ഇന്ത്യയുടെ ലോകകപ്പ് ജൈത്രയാത്രയ്ക്ക് അവസാനം
ഇന്ത്യയുടെ ലോകകപ്പ് ജൈത്രയാത്രയ്ക്ക് അവസാനം
Friday, March 27, 2015 11:11 PM IST
സിഡ്നി: 125 കോടി ഇന്ത്യന്‍ ജനതയുടെ പ്രാര്‍ഥനകള്‍ വിഫലം. ലോകകപ്പിലെ ഇന്ത്യയുടെ അപരാജിത യാത്ര കങ്കാരുക്കള്‍ക്കു മുന്നില്‍ അവസാനിച്ചു. ടീം ഇന്ത്യയെ 95 റണ്‍സിനു കീഴ്പ്പെടുത്തി ഓസ്ട്രേലിയ ഫൈനലില്‍. ഞായറാഴ്ച മെല്‍ബണില്‍ നടക്കുന്ന ഫൈനലില്‍ അയല്‍ക്കാരായ ന്യൂസിലന്‍ഡാണ് ഓസ്ട്രേലി യയുടെ എതിരാളി.

ബാറ്റും പന്തും സമര്‍ഥമായി ഉപയോഗിച്ച കങ്കാരുക്കള്‍ കളിയുടെ സമസ്തമേഖലയിലും ഇന്ത്യയെ അടക്കിവാണു. തകര്‍പ്പന്‍ സെഞ്ചുറിയോടെ ആതിഥേയരെ മികച്ച നിലയിലെത്തിച്ച സ്റ്റീവ് സ്മിത്താണ് (105) കളിയിലെ താരം. സ്കോര്‍: ഓസ്ട്രേലിയ 50 ഓവറില്‍ ഏഴിന് 328, ഇന്ത്യ 46.5 ഓവറില്‍ 233ന് എല്ലാവരും പുറത്ത്.

സമ്പൂര്‍ണമായിരുന്നു ഓസീസ് ജയം. ആദ്യം ബാറ്റ് ചെയ്തു മികച്ച സ്കോര്‍ കണ്െടത്തുക; പിന്നീട് മിന്നും ബൌളിംഗും ഫീല്‍ഡിംഗും സമംചേര്‍ത്ത് എതിരാളിയെ എറിഞ്ഞിടുക, വിജയത്തിനാവശ്യമായ ചേരുവകളെല്ലാം സിഡ്നി ക്രിക്കറ്റ് സ്റേഡിയത്തില്‍ ഓസ്ട്രേലിയക്കാര്‍ കൃത്യമായി കരുതിയിരുന്നു.

ഇന്ത്യന്‍ സ്പിന്നര്‍മാരെ സമര്‍ഥമായി നേരിടാനായതാണ് ഓസ്ട്രേലിയയ്ക്കു തുണയായത്. ഭീഷണിയാകുമെന്നു ഭയന്ന അശ്വിനും ജഡേജയും ചേര്‍ന്നെറിഞ്ഞ 20 ഓവറുകളില്‍ 98 റണ്‍സാണ് കങ്കാരുക്കള്‍ അടിച്ചെടുത്തത്. ഗ്ളെന്‍ മാക്സ്വെല്‍ മാത്രമാണ് സ്പിന്നിനു മുന്നില്‍ വീണത്. ഇടയ്ക്കു വിക്കറ്റുകള്‍ വീഴ്ത്തിയതൊഴിച്ചാല്‍ മുഹമ്മദ് ഷാമി-ഉമേഷ് യാദവ്-മോഹിത് ശര്‍മ ത്രയവും ടൂര്‍ണമെന്റില്‍ ആദ്യമായി മങ്ങി. സ്മിത്ത് പുറത്തായശേഷം മാത്രമാണ് എന്തെങ്കിലും ചലനമെങ്കിലുമുണ്ടാക്കാന്‍ ബൌളര്‍മാര്‍ക്കായത്.

