ടീം ഇന്ത്യ ഢ/ട ഗെയ്ല്‍
ടീം ഇന്ത്യ    ഢ/ട ഗെയ്ല്‍
Friday, March 6, 2015 10:36 PM IST
പെര്‍ത്ത്: വിജയം തുടരാന്‍ ടീം ഇന്ത്യ ലോകകപ്പില്‍ തങ്ങളുടെ നാലാം മത്സരത്തിനിറങ്ങുമ്പോള്‍ പേടിപ്പിക്കുന്നത് ഒരുകാര്യമേയുള്ളൂ. വിന്‍ഡീസ് നിരയില്‍ ക്രിസ് ഗെയ്ല്‍ എന്ന മഹാമേരു ഉയര്‍ന്നുനില്‍ക്കുന്നു. കരീബിയന്‍ ഒറ്റയാന്റെ മദം പൊട്ടാതിരുന്നാല്‍ ധോണിക്കും കൂട്ടര്‍ക്കും ആശ്വസിക്കാം. മറിച്ച് ഗെയ്ല്‍ തിമിര്‍ത്താടിയാല്‍ ഏതു ലോകോത്തര ബൌളര്‍ നിനച്ചാലും കാര്യങ്ങള്‍ കുഴപ്പത്തിലാകും. എന്നാല്‍, ഫോമിന്റെ പരകോടിയില്‍ നില്‍ക്കുന്ന ഇന്ത്യയെ കൂട്ടിലടയ്ക്കാന്‍ പ്രതാപകാലത്തെ നല്ല ഓര്‍മകള്‍ മാത്രം വിന്‍ഡീസിന്റെ ആള്‍ക്കൂട്ടത്തിനാകുമോയെന്നാണ് മില്യണ്‍ ഡോളര്‍ ചോദ്യം. ഉച്ചയ്ക്കു 12 മുതല്‍ മത്സരം തത്സമയം.

ടീം ഇന്ത്യ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്. കളിച്ച മൂന്നുകളിയും ആധികാരിമായി ജയിച്ചത് താരങ്ങളുടെ ശരീരഭാഷയില്‍ തന്നെ വ്യക്തമാണ്. റണ്‍വേട്ടയിലോ വിക്കറ്റ് വീഴ്ത്തുന്നതിലോ ഇന്ത്യയുടെ താരങ്ങള്‍ക്കാര്‍ക്കും ആദ്യ അഞ്ചില്‍ സ്ഥാനമില്ല. ടീമിലെ എല്ലാ അംഗങ്ങളും തങ്ങളുടെ സംഭാവന നല്കുന്നുവെന്ന് സാരം. ഇന്നു പെര്‍ത്തില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ ആധിപത്യം ഇന്ത്യക്കുതന്നെ. കോഹ്ലി വിവാദം മാത്രമായിരിക്കും ടീമിനെ കുറച്ചെങ്കിലും അലട്ടുന്നത്. മറുവശത്ത് പടലപിണക്കങ്ങള്‍ ഗ്രസിച്ച വിന്‍ഡീസ് ടീമിന് വിജയത്തില്‍ കുറഞ്ഞൊന്നും മതിയാകില്ല. നാലു മത്സരത്തില്‍നിന്നും നാലു പോയിന്റാണ് ജാസണ്‍ ഹോള്‍ഡറുടെ ടീമിന്റെ സമ്പാദ്യം. ക്വാര്‍ട്ടറിലെത്തണമെങ്കില്‍ ഇന്ന് ജയം വേണം.

പരിശീലനത്തിനിടെ ഇന്നലെ ഫാസ്റ് ബൌളര്‍ മോഹിത് ശര്‍മയുടെ വലതുകൈയില്‍ പന്ത് കൊണ്ടിരുന്നു. അതോടെ മോഹിത് പരിശീലനം മതിയാക്കുകയും ചെയ്തു. വൈകുന്നേരത്തോടെ കാര്യമായ പരിക്കില്ലെന്ന വാര്‍ത്തയെത്തിയത് ടീമിന് ആശ്വാസമായി. മറുവശത്ത് പുറംവേദന മൂലം ക്രിസ് ഗെയ്ല്‍ കുറച്ചുനേരമേ പരിശീലനത്തിനിറങ്ങിയുള്ളൂ. മുര്‍ദോഗ് യൂണിവേഴ്സിറ്റി ഗ്രൌണ്ടില്‍ ടീമംഗങ്ങളെല്ലാം പരിശീലനം നടത്തുമ്പോള്‍ കുറേ നേരം ഗെയ്ല്‍ ഏകനായി ഗാലറിയിലിരിക്കുകയായിരുന്നു. അവസാന സെഷനില്‍ മാത്രമാണ് ഗെയ്ല്‍ പരിശീലനത്തിനിറങ്ങിയത്. ഇന്നെന്തായാലും ഗെയ്ല്‍ കളിക്കുമെന്ന് മുഖ്യ സെലക്ടര്‍ ക്ളൈവ് ലോയ്ഡ് വ്യക്തമാക്കിയിട്ടുണ്ട്.

