എല്ലാ കണ്ണുകളും മെല്‍ബണില്‍
എല്ലാ കണ്ണുകളും മെല്‍ബണില്‍
Saturday, March 28, 2015 11:35 PM IST
മെല്‍ബണ്‍: ക്രിക്കറ്റ് ലോകത്തെ വിശ്വപോരാട്ടത്തിനു മെല്‍ബണ്‍ ഒരുങ്ങി. നാളെ നടക്കുന്ന ഫൈനലില്‍ ഓസ്ട്രേലിയയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീപാറുമെന്നുറപ്പ്. എന്നാല്‍ ലോകകപ്പ് ചരിത്രത്തെ കണക്കുകള്‍ ന്യൂസിലന്‍ഡിന് അത്ര സുഖകരമല്ല.

അയല്‍ക്കാരും ക്രിക്കറ്റിലെ ബദ്ധവൈരികളുമായ ഓസ്ട്രേലിയയും ന്യൂസിലന്‍ഡും ലോകകപ്പില്‍ ഒമ്പതു തവണ ഏറ്റുമുട്ടി. ആറു ജയം ഓസീസിനൊപ്പമായിരുന്നു. ന്യൂസിലന്‍ഡിന്റെ നേട്ടം മൂന്നിലൊതുങ്ങി. ഇരു കൂട്ടരുടെയും പത്താമങ്കത്തിനാണു മെല്‍ബണ്‍ ഒരുങ്ങുന്നത്. ഓസ്ട്രേലിയയിലെ ആദ്യ ഓസീസ്-കീവിസ് ലോകകപ്പ് മത്സരമാണു മെല്‍ബണിലേത്.

ഇരു കൂട്ടരും ആദ്യം ഏറ്റുമുട്ടുന്നതു 1987ലെ നാലാം ലോകകപ്പിലാണ്. ഒരേ ഗ്രൂപ്പിലായിരുന്ന ഇരു ടീമും രണ്ടു തവണ ഏറ്റുമുട്ടിയതില്‍ രണ്ടിലും വിജയം ഓസ്ട്രേലിയയ്ക്കായിരുന്നു. ഇന്‍ഡോറില്‍ നടന്ന ആദ്യമത്സരം മഴമൂലം 30 ഓവറാക്കി ചുരുക്കിയിരുന്നു. ഡേവിഡ് ബൂണ്‍(87), ഡീന്‍ ജോണ്‍സ്(52) എന്നിവരുടെ മികവില്‍ ഓസീസ് നാലു വിക്കറ്റിനു 199 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് മൂന്നു റണ്‍സിനു കീഴടങ്ങി. മാര്‍ട്ടി ക്രോ(58) പൊരുതിയെങ്കിലും അവസാന ഓവര്‍ എറിഞ്ഞ സ്റീവ് വോ നിര്‍ണായക വിക്കറ്റുകള്‍ നേടി ഓസീസിനു വിജയം സമ്മാനിച്ചു. ബൂണ്‍ മാന്‍ ഓഫ് ദ മാച്ചായി.

ചണ്ഡീഗഡില്‍ നടന്ന രണ്ടാം മത്സരം ഓസ്ട്രേലിയ 17 റണ്‍സിനു വിജയിച്ചു. ജെഫ് മാര്‍ഷിന്റെ സെഞ്ചുറിയായിരുന്നു(125) ഓസീസ് ഇന്നിംഗ്സിനു കരുത്തു പകര്‍ന്നത്. ജോണ്‍ റൈറ്റ്(61) ന്യൂസിലന്‍ഡിന്റെ ടോപ് സ്കോററായി. മാര്‍ഷ് കളിയിലെ താരമായി.

1992ല്‍ ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഓസീസും കീവിസും ഏറ്റുമുട്ടിയപ്പോള്‍ ജയം കീവിസിനായിരുന്നു. ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോയുടെ അപരാജിത സെഞ്ചുറിയുടെ(100*) പിന്‍ബലത്തില്‍ ന്യൂസിലന്‍ഡ് 50 ഓവറില്‍ 248 റണ്‍സ് നേടി. ഓസീസിനായി ഓപ്പണര്‍ ഡേവിഡ് ബൂണ്‍(100) പൊരുതിയെങ്കിലും കിവികളെ മറികടക്കാനായില്ല. മാര്‍ട്ടിന്‍ ക്രോ കളിയിലെ താരമായി.

ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് നാലാം പോരാട്ടം 1996ല്‍ ചെന്നൈയിലായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ്, ക്രിസ് ഹാരിസ്(130), ലീ ജെര്‍മന്‍(89) എന്നിവരുടെ മികവില്‍ 286 എന്ന വമ്പന്‍ സ്കോര്‍ നേടിയെങ്കിലും മാര്‍ക്ക് വോയുടെ ഉജ്വല സെഞ്ചുറിയുടെ മികവില്‍ ഓസീസ് ജയം നേടി. 59 റണ്‍സുമായി സ്റീവ് വോയും സഹോദരനു പിന്തുണ നല്‍കി. മാര്‍ക്ക് വോ മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു.

