കൈവിട്ട കളികള്‍
കൈവിട്ട കളികള്‍
Friday, March 6, 2015 10:38 PM IST
മാത്തുക്കുട്ടി ടി. കൂട്ടുമ്മേല്‍

ക്യാച്ചുകള്‍ കളി ജയിപ്പിക്കുന്നു എന്ന ക്രിക്കറ്റിലെ ആപ്തവാക്യം ശരിയെന്ന വിധത്തിലാണ് 2015 ക്രിക്കറ്റ് ലോകകപ്പിലെ പല മത്സരങ്ങളുടെ ഫലവും കാണിക്കുന്നത്. നിര്‍ണായകമായ പല മത്സരങ്ങളുടെയും ഗതി നിര്‍ണയിക്കുന്നതിന് ക്യാച്ചുകള്‍ നിമിത്തമായി. വെണ്ണപുരുട്ടിയ കൈകളുമായെത്തിയ കളിക്കാര്‍ തങ്ങള്‍ കൈവിട്ട ക്യാച്ചുകള്‍ക്ക് കൊടുക്കേണ്ടിവന്ന വില വളരെ വലുതായിരുന്നു. ഒരു ക്യാച്ചിന്റെ വില അറിയാവുന്നവരാണ് ക്രിക്കറ്റിലെ എല്ലാ കളിക്കാരും അതു മറന്നുപോയാല്‍ ടീമിനെ വലിയ തോല്‍വിയിലേക്കായിരിക്കും നയിക്കുക. 1999 ലോകകപ്പില്‍ ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക സൂപ്പര്‍ സിക്സ് മത്സരത്തില്‍ സ്റീവ് വോ നല്‍കിയ അനായാസമായി കൈയിലൊതുക്കാമായിരുന്ന ക്യാച്ച് വിട്ടുകളഞ്ഞ ദക്ഷിണാഫ്രിക്കയുടെ മുന്‍ ബാറ്റ്സ്മാന്‍ ഹെര്‍ഷല്‍ ഗിബ്സിന് ആ ക്യാച്ചിന്റെ വില എത്രമാത്രമായിരുന്നെന്ന് നന്നായറിയാം.

ഇതുപോലെ ഒരു ക്യാച്ച് നഷ്ടപ്പെട്ടതുമൂലവും ക്യാച്ചെടുത്തതുമൂലവും ജയിച്ചതും തോറ്റതുമായ ടീമുകള്‍ ഈ ലോകകപ്പിലുണ്ട്.


ഫിഞ്ച്, കോഹ്ലി, ധവാന്‍, അംല, ഡുപ്ളസി...

ന്യൂസിലന്‍ഡ്-ശ്രീലങ്ക ഉദ്ഘാടന മത്സരത്തില്‍ റണ്ണൊന്നുമെടുക്കാതെ നിന്ന കെയ്ന്‍ വില്യംസണ്‍ വിക്കറ്റ് കീപ്പര്‍ കുമാര്‍ സംഗക്കാരയ്ക്കു നല്കിയ ക്യാച്ച് വിട്ടുകളഞ്ഞു. അതേ മത്സരതില്‍ തന്നെ 28 റണ്‍സില്‍ നില്‍ക്കേ വില്യംസണ്‍ നല്കിയ അവസരം ലങ്കന്‍ ഫീല്‍ഡര്‍മാര്‍ കൈയിലൊതുക്കിയില്ല. അവിടെനിന്നും മുന്നേറിയ വില്യംസണ്‍ ടീമിനെ മികച്ച നിലയിലെത്തിച്ചശേഷമാണു പുറത്തായത്. വില്യംസണ്‍ പുറത്താകുമ്പോള്‍ സ്വന്തം സ്കോര്‍ 57 ആയിരുന്നു. ആ മത്സരത്തില്‍ കോറി ആന്‍ഡേഴ്സണ്‍ 46ല്‍ നില്‍ക്കേ ഉയര്‍ത്തി വിട്ട പന്ത് കൈക്കലാക്കാന്‍ ജീവന്‍ മെന്‍ഡിസിനായില്ല. ആന്‍ഡേഴ്സന്റെ മുന്നേറ്റം പിന്നീട് 75 റണ്‍സിലാണ് പൂര്‍ത്തിയായത്. ആ മത്സരം ന്യൂസിലന്‍ഡ് 98 റണ്‍സിന് സ്വന്തമാക്കി.

