ധോണി തുഴഞ്ഞ് ഇന്ത്യ
ധോണി തുഴഞ്ഞ് ഇന്ത്യ
Saturday, March 7, 2015 10:36 PM IST
പെര്‍ത്ത്: ഒടുവില്‍ ദീര്‍ഘകാലത്തെ ഇടവേളയ്ക്കു ശേഷം നായകന്റെ ചുമലിലേറി ഇന്ത്യക്കു വിജയം. നിരവധി ഘട്ടങ്ങളില്‍ ഇന്ത്യയെ വിജയത്തേരിലേറ്റിയ മഹേന്ദ്രസിംഗ് ധോണിയുടെ പക്വതയാര്‍ന്ന ബാറ്റിംഗ്, തോല്‍വിയിലേക്കു നീങ്ങിയ ഇന്ത്യയെ രക്ഷിച്ചു. വെസ്റ്റ് ഇന്‍ഡീസിനെ നാലു വിക്കറ്റിനു പരാജയപ്പെടുത്തി ഇന്ത്യ തുടര്‍ച്ചയായ നാലാം ജയമാഘോഷിച്ചു. ഇതോടെ ഇന്ത്യ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. വെസ്റ് ഇന്‍ഡീസിന്റെ കാര്യമാകട്ടെ പരുങ്ങലിലായി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 44.2 ഓവറില്‍ 182 റണ്‍സിനു പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 39.1 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടി. മുന്‍നിര വിക്കറ്റുകള്‍ നിലംപതിച്ചപ്പോള്‍ മികച്ച പ്രകടനത്തിലൂടെ 45 റണ്‍സ് നേടി പുറത്താകാതെ നിന്ന ധോണിയാണ് ഇന്ത്യക്കു ജയമൊരുക്കിയത്. നേരത്തേ മിന്നും ബൌളിംഗിലൂടെ വിന്‍ഡീസ് ബാറ്റിംഗ് നിരയെ കശക്കിയെറിഞ്ഞ് മൂന്നു വിക്കറ്റ് സ്വന്തമാക്കിയ മുഹമ്മദ് ഷാമിയാണു മാന്‍ ഓഫ് ദ മാച്ച്. മൂന്നു മത്സരങ്ങളില്‍ പരാജയപ്പെടുകയും രണ്ടില്‍ വിജയിക്കുകയും ചെയ്ത വെസ്റ് ഇന്‍ഡീസിന്റെ ക്വാര്‍ട്ടര്‍ പ്രവേശം പ്രതിസന്ധിയിലായി.

ഇന്ത്യയുടെ പ്രധാന ബലഹീനത എന്തെന്നു തെളിഞ്ഞ മത്സരമായിരുന്നു ഇന്നലത്തേത്. ഷോട്ട് പിച്ച് പന്തുകളില്‍ മുട്ടുവിറയ്ക്കുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ക്ഷമകാണിക്കാതെ വിക്കറ്റ് വലിച്ചെറിഞ്ഞതോടെ ഒരു ഘട്ടത്തില്‍ ഇന്ത്യ ആറിന് 134 എന്ന നിലയില്‍ തകര്‍ന്നിരുന്നു.

കുറഞ്ഞ സ്കോറും ധോണിയുടെ ചെറുത്തുനില്‍പ്പുമാണ് ഇന്ത്യയെ കരകയറ്റിയത്. 183 എന്ന വിന്‍ഡീസിന്റെ കുറഞ്ഞ സ്കോര്‍ ലക്ഷ്യമിട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ വിക്കറ്റുകള്‍ വലിച്ചെറിയുകയായിരുന്നു. 85 റണ്‍സെടുക്കുന്നതിനിടെ ഏഴു വിക്കറ്റുകള്‍ ബൌളര്‍മാര്‍ കൊയ്തിട്ടും വിന്‍ഡീസ് 182 റണ്‍സ് നേടിയത് ഇന്ത്യയുടെ പരിതാപകരമായ ഫീല്‍ഡിംഗ് ഒന്നുകൊണ്ടു മാത്രമാണ്. അഞ്ചു നിര്‍ണായക ക്യാച്ചുകളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞത്.

