യുഎഇ തകര്‍ത്ത് പാക്കിസ്ഥാന്‍
യുഎഇ തകര്‍ത്ത് പാക്കിസ്ഥാന്‍
Thursday, March 5, 2015 10:52 PM IST
നേപ്പിയര്‍: മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ ഫോമിലെത്തിയ മത്സരത്തില്‍ പാക്കിസ്ഥാന്‍ 129 റണ്‍സിന് യുഎഇയെ കീഴടക്കി. ജയത്തോടെ പൂള്‍ ബിയില്‍ നാലുപോയിന്റുമായി നാലാമതെത്താനും മിസ്ബാ ഉള്‍ഹഖിനും സംഘത്തിനുമായി. നാസീര്‍ ജംഷദ് ഒഴികെയുള്ള മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ക്കെല്ലാം രണ്ടക്കം കടക്കാനായി. 105 പന്തില്‍ 93 റണ്‍സെടുത്ത ഓപ്പണര്‍ അഹമ്മദ് ഷെഹ്സാദാണ് കളിയിലെ താരം. സ്കോര്‍: പാക്കിസ്ഥാന്‍ 50 ഓവറില്‍ ആറിന് 339, യുഎഇ 50 ഓവറില്‍ എട്ടിന് 210.

ശനിയാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിര്‍ണായകമത്സരത്തിനു മുമ്പ് ന്യൂസിലന്‍ഡിലെ പിച്ചുകളുമായി പരിചയപ്പെടാനുള്ള അവസരം പാക് പട ഇന്നലെ ശരിക്കും വിനിയോഗിച്ചു. നാലാം ഓവറില്‍ത്തന്നെ നാലുറണ്‍സെടുത്ത നാസീര്‍ ജംഷാദിനെ പാക്കിസ്ഥാനു പുറത്തായി. ബൌളിംഗ് തെരഞ്ഞെടുത്ത തീരുമാനം ശരിവയ്ക്കുന്ന രീതിയിലായിരുന്നു യുഎഇയുടെ ആദ്യ പത്തോവറിലെ ബൌളിംഗ്. എന്നാല്‍ മിന്നും ഫോമിലുള്ള ഷെഹ്സാദിനൊപ്പം ഹാരിസ് സൊഹൈയ്ല്‍ ചേര്‍ന്നതോടെ റണ്ണൊഴുകാന്‍ തുടങ്ങി. 33-ാം ഓവറില്‍ സൊഹൈയ്ല്‍ 70 റണ്‍സെടുത്തു പുറത്തായെങ്കിലും പിന്നാലെ വന്നവരെല്ലാം തകര്‍പ്പന്‍ ബാറ്റിംഗാണ് പുറത്തെടുത്തത്. 39-ാം ഓവറിലാണ് ടീം സ്കോര്‍ 200 കടക്കുന്നത്. അവസാന ഓവറുകളില്‍ മിസ്ബാ ഉള്‍ഹഖും (49 പന്തില്‍ 65) സൊഹൈബ് മക്സൂദും (31 പന്തില്‍ 65) കത്തിക്കയറി. 143 റണ്‍സ് പിറന്ന അവസാന 12 ഓവറുകളുടെ പിന്‍ബലത്തില്‍ പാക് ഇന്നിംഗ്സ് പൂര്‍ത്തിയായത് 339 റണ്‍സിന്. യുഎഇയ്ക്കായി ഇടംകൈയന്‍ പേസര്‍ അജന്ത ഗുരുംഗെ 56 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി.