രണ്ടാം മത്സരത്തില്‍ ഇംഗ്ളണ്ട് ആതിഥേയരായ ഓസ്ട്രേലിയയുമായി ഏറ്റുമുട്ടുന്നു. ടോസ് നേടി ഇംഗ്ളണ്ട് ഓസീസിനെ ബാറ്റിംഗിനുവിട്ടു. കളിയുടെ അഞ്ചാം പന്തില്‍ സ്കോര്‍ രണ്ടില്‍ നില്‍ക്കേ ആരോണ്‍ ഫിഞ്ച് നല്‍കിയ ക്യാച്ച് ക്രിസ് വോക്സ് നഷ്ടമാക്കി. അവിടെനിന്നും രക്ഷപ്പെട്ട ഫിഞ്ച് അര്‍ധ സെഞ്ചുറിയും കടന്ന് സ്വന്തം സ്കോര്‍ 135ലെത്തിയപ്പോഴാണ് പുറത്താകുന്നത്. ആ മത്സരത്തില്‍ ക്യാച്ച് നഷ്ടമാക്കല്‍ തുടര്‍ന്നു. ഗ്ളെന്‍ മാക്സ്വെല്‍ 42ല്‍ നില്‍ക്കേ ജോസ് ബട്ലറിനു നല്‍കിയ ക്യാച്ച് വിട്ടു. അടുത്ത രണ്ടു പന്തുകള്‍ ഫോറുകള്‍ പായിച്ചാണ് മാക്സ്വെല്‍ ആ രക്ഷപ്പെടല്‍ ആഘോഷിച്ചത്. അവസാനം മാക്സ്വെല്‍ 66 ലെത്തിയപ്പോഴാണ് പുറത്താകുന്നതും. മത്സരത്തില്‍ ഓസ്ട്രേലിയ ജയിച്ചു. ലോകകപ്പിലെ ഏറ്റവും ഗ്ളാമര്‍ പോരാട്ടമായ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തില്‍ ശിഖര്‍ ധവാന്‍ വെറും രണ്ടു റണ്‍സില്‍ നില്‍ക്കേ നില്‍കിയ ക്യാച്ച് ഫീല്‍ഡര്‍മാര്‍ക്കു കൈയിലാക്കാനായില്ല. ആ മത്സരത്തില്‍ സെഞ്ചുറി നേടിയ കോഹ്ലിക്കും അര്‍ധസെഞ്ചുറിയുമായി മികച്ച പിന്തുണ നല്കിയ ധവാനും പലപ്പോഴും ജീവന്‍ ലഭിച്ചു. കോഹ്ലി മൂന്നു റണ്‍സില്‍ നില്‍ക്കേ നല്‍കിയ അവസരം കൈയിലൊതുക്കാന്‍ യാസിര്‍ ഷായ്ക്കായില്ല. ഈ രണ്ട് അവസരങ്ങളും ഇരുവരും അര്‍ധ സെഞ്ചുറി തികച്ച് ആസ്വദിച്ചു. ധവാന്‍-കോഹ്ലി കൂട്ടുകെട്ടില്‍ ഇരുന്നൂറു റണ്‍സിലേറെയാണ് പിറന്നത്. പിന്നീടെല്ലാം ചരിത്രം.

ലോകകപ്പിലെ അഞ്ചാം മത്സരത്തില്‍ വെസ്റ് ഇന്‍ഡീസ് ദുര്‍ബലരെന്ന് വിശേഷിപ്പിക്കാവുന്ന അയര്‍ലന്‍ഡുമായി ഏറ്റുമുട്ടുന്നു. വിന്‍ഡീസ് അയര്‍ലന്‍ഡിന് 305 റണ്‍സ് വിജയ ലക്ഷ്യം നല്‍കി. എഡ് ജോയ്സ് 42 റണ്‍സില്‍ നില്‍ക്കേ നല്‍കിയ ഒരു ക്യാച്ച് അവസരം മുതലാക്കാനും ആരുമുണ്ടായില്ല. ജോയ്സ് അര്‍ധസെഞ്ചുറി കടന്ന് ടീമിനെ മുന്നോട്ടു നയിച്ചുകൊണ്ടിരുന്നു. ആ മത്സരത്തില്‍ നീല്‍ ഓ ബ്രയാന് 27ല്‍ വച്ചും 38ല്‍ വച്ചും രണ്ടു ജീവന്‍ കിട്ടി. ഓ ബ്രയാന്‍ അര്‍ധ സെഞ്ചുറിയും കടന്ന് ടീമിനെ വിജയത്തിലേക്കു നയിച്ചു.