വിജയം നായകന്‍ ധോണിക്കു നല്‍കിയതു പുതിയ ഒരു റിക്കാര്‍ഡാണ്. വിദേശത്ത് ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച നായകന്‍ എന്ന റിക്കാര്‍ഡാണ് ധോണി ഇന്നലെ സ്വന്തമാക്കിയത്. സൌരവ് ഗാംഗുലിയുടെ 58 വിജയങ്ങള്‍ എന്ന റിക്കാര്‍ഡ് 59 ആക്കിയാണ് ധോണി തിരുത്തിയത്.

ക്രിസ് ഗെയില്‍ എന്ന മഹാമേരുവില്‍ പ്രതീക്ഷയര്‍പ്പിച്ച് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് നിരാശയായിരുന്നു ഫലം. സ്കോര്‍ബോര്‍ഡില്‍ എട്ടു റണ്‍സ് മാത്രമുള്ളപ്പോള്‍ ഡ്വെയ്ന്‍ സ്മിത്തിനെ പുറത്താക്കി മുഹമ്മദ് ഷാമി ആദ്യ ബ്രേക്ത്രൂ നല്‍കി. തൊട്ടുപിന്നാലെ സ്മുവല്‍സ് റണ്ണൌട്ടായി. അപ്പോഴും പ്രതീക്ഷയായി ക്രിസ് ഗെയില്‍ ക്രിസീലുണ്ടായിരുന്നു. എന്നാല്‍, ഷാമിയെ അടിച്ചോടിക്കാന്‍ ശ്രമിച്ച ഗെയിലിനു പവലിയനിലേക്കു മടങ്ങാനായിരുന്നു വിധി. മോഹിത് ശര്‍മയ്ക്കു ക്യാച്ച്. പെര്‍ത്തിലെ വാക്ക സ്റ്റേഡിയം വിന്‍ഡീസ് ബാറ്റ്സ്മാന്മാരുടെ ശവപ്പറമ്പാവുകയായിരുന്നു. 21 റണ്‍സെടുത്ത് ഗെയില്‍ പുറത്തായി. സാമുവല്‍സ്(2), കാര്‍ട്ടര്‍(21), രാംദിന്‍(0), സിമോണ്‍സ്(9), റസല്‍(9) എന്നിവര്‍ ഒന്നിനു പിറകേ ഒന്നായി കൂടാരം കയറി.


57 റണ്‍സെടുത്ത ജാസന്‍ ഹോള്‍ഡറുടെ ബാറ്റിംഗാണ് വിന്‍ഡീസിനെ രക്ഷിച്ചത്. 26 റണ്‍സെടുത്ത സമി ഭേദപ്പെട്ട പിന്തുണയും നല്‍കി. ഒമ്പതാം വിക്കറ്റില്‍ അടിച്ചെടുത്ത 51 റണ്‍സാണ് വിന്‍ഡീസ് സ്കോര്‍ 150 കടത്തിയത്. ഇന്ത്യക്കുവേണ്ടി മുഹമ്മദ് ഷാമി മൂന്നും ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടും വിക്കറ്റ് നേടി. ആര്‍. അശ്വിനും മോഹിത് ശര്‍മയ്ക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വളരെ വേഗം ലക്ഷ്യം നേടാമെന്ന വിശ്വാസത്തിലായിരുന്നു. എന്നാല്‍, അഞ്ചാം ഓവര്‍ മുതല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഒമ്പതു റണ്‍സെടുത്ത ധവാന്റെ വിക്കറ്റാണ് ആദ്യം വീണത്. പിന്നാലെ ഏഴു റണ്‍സെടുത്ത രോഹിതും മടങ്ങിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി. ഇരുവരെയും വീഴ്ത്തിയത് ജറോം ടെയ്ലറായിരുന്നു. വിരാട് കോഹ്ലി എത്തിയതോടെ ഇന്ത്യക്കു പ്രതീക്ഷയേറി. രഹാനെയും കോഹ്്ലിയും ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ അടിച്ചെടുത്ത 43 റണ്‍സ് കൂട്ടുക്കെട്ട് ഇന്ത്യക്ക് അല്‍പ്പം പ്രതീക്ഷയായി. എന്നാല്‍ പതിനഞ്ചാം ഓവറില്‍ ഈ കൂട്ടുകെട്ട് പൊളിച്ചുകൊണ്ട് റസല്‍ ആഞ്ഞടിച്ചു. 33 റണ്‍സെടുത്ത കോഹ്ലി മടങ്ങി.

