ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്: യുണൈറ്റഡിനു ജയം, സിറ്റിക്കു തോല്‍വി
Monday, March 2, 2015 10:52 PM IST
ലണ്ടന്‍: വെയ്ന്‍ റൂണിയുടെ ഇരട്ട ഗോള്‍ മികവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്് സ്വന്തം കാണികള്‍ക്കു മുന്നില്‍ സണ്ടര്‍ലാന്‍ഡിനെ ഏകപക്ഷീയമായ രണ്ടു ഗോളിനു തോല്‍പ്പിച്ചു. റഫറിയുടെ വിവാദപരമായ തീരുമാനങ്ങള്‍ക്കും മത്സരം സാക്ഷ്യംവഹിച്ചു. 66, 84 മിനിറ്റുകളിലായിരുന്നു റൂണിയുടെ ഗോളുകള്‍ പിറന്നത്. മാഞ്ചസ്റര്‍ യുണൈറ്റഡ് തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചെങ്കിലും ഗോള്‍ നേടാനായില്ല. രണ്ടാം പകുതിയില്‍ 66ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റൂണി ആദ്യ ഗോള്‍ നേടി. റഡമേല്‍ ഫല്‍കോവയെ വീഴ്ത്തിയതിനായിരുന്നു സ്പോട് കിക്ക് വിധിച്ചത്. ജോണ്‍ ഓ ഷായായിരുന്നു ഫല്‍കാവോയെ വീഴ്ത്തിയത്. ഇതിനു റഫറി ചുവപ്പ് കാര്‍ഡ് പുറത്തെടുത്തു. 84ാം മിനിറ്റില്‍ അഡ്നന്‍ യനുസായിയുടെ പാസില്‍ റൂണി രണ്ടാം ഗോളും കുറിച്ചു. ജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 27 കളിയില്‍ 50 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.


പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെ ലിവര്‍പൂള്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു കീഴടക്കി. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്സണ്‍ (11), ഫിലിപ്പെ കുട്ടിഞ്ഞോ (75) എന്നിവരുടെ ഗോളിലാണ് ലിവര്‍പൂള്‍ വിജയം കുറിച്ചത്. 25ാം മിനിറ്റില്‍ എഡിന്‍ ഡെക്കോ സമനില നേടിയെങ്കിലും കുട്ടിഞ്ഞോ വിജയ ഗോള്‍ നേടി. ജയത്തോടെ ലിവര്‍പൂള്‍ അഞ്ചാം സ്ഥാനത്തെത്തി. 27 കളിയില്‍ 55 പോയിന്റുമായി സിറ്റി രണ്ടാം സ്ഥാനത്ത് തുടരുന്നു. 60 പോയിന്റുള്ള ചെല്‍സിയാണ് ഒന്നാമത്. വെസ്റ്റ്ബ്രോംവിച്ച് ഏകപക്ഷീയമായ ഒരു ഗോളിനു സതാംപ്ടണെ തോല്‍പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.