സ്കോര്‍ബോര്‍ഡ് സമ്മര്‍ദവും ഓസ്ട്രേലിയയുടെ തകര്‍പ്പന്‍ ഫീല്‍ഡിംഗുമാണ് ബാറ്റിംഗില്‍ ഇന്ത്യയുടെ വിധി നിര്‍ണയിച്ചത്. നിര്‍ണായകസമയത്ത് വിരാട് കോഹ്ലിയുടെ പുറത്താകലും മധ്യനിരയുടെ നിരുത്തരവാദിത്വവും ഇന്ത്യയെ പിന്നോട്ടടിച്ചു. ധോണി കത്തിപ്പടരാന്‍ തുടങ്ങിയപ്പോള്‍ കളി കങ്കാരുക്കളുടെ കൈയിലെത്തിയിരുന്നു. സമ്പൂര്‍ണജയമാണ് ഓസ്ട്രേലിയയുടേതെന്നു പറയാം.

ഓസീസ് പ്രഫഷണലിസം

ടോസ് തന്നെയായിരുന്നു മത്സരത്തിലെ ടേണിംഗ് പോയിന്റ്. കളി പുരോഗമിക്കുംന്തോറും സ്പിന്നിനെ തുണയ്ക്കുന്നതാണ് സിഡ്നിയിലെ പിച്ചിന്റെ സ്വഭാവം. രാത്രി മത്സരത്തില്‍ വലിയ സ്കോര്‍ മറികടക്കുക കഠിനം. അതുകൊണ്ടു തന്നെ ടോസ് നേടിയ ക്ളാര്‍ക്കിന് ബാറ്റിംഗ് തെരഞ്ഞെടുക്കാന്‍ രണ്ടാമതൊരു ചിന്തയേ ഉണ്ടായില്ല. ഡേവിഡ് വാര്‍ണറിന്റെ(12) വിക്കറ്റ് ലഭിച്ചതൊഴിച്ചാല്‍ ഇന്ത്യന്‍ പേസര്‍മാര്‍ ആദ്യ ഓവറുകളില്‍തന്നെ ഓസീസിനു മേധാവിത്വം നല്കി. മോശം ഫോം തുടരുന്ന ആരോണ്‍ ഫിഞ്ചിനെ സാക്ഷിയാക്കി സ്റീവ് സ്മിത്താണ് ആക്രമണം അഴിച്ചുവിട്ടത്. എതിരാളികളെ കടന്നാക്രമിക്കുകയെന്ന പദ്ധതി സ്മിത്ത് വിജയകരമായി നടപ്പാക്കിയതോടെ സ്കോര്‍ ഇരച്ചുകയറി. പേസര്‍മാര്‍ ക്ളിക്കാകാതെ വന്നതോടെ ധോണി 13-ാം ഓവറില്‍ സ്പിന്നര്‍മാരെ വിളിച്ചു. സിഡ്നിയിലെ പിച്ചിനെക്കുറിച്ച് പറഞ്ഞുപരത്തിയ സ്പിന്‍ പ്രേമത്തിലായിരുന്നു നായകന്റെയും പ്രതീക്ഷ. എന്നാല്‍ ഗാലറികളിലെ നീലക്കടലിനെ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഓസീസ് ബാറ്റ്സ്മാന്‍മാരുടേത്.

93 പന്തില്‍ 11 എണ്ണം പറഞ്ഞ ബൌണ്ടറികളും രണ്ടു സിക്സറുമടക്കം 105 റണ്‍സെടുത്ത സ്മിത്ത് പുറത്താകുമ്പോള്‍ ഓസീസ് രണ്ടിന് 197. അതും 34.1 ഓവറില്‍. 360-380 റണ്‍സെങ്കിലുമെത്തിയേക്കാവുന്ന സ്ഥിതി. എന്നാല്‍ മധ്യനിരയെ തകര്‍ത്ത് ഇന്ത്യ വീണ്ടും കളിയിലേക്കു തിരിച്ചു വന്നു. ഫിഞ്ച് (81), മാക്സ്വെല്‍ (23), ക്ളാര്‍ക്ക് (10) എന്നിവരെ തുടരെ നഷ്ടമായതോടെ കങ്കാരുക്കള്‍ അഞ്ചിന് 248 എന്നനിലയിലായി. ആദ്യം ജയിംസ് ഫോക്നര്‍ക്കൊപ്പവും (21) പിന്നീട് മിച്ചല്‍ ജോണ്‍സനൊപ്പവും ചേര്‍ന്ന് വാട്സണ്‍ (28) ആതിഥേയരെ 300 കടത്തി. ഒമ്പതുപന്തില്‍ തകര്‍ത്തടിച്ച് 27 റണ്‍സടിച്ച ജോണ്‍സനാണ് ഓസ്ട്രേലിയയെ 328 ലെത്തിച്ചത്.

വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ മികച്ച തുടക്കമാണ് രോഹിതും ധവാനും ഇന്ത്യക്കു നല്കിയത്. എന്നാല്‍, 76ല്‍നില്‍ക്കേ 45 റണ്‍സെടുത്ത ധവാന്‍ മടങ്ങിയതോടെ തകര്‍ച്ച തുടങ്ങി. കോഹ്ലിയാകട്ടെ ദാ വന്നു ദേ പോയി. 13 പന്തില്‍ കേവലം ഒരു റണ്‍സായിരുന്നു ഭാവിനായകന്റെ സംഭാവന. ജോണ്‍സനായിരുന്നു വിക്കറ്റ്. തൊട്ടുപിന്നാലെ രോഹിത്തും (34) റെയ്നയും (7) മടങ്ങിയതോടെ ഇന്ത്യയുടെ അന്ത്യവിധി കുറിക്കപ്പെട്ടു.


നാലിന് 108ല്‍ നിന്നും ധോണിയും രഹാനെയും ഇന്ത്യയെ പതിയെ മുന്നോട്ടു നയിച്ചെങ്കിലും അടിച്ചെടുക്കേണ്ട റണ്‍സ് അപ്രാപ്യമായ നിലയിലായതിനാല്‍ കളി ഓസീസ് പക്ഷത്തായി. 45-ാംഓവറില്‍ 65 റണ്‍സെടുത്ത ധോണി റണ്ണൌട്ടായതോടെ ഇന്ത്യയുടെ ലോകകപ്പ് അവസാനിച്ചു. ഫോക്നര്‍ മൂന്നും സ്റ്റാര്‍ക്ക്, ജോണ്‍സണ്‍ എന്നിവര്‍ രണ്ടുവിക്കറ്റ് വീതവും നേടി.

ധവാനു റിക്കാര്‍ഡ്

സിഡ്നി: ലോകകപ്പില്‍ 400 റണ്‍സ് പിന്നിട്ടതോടെ ഓപ്പണര്‍ ശിഖര്‍ ധവാന്‍ റിക്കാര്‍ഡ് ബുക്കില്‍ സ്ഥാനം പിടിച്ചു. ഒരു ലോകകപ്പില്‍ 400ന് മുകളില്‍ റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി ധവാന്‍. 45 റണ്‍സ് നേടി പുറത്തായ ധവാന്‍ ഈ ലോകകപ്പില്‍ 51.50 ശരാശരിയില്‍ 412 റണ്‍സ് നേടി. സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൌരവ് ഗാംഗുലി എന്നിവരാണ് ധവാന് മുന്‍പ് നേട്ടം കൊയ്ത ഇന്ത്യന്‍ താരങ്ങള്‍. രണ്ടു സെഞ്ചുറികളും ഇത്തവണ ഈ ഡല്‍ഹിക്കാരന്റെ ബാറ്റില്‍നിന്നും പിറന്നു.




സ്കോര്‍ബോര്‍ഡ്

ഓസ്ട്രേലിയ ബാറ്റിംഗ്

ഫിഞ്ച് സി ധവാന്‍ ബി ഉമേഷ് 81, വാര്‍ണര്‍ സി കോഹ്ലി ബി ഉമേഷ് 12, സ്മിത്ത് സി രോഹിത് ബി ഉമേഷ് 105, മാക്സ്വെല്‍ സി രഹാനെ ബി അശ്വിന്‍ 23, വാട്സണ്‍ സി രഹാനെ ബി മോഹിത് 28, ക്ളാര്‍ക്ക് സി രോഹിത് ബി മോഹിത് 10, ഫോക്നര്‍ ബി ഉമേഷ് 21, ഹാഡിന്‍ നോട്ടൌട്ട് 7, ജോണ്‍സണ്‍ നോട്ടൌട്ട് 27 എക്സ്ട്രാസ് 14 ആകെ 50 ഓവറില്‍ ഏഴിന് 328