പിന്നാലെ രഹാനെ(14), സുരേഷ് റെയ്ന(22), രവീന്ദ്ര ജഡേജ (13) എന്നിവര്‍ പെട്ടെന്ന് കൂടാരം കയറിയതോടെ ഇന്ത്യ തോല്‍വി മുന്നില്‍ക്കണ്ടു. ഈയവസരത്തില്‍ അവസരത്തിനൊത്തുയര്‍ന്ന മഹേന്ദ്ര സിംഗ് ധോണി, ആര്‍. അശ്വിനെ കൂട്ടുപിടിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. വിന്‍ഡീസിനു വേണ്ടി ടെയ്ലര്‍, റസല്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം നേടി. വിജയത്തോടെ ഇന്ത്യ പൂള്‍ ബിയില്‍ ഒന്നാം സ്ഥാനത്തു തുടരുകയാണ്.

സ്കോര്‍ ബോര്‍ഡ്

വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ്

ഡ്വെയ്ന്‍ സ്മിത്ത് സി ധോണി ബി മുഹമ്മദ് ഷാമി 6, ക്രിസ് ഗെയ്ല്‍ സി മോഹിത് ശര്‍മ 21, സാമുവല്‍സ് റണ്ണൌട്ട് 2, കാര്‍ട്ടര്‍ സി മുഹമ്മദ് ഷാമി ബി അശ്വിന്‍ 21, രാംദിന്‍ ബി യാദവ് 0, സിമണ്‍സ് സി യാദവ് ബി മോഹിത് ശര്‍മ 9, ഡാരന്‍ സമി സി ധോണി ബി ഷാമി 26, ആന്ദ്രെ റസല്‍ സി കോഹ്്ലി ബി ജഡേജ 8, ജാസന്‍ ഹോള്‍ഡര്‍ സി കോഹ്്ലി ബി ജഡേജ 57, ടെയ്ലര്‍ സി ആന്‍ഡ് ബി യാദവ് 11, കെമര്‍ റോച്ച് നോട്ടൌട്ട് 0, എക്സ്ട്രാസ് 21.

ആകെ 44.2 ഓവറില്‍ 182

ബൌളിംഗ്

മുഹമ്മദ് ഷാമി 8-2-35-3, ഉമേഷ് യാദവ് 10-1-42-2, അശ്വിന്‍ 9-0-38-1, മോഹിത് ശര്‍മ 9-2-35-1, രവീന്ദ്ര ജഡേജ 8.2-0-27-2.

ഇന്ത്യ ബാറ്റിംഗ്

രോഹിത് ശര്‍മ സി രാംദിന്‍ ബി ടെയ്ലര്‍ 7, ശിഖര്‍ ധവാന്‍ സി സമി ബി ടെയ്ലര്‍ 9, വിരാട് കോഹ്്ലി സി സാമുവല്‍സ് ബി റസല്‍ 33, രഹാനെ സി രാംദിന്‍ ബി റോച്ച് 14, റെയ്ന സി രാംദിന്‍ ബി ഡ്വെയ്ന്‍

സ്മിത്ത് 22, ധോണി നോട്ടൌട്ട് 45, ജഡേജ സി സാമുവല്‍സ് ബി റസല്‍ 13, അശ്വിന്‍ നോട്ടൌട്ട് 16, എക്സ്ട്രാസ് 26.

ആകെ 39.1 ഓവറില്‍ ആറിന് 185.

ബൌളിംഗ്

ജറോം ടെയ്ലര്‍ 8-0-33-2, ജാസണ്‍ ഹോള്‍ഡര്‍ 7-0-29-0, റോച്ച് 8-1-44-1, റസല്‍ 8-0-43-2, സ്മിത്ത് 5-0-22-1, സാമുവല്‍സ് 3.1-0-10-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.