ജയം ശീലമാക്കി ടീം ഇന്ത്യ

ബാറ്റിംഗില്‍ മുന്‍നിര താരങ്ങളെല്ലാം ഫോമിലാണ്. എതിര്‍ബൌളര്‍മാരെ തച്ചുടച്ച് സ്ഫോടനാത്മക തുടക്കമാണ് ശിഖര്‍ ധവാന്‍ നല്കുന്നത്. രോഹിത് ശര്‍മയും ഫോമിലെത്തിയെന്ന് യുഎഇക്കെതിരായ മത്സരം തെളിയിച്ചു. മധ്യനിരയില്‍ കാര്യങ്ങള്‍ ഭംഗിയാക്കാന്‍ വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, സുരേഷ് റെയ്ന എന്നിവര്‍ക്കു കഴിയുന്നു. എന്നാല്‍, ധോണിക്കും ജഡേജയ്ക്കും ബാറ്റുകൊണ്ട് കാര്യമായ സംഭാവന നല്കനായിട്ടില്ല. നോക്കൌട്ട് മത്സരങ്ങള്‍ക്കു മുമ്പ് ഇരുവരും മികവിലേക്കുയരേണ്ടത് ടീമിന്റെ ആവശ്യമാണ്.


ടൂര്‍ണമെന്റിലെ ഏറ്റവും മോശം ബൌളിംഗ് നിര ഇന്ത്യയുടേതാണെന്നു പരിഹസിച്ചവര്‍ ഇപ്പോള്‍ അളവില്ലാതെ പ്രശംസ ചൊരിയുന്നിടത്തോളം എത്തിയിരിക്കുന്നു. ഷാമിയും മോഹിതും ഉമേഷുമെല്ലാം മികച്ച പേസും ബൌണ്‍സും കൊണ്ട് എതിരാളികളെ വട്ടംചുറ്റിക്കുന്നു. കളിച്ച മൂന്നു കളിയിലും എതിരാളികളുടെ മുഴുവന്‍ വിക്കറ്റും നേടാന്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ക്കായി. ചരിത്രത്തില്‍ത്തന്നെ ആദ്യമായിരിക്കുമിത്. മധ്യ ഓവറുകളായിരുന്നു നേരത്തെ ഇന്ത്യയുടെ ദൌര്‍ബല്യം. എന്നാല്‍, അശ്വിനും ജഡേജയും പന്ത് സ്പിന്‍ ചെയ്യിച്ച് വിക്കറ്റ് വീഴ്ത്തുന്നു. യുഎഇക്കെതിരേ കളിക്കാതിരുന്ന ഷാമി ഇന്നിറങ്ങും. ഭുവനേശ്വര്‍ കുമാറായിരിക്കും പുറത്തിരിക്കുക. മറ്റു മാറ്റങ്ങള്‍ക്കു സാധ്യതയില്ല.

വെള്ളം കുടിപ്പിക്കുമോ വിന്‍ഡീസ്

അപ്രവചനീയത മുഖമുദ്രയാക്കിയ വിന്‍ഡീസിന്റെ ലോകകപ്പിലെ പ്രകടനങ്ങളൊന്നും ആരാധകരെ തൃപ്തരാക്കുന്നില്ല. അയര്‍ലന്‍ഡിനെതിരേ 300 റണ്‍സിനു മുകളില്‍ അടിച്ചങ്കിലും ദയനീയമായി തോറ്റു. സിംബാബ്വെയെയും പാക്കിസ്ഥാനെയും തൊട്ടുപിന്നാലെ നടന്ന മത്സരങ്ങളില്‍ കീഴടക്കിയത് ആധികാരികമായി. എന്നാല്‍, ദക്ഷിണാഫ്രിക്കയ്ക്കെതിരേ കവാത്ത് മറന്നു. ഇന്ന് വിന്‍ഡീസ് പ്രതീക്ഷകളെല്ലാം ക്രിസ് ഗെയ്ലില്‍ തന്നെ. ഡാരന്‍ ബ്രാവോയ്ക്കു പകരമെത്തിയ ജോണ്‍സണ്‍ ചാള്‍സ് ഇന്ന് വണ്‍ ഡൌണായി കളിച്ചേക്കുമെന്നു സൂചനയുണ്ട്. അങ്ങനെ വന്നാല്‍ ജോനാഥന്‍ കാള്‍ട്ടര്‍ക്കു സ്ഥാനം നഷ്ടമാകും.

ബൌളിംഗ് നിരയില്‍ കാര്യമായ മാറ്റത്തിനു സാധ്യതയില്ല. മികച്ച പേസില്‍ പന്തെറിയുന്ന ജെറോം ടെയ് ലര്‍, നായകന്‍ ജാസണ്‍ ഹോള്‍ഡര്‍, സ്പിന്നര്‍ സുലൈമന്‍ ബെന്‍ എന്നിവരാകും സ്പെഷലിസ്റ് ബൌളര്‍മാര്‍. ഒപ്പം ആന്ദ്രെ റസലും ഡാരന്‍ സമിയും ചേരുന്നതോടെ ബൌളിംഗ് നിര പൂര്‍ണം. മികച്ച ഫോമിലുള്ള ഇന്ത്യന്‍ നിരയെ വരിഞ്ഞുകെട്ടാന്‍ ഇത്രയൊക്കെ മതിയോ എന്ന ചോദ്യം ബാക്കിയാകുന്നു. പേസര്‍മാരുടെ പറുദീസയായിരുന്ന പെര്‍ത്തിലെ പിച്ചില്‍ റണ്ണൊഴുകുമെന്നു ക്യൂറേറ്റര്‍മാര്‍ ഉറപ്പുനല്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.