പത്താം മത്സരത്തില്‍ പാക്കിസ്ഥാനും വെസ്റ് ഇന്‍ഡീസും ഏറ്റുമുട്ടുന്നു. പാക്കിസ്ഥാനു ജയം അനിവാര്യമായ മത്സരം. പാക്കിസ്ഥാന്‍ ഫീല്‍ഡര്‍മാര്‍ അനായാസ ക്യാച്ചുകള്‍ പോലും കൈയിലാക്കാന്‍ പാടുപെടുന്നത് ആ മത്സരത്തില്‍ കണ്ടു. സ്മിത്ത് സ്വന്തം സ്കോര്‍ 11ല്‍ നില്‍ക്കേ നല്‍കിയ ക്യാച്ച് നസീര്‍ ജംഷീദ് നഷ്ടപ്പെടുത്തി. സാമുവല്‍സ് 27 റണ്‍സില്‍ നില്‍ക്കേ നല്‍കിയ അനായാസക്യാച്ച് മുതിര്‍ന്ന താരം ഷാഹിദ് അഫ്രീദി വിട്ടുകളഞ്ഞു. ബ്രാവോ 45 വച്ചു നല്‍കിയ ക്യാച്ചും അഫ്രീദിക്ക് സ്വന്തമാക്കാനായില്ല. വെസ്റ് ഇന്‍ഡീസ് ബാറ്റ്സ്മാന്മാര്‍ പാക്കിസ്ഥാന്‍ ഫീല്‍ഡര്‍മാരുടെ വെണ്ണ പുരുട്ടിയ കൈകള്‍ നല്കിയ ആനുകൂല്യം ശരിക്കും മുതലെടുത്തു.

ലോകകപ്പിലെ മറ്റൊരു ഗ്ളാമര്‍ പോരാട്ടത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയും ഇന്ത്യയും നേര്‍ക്കുനേര്‍. ഇന്ത്യയുടെ തുടക്കം സാവധാനം, ഒരു വിക്കറ്റിന് 19 ഓവറില്‍ 79ല്‍ നില്‍ക്കുന്നു. ധവാനും കോഹ്ലിയും ക്രീസില്‍. ധവാന്‍ അപ്പോള്‍ 53 റണ്‍സില്‍നില്‍ക്കേല്‍ അംലയ്ക്കു നല്‍കിയ ക്യാച്ച് കൈയില്‍ തട്ടി തെറിച്ചു. ധവാന്‍ പിന്നീട് ഒരവസരവും കൊടുക്കാതെ മുന്നേറി. ഈ കുതിപ്പ് 137 റണ്‍സിലാണ് അവസാനിച്ചത്. ധവാനെ വിട്ടുകളഞ്ഞതിന്റെ നഷ്ടം ദക്ഷിണാഫ്രിക്കയ്ക്കു വലുതായിരുന്നു. അജിങ്ക്യ രഹാനെ-ധവാന്‍ കൂട്ടുകെട്ട് ഇന്ത്യയെ മികച്ച ശക്തമായ നിലയിലെത്തിച്ചു. ധവാന്റെ മികവില്‍ ഇന്ത്യ ഒരിക്കല്‍ക്കൂടി മൂന്നുറു റണ്‍സ് കടന്നു. ദക്ഷിണാഫ്രിക്ക 177ന് പുറത്തായി. ഇന്ത്യ ആദ്യമായി ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തു.

ശ്രീലങ്ക-ബംഗ്ളാദേശ് മത്സരത്തിലും ക്യാച്ച് നഷ്ടമാക്കുന്നതു കണ്ടു. ലങ്ക ആദ്യം ബാറ്റ് ചെയ്യുന്നു. ആദ്യ ഓവറിന്റെ നാലാം പന്തില്‍ റണ്ണൊന്നുമെടുക്കാതിരുന്ന തിരുമനെ നല്‍കിയ ക്യാച്ച് അമാനുള്‍ ഹഖ് നഷ്ടപ്പെടുത്തി ബംഗ്ളാദേശിന്റെ ഗംഭീര തുടക്കം തകര്‍ത്തു. അതിനുശേഷവും തിരുമനെ ഏഴില്‍ നില്‍ക്കേ നല്‍കിയ ക്യാച്ചും വിട്ടുകളഞ്ഞു.