ജയം എന്ന ചിന്ത മനസില്‍ പോലുമില്ലെന്ന് ഓര്‍മിപ്പിക്കുന്നതായിരുന്നു യുഎഇയുടെ മറുപടി ബാറ്റിംഗ്. 50 ഓവറും ബാറ്റ് ചെയ്യാനാണ് അവര്‍ ശ്രമിച്ചത്. 25 റണ്‍സെടുക്കുന്നതിനിടെ മൂന്നുവിക്കറ്റുകള്‍ വീണെങ്കിലും 200 കടക്കാന്‍ അവര്‍ക്കായി. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാംസ്ഥാനത്തെത്തിയ ഷൈമാന്‍ റഹ്മാന്‍(62) തന്റെ ക്ളാസ് ഒരിക്കല്‍ക്കൂടി തെളിയിച്ചു. 88 പന്തില്‍ നിന്നും നാലു ഫോറും ക്ളാസ് തെളിയിക്കുന്ന രണ്ടു സിക്സറും അടങ്ങിയതായിരുന്നു അന്‍വറിന്റെ ഇന്നിംഗ്സ്. ഖുറാം ഖാന്‍ (43), അംജദ് ജാവേദ് (33 പന്തില്‍ 40) എന്നിവരുടെ ഇന്നിംഗ്സ് കൂടി ചേര്‍ന്നതോടെ എട്ടിന് 210 എന്നനിലയില്‍ മറ്റൊരു ഏകപക്ഷീയ മത്സരം കൂടി അവസാനിച്ചു. മലയാളി താരം കൃഷ്ണചന്ദ്രന്‍ വീണ്ടും പൂജ്യത്തിനു പുറത്തായി. വഹാബ് റിയാസ്, ഷാഹിദ് അഫ്രീദി, സൊഹൈല്‍ ഖാന്‍ എന്നിവര്‍ പാക് നിരയില്‍ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. പരാജയത്തോടെ യുഎഇ പുറത്തായി.


സ്കോര്‍ബോര്‍ഡ്

പാക്കിസ്ഥാന്‍ ബാറ്റിംഗ്

ജംഷദ് സി ഖുറാന്‍ ഖാന്‍ ബി ഗുരുംഗെ 4, ഷെഹ്സാദ് റണ്ണൌട്ട് 93, ഹാരിസ് സി അന്‍വര്‍ ബി നവീദ് 70, മക്സൂദ് സി രോഹന്‍ ബി ഗുരുംഗെ 45, മിസ്ബാ ഉള്‍ഹഖ് സി രോഹന്‍ ബി ഗുരുംഗെ 65, ഉമര്‍ അക്മല്‍ സി അംജദ് ബി ഗുരുംഗെ 19, അഫ്രീദി നോട്ടൌട്ട് 21, വഹാബ് നോട്ടൌട്ട് 6. എക്സ്ട്രോസ് 16 ആകെ 50 ഓവറില്‍ ആറിന് 339

ബൌളിംഗ്

നവീദ് 10-0-50-1, ഗുരുംഗെ 8-0-56-4, ജാവേദ് 9-0-76-0, തൌഖ്വീര്‍ 10-0-52-0, ഖുറാം ഖാന്‍ 3-0-21-0, കൃഷ്ണചന്ദ്രന്‍ 8-0-58-0, രോഹന്‍ 2-0-23-0



യുഎഇ ബാറ്റിംഗ്

അംജദ് അലി ബി രഹത്ത് അലി 14, ബെറെന്‍ഗര്‍ സി അക്മല്‍ ബി സൊഹൈയ്ല്‍ ഖാന്‍ 2, കൃഷ്ണചന്ദ്രന്‍ സി അക്മല്‍ ബി സൊഹൈയ്ല്‍ ഖാന്‍ 0, ഖുറാംഖാന്‍ സി വഹാബ് ബി മക്സൂദ് 43, അന്‍വര്‍ സി ജംഷദ് ബി അഫ്രീദി 62, സ്വപ്നില്‍ ബി വഹാബ് 36, രോഹന്‍ സി ഷെഹ്സാദ് ബി അഫ്രീദി 0, അംജദ് സി സൊഹൈയ്ല്‍ ഖാന്‍ വഹാബ് 40, നവീദ് നോട്ടൌട്ട് 0, തൌഖ്വീര്‍ നോട്ടൌട്ട് 0 എക്സ്ട്രാസ് 13. ആകെ 50 ഓവറില്‍ എട്ടിന് 210

ബൌളിംഗ്

ഇര്‍ഫാന്‍ 3-1-2-0, സൊഹൈയ്ല്‍ ഖാന്‍ 9-2-54-2, രഹത്ത് അലി 10-0-30-1, വഹാബ് 10-1-54-2, അഫ്രീദി 10-1-35-2, മക്സൂദ് 5-0-16-1, ഹാരിസ് സൊഹൈയ്ല്‍ 3-0-18-0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.