകനും ലോകകപ്പില്‍ ഡക്കായിട്ടില്ല. ക്ളൈവ് ലോയ്ഡിന്റെ (8) പേരിലായിരുന്നു ഈ റിക്കാര്‍ഡ്.

ഈ ലോകകപ്പില്‍ ന്യൂസിലന്‍ഡിന്റെ കുറഞ്ഞ ഓപ്പണിംഗ് കൂട്ടുകെട്ട്. ലോകകപ്പില്‍ കിവീസിന്റെ ഓപ്പണിംഗ് ശരാശരി 56.5 ആണ്

ലോകകപ്പ് ചരിത്രത്തിലെ 400-ാമത്തെ മത്സരമാണ് ഇന്നലത്തെ ഫൈനല്‍. ലോകത്ത് ഇതുവരെ 3646 അംഗീകൃത ഏകദിനങ്ങള്‍ നടന്നിട്ടുണ്ട്. ലോകകപ്പ് മത്സരങ്ങള്‍ 11 ശതമാനം മാത്രം.

ഓസീസ് താരം ബ്രാഡ് ഹാഡിന്റെ വയസ് 37 വര്‍ഷവും 157 ദിവസവുമാണ്. ലോകകപ്പ്് ഫൈനല്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ ഓസ്ട്രേലിയന്‍ താരം എന്ന റിക്കാര്‍ഡാണ് ഹാഡിന്‍ ഇന്നലെ സ്വന്തമാക്കിയത്. ഗ്ളെന്‍ മക്്ഗ്രാത്തിന്റെ (37 വര്‍ഷം 78 ദിവസം) റിക്കാര്‍ഡാണ് ഹാഡിന്‍ സ്വന്തമാക്കിയത്.

ഓസ്ട്രേലിയയ്ക്കെതിരേ ഈ ലോകകപ്പില്‍ ഏഴു കിവീസ് ബാറ്റ്സ്മാന്മാര്‍ ഡക്കായി. നാലു ബാറ്റ്സ്മാന്മാര്‍ ഫൈനലിലും മൂന്നു പേര്‍ ഗ്രൂപ്പ് മത്സരത്തിലും ഡക്കായി.

ലോകകപ്പില്‍ കിവീസ് താരം ട്രെന്‍ഡ് ബോള്‍ട്ടും ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്കും 22 വിക്കറ്റ് വീതം നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.