22ലെത്തിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ മുഷ്ഫിക്കര്‍ റഫീമിനും പന്ത് ഗ്ളൌസിനുള്ളിലാക്കാനായില്ല. ഒന്നിനു പിറകെ ഒന്നായി ജീവന്‍ ലഭിച്ച തിരിമനെ 52 റണ്‍സില്‍ പുറത്തായി. ആ മത്സരത്തില്‍ സംഗക്കാര 23 റണ്‍സില്‍ നില്‍ക്കേ നല്‍കിയ ഒരവസരം ക്യാച്ചാക്കാനായില്ല. പിന്നീട് 60ല്‍ വച്ചും സംഗയെ മോമിനുള്‍ ഹഖിനു കൈക്കലാക്കാന്‍ സാധിച്ചില്ല. രണ്ടു ജീവന്‍ സംഗ പുറത്താകാതെ നേടിയ 105 റണ്‍സുകൊണ്ട് ആഘോഷമാക്കി.

ഇംഗ്ളണ്ട്-ശ്രീലങ്ക മത്സരത്തിലും ക്യാച്ചുകള്‍ വിട്ടുകളയുന്നത് കണാന്‍ സാധിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട്, ലങ്കയ്ക്കു 310 റണ്‍സ് വിജയലക്ഷ്യം നല്കി. മത്സരത്തില്‍ സെഞ്ചുറി നേടിയ തിരിമനെയെ വെറും മൂന്നു റണ്‍സില്‍ വച്ച് ജോസ് ബട്ലര്‍ വിട്ടുകളഞ്ഞു. തിരുമനെ 139 റണ്‍സുമായി പുറത്താകാതെനിന്ന് ലങ്കയെ ജയത്തിലേക്കു നയിച്ചു. ദക്ഷിണാഫ്രിക്ക-അയര്‍ലന്‍ഡ് മത്സരത്തില്‍ 10 റണ്‍സില്‍ അംല നല്കിയ ക്യാച്ച് എഡ് ജോയ്സും ഡു പ്ളസിയെ 19ല്‍ കെവിന്‍ ഓ ബ്രയാനും കൈവിട്ടതിനു നല്കേണ്ടിവന്ന വില വളരെ കനത്തതായിരുന്നു. രണ്ടുപേരും സെഞ്ചുറി നേടി. ഡുപ്ളസി 109 റണ്‍സും അംല 159 റണ്‍സും നേടി പുറത്തായി.

ഈ രണ്ടു ക്യാച്ചുകളും കൈക്കലാക്കാന്‍ ഐറിഷ് ഫീല്‍ഡര്‍മാര്‍ക്കായിരുന്നെങ്കില്‍ ചിലപ്പോള്‍ ഫലം മറ്റൊന്നാകുമായിരുന്നു. പാക്കിസ്ഥാന്‍-യുഎഇ മത്സരത്തില്‍ എട്ട് റണ്‍സുമായി നിന്ന അഹമ്മദ് ഷെഹ്ഷാദ് നല്കിയ ക്യാച്ച് സ്വന്തമാക്കാന്‍ ഖുറാം ഖാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പതിനൊന്ന് റണ്‍സിലും ഷെഹ്സാദിനെ കൈവിട്ടു. മത്സരത്തില്‍ ഷെഹ്സാദ് 93 റണ്‍സുമായി ടോപ് സ്കോററായി. ലോകകപ്പില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കണ്ട ഓസ്ട്രേലിയ-അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ ഡേവിഡ് വാര്‍ണര്‍ 114 റണ്‍സില്‍ നില്‍ക്കേ നല്‍കിയ ഒരവസരം ക്യാച്ചാക്കുന്നില്‍ വിക്കറ്റ് കീപ്പര്‍ പരാജയപ്പെട്ടിരുന്നു. പിന്നീട് വാര്‍ണര്‍ 150 റണ്‍സും കടന്ന് 178 റണ്‍സില്‍ പുറത്തായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.