ബൌളിംഗ്

ഷാമി 10-0-68-0, ഉമേഷ് 9-0-72-4, മോഹിത് 10-0-75-2, കോഹ്ലി 1-0-7-0, ജഡേജ 10-0-56-0, അശ്വിന്‍ 10-0-42-1

ഇന്ത്യ ബാറ്റിംഗ്

രോഹിത് ബി ജോണ്‍സണ്‍ 34, ധവാന്‍ സി മാക്സ്വെല്‍ ബി ഹെയ്ല്‍സ്വുഡ് 45, കോഹ്ലി സി ഹാഡിന്‍ ബി ജോണ്‍സണ്‍ 1, രഹാനെ സി ഹാഡിന്‍ ബി സ്റ്റാര്‍ക്ക് 44, റെയ്ന സി ഹാഡിന്‍ ബി ഫോക്നര്‍ 7, ധോണി റണ്ണൌട്ട് 65, ജഡേജ റണ്ണൌട്ട് 16, അശ്വിന്‍ ബി ഫോക്നര്‍ 5, ഷാമി നോട്ടൌട്ട് 1, മോഹിത് ബി ഫോക്നര്‍ 0, ഉമേഷ് ബി സ്റ്റാര്‍ക്ക് 0 എക്സ്ട്രാസ് 15 ആകെ 46.5 ഓവറില്‍ 233ന് എല്ലാവരും പുറത്ത്

ബൌളിംഗ്

സ്റാര്‍ക്ക് 8.5-0-28-2, ഹെയ്ല്‍സ്വുഡ് 10-1-41-1, ജോണ്‍സണ്‍ 10-0-50-2, ഫോക്നര്‍ 9-1-59-3, മാക്സ്വെല്‍ 5-0-18-0, വാട്സണ്‍ 4-0-29-0

കണക്കിലെ കളികള്‍

ലോകകപ്പ് സെമിഫൈനലില്‍ 300 കടക്കുന്നത് ചരിത്രത്തില്‍ ആദ്യം. ലോകകപ്പ് നോക്കൌട്ടില്‍ ഘട്ടത്തില്‍ ഇതുവരെ ഒരു ടീമും 300 റണ്‍സിനു മുകളിലുള്ള സ്കോര്‍ മറികടന്നിട്ടില്ല.

ലോകകപ്പ് സെമിഫൈനലുകളില്‍ ഏറ്റവും വലിയ വിജയമാര്‍ജിന്‍. 2003 ലോകകപ്പ് സെമിയില്‍ കെനിയയെ 91 റണ്‍സിന് കീഴ്പ്പെടുത്തിയ ഇന്ത്യയുടെ വിജയമാര്‍ജിനാണ് പിന്നിലായത്.

ക്യാപ്റ്റന്‍ സ്ഥാനത്ത് 6000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ മാത്രം താരമായി എം.എസ് ധോണി (6022) റിക്കി പോണ്ടിംഗ് (8497), സ്റീഫന്‍ ഫ്ളെമിംഗ് (6295) എന്നിവരാണ് മറ്റു രണ്ടുപേര്‍.

സ്റ്റീവ് സ്മിത്ത് 50ലധികം സ്കോര്‍ ചെയ്തത് 10 കളികളില്‍. ഇതില്‍ പത്തിലും ഓസ്ട്രേലിയ ജയിച്ചു. സ്മിത്തിന്റെ ഉയര്‍ന്ന സ്കോറാണ് ഇന്നലെ പിറന്ന 105.

ലോകകപ്പ് നോക്കൌട്ട് റൌണ്ടില്‍ നാലുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബൌളറായി ഉമേഷ് യാദവ്. ഉമേഷ് രണ്ടാംതവണയാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ളാദേശിനെതിരെയും നാലുവിക്കറ്റ് വീഴ്ത്തിയിരുന്നു. ഇവിടെ ക്ളിക്ക് ചെയ്യുക...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.