1999ല്‍ ഇംഗ്ളണ്ടില്‍ നടന്ന ലോകകപ്പില്‍ ഓസ്ട്രേലിയയും ന്യൂസിലന്‍ഡും കാര്‍ഫിഡില്‍ ഏറ്റുമുട്ടി. ഓസ്ട്രേലിയയുടെ 213 എന്ന സ്കോര്‍ ന്യൂസിലന്‍ഡ് അനായാസം മറികടന്നു. ജെഫ് അലോട്ടിന്റെ കൃത്യതയാര്‍ന്ന ബൌളിംഗാണ്(4-37) ഓസ്ട്രേലിയയെ വരിഞ്ഞുമുറുക്കിയത്റോജര്‍ ടൂസ്(80), ക്രിസ് കെയ്ന്‍സ്(60) എന്നിവര്‍ വിജയശില്പികളായി. റോജര്‍ ടൂസ് കളിയിലെ താരമായി.


2003ലെ ലോകകപ്പില്‍ പോര്‍ട്ട് എലിസബത്തിലായിരുന്നു ഓസീസ്-കീവിസ് പോരാട്ടം. ബൌളര്‍മാരുടെ തേരോട്ടമായിരുന്നു മത്സരത്തില്‍ കണ്ടത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 208ല്‍ ഒതുങ്ങി. 23 റണ്‍സിന് ആറു വിക്കറ്റ് വീഴ്ത്തിയ ഷെയ്ന്‍ ബോണ്ട് ആയിരുന്നു ഓസ്ട്രേലിയയെ വരിഞ്ഞുമുറുക്കിയത്. മൈക്കല്‍ ബെവന്‍(56), ആന്‍ഡി ബിക്കല്‍(64) എന്നിവരാണ് ഓസീസ് ഇന്നിംഗ്സിന് അടിത്തറയിട്ടത്. വിജയം ലക്ഷ്യമിട്ടിറങ്ങിയ ന്യൂസിലന്‍ഡ് 30.1 ഓവറില്‍ 112 റണ്‍സിനു പുറത്തായി. ഓസീസിനു വേണ്ടി ബ്രെറ്റ് ലീ അഞ്ചു വിക്കറ്റ് വീഴ്ത്തി. ബോണ്ട് മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു.

2007ല്‍ വെസ്റിന്‍ഡീസില്‍ നടന്ന ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് മത്സരം തികച്ചും ഏകപക്ഷീയമായിരുന്നു. 210 റണ്‍സിനാണ് ഓസീസ് കീവിസിനെ നിലംപരിശാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ ആറിന് 348 റണ്‍സ് അടിച്ചുകൂട്ടി. മാത്യു ഹെയ്ഡന്‍(103) സെഞ്ചുറി നേടി. ന്യൂസിലന്‍ഡിന്റെ പോരാട്ടം 133ല്‍ അവസാനിച്ചു. ഹെയ്ഡന്‍ കളിയിലെ താരമായി.

2011ല്‍ നാഗ്പുരിലായിരുന്നു എട്ടാമത്തെ ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് ഏറ്റുമുട്ടല്‍ അരങ്ങേറിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന്റെ മുന്‍നിര തകര്‍ന്നടിഞ്ഞു. വാലറ്റത്ത് നഥാന്‍ മക്കല്ലം(52), വെട്ടോറി(44) എന്നിവര്‍ നടത്തിയ ചെറുത്തുനില്‍പ്പ് ന്യൂസിലന്‍ഡിനെ 45.1 ഓവറില്‍ 206ല്‍ എത്തിച്ചു. മിച്ചല്‍ ജോണ്‍സണ്‍(4-33) ആണ് കിവികളുടെ ചിറകരിഞ്ഞത്. 34 ഓവറില്‍ ഓസ്ട്രേലിയ ലക്ഷ്യം മറികടന്നു. വാട്സണ്‍(62), ഹാഡിന്‍(55) എന്നിവര്‍ തിളങ്ങി. ജോണ്‍സണ്‍ മാന്‍ ഓഫ് ദി മാച്ചായി.

ഈ ലോകകപ്പില്‍ ഓക്ലന്‍ഡിലായിരുന്നു ഓസീസ്-കീവിസ് ഒമ്പതാം പോരാട്ടം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയുടെ ബോള്‍ട്ടിളക്കി ടെന്റ് ബോള്‍ട്ട് ന്യൂസിലന്‍ഡിന്റെ ഹീറോയായി. ബോള്‍ട്ടിന്റെ അഞ്ചു വിക്കറ്റ് നേട്ടത്തില്‍ ഓസ്ട്രേലിയ 32.2 ഓവറില്‍ ഓസീസ് 151നു പുറത്തായി.

ന്യൂസിലന്‍ഡ് വന്‍ തകര്‍ച്ച നേരിട്ടെങ്കിലും കെയ്ന്‍ വില്യംസണ്‍ ഉറച്ചുനിന്ന് കിവികളെ വിജയത്തിലേക്കു നയിച്ചു. ഒരു വിക്കറ്റിനാണു ന്യൂസിലന്‍ഡ് കടന്നുകൂടിയത്. നാളെ ആദ്യ കിരീടം തേടിയിറങ്ങുമ്പോള്‍ ചരിത്രം മറന്ന് പുതുചരിത്രം രചിക്കുകയാണ് കിവികളുടെ ലക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.