ചരിത്രമെഴുതി അഫ്ഗാന്‍
ചരിത്രമെഴുതി അഫ്ഗാന്‍
Friday, February 27, 2015 10:39 PM IST
ഡനീഡിന്‍: ലോക ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതിച്ചേര്‍ത്ത് അഫ്ഗാനിസ്ഥാന്‍ ലോകകപ്പില്‍ തങ്ങളുടെ കന്നിജയം സ്വന്തമാക്കി. അത്യന്തം ആവേശകരമായ മത്സരത്തില്‍ സ്കോട്ലന്‍ഡിനെ ഒരു വിക്കറ്റിനാണവര്‍ കീഴടക്കിയത്. 211 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങി അഫ്ഗാന്‍ ഒരുഘട്ടത്തില്‍ ഏഴിന് 97 എന്നനിലയിലായിരുന്നു. തോല്‍വിയിലേക്കു നീങ്ങുകയായിരുന്ന അവരെ കാത്തത് ഷമിയുള്ള ഷെന്‍വാരിയുടെ ബാറ്റിംഗ് പ്രകടനമാണ്. 147 പന്തില്‍ നിന്നും 96 റണ്‍സെടുത്ത ഷെര്‍വാരിയാണ് കളിയിലെ താരം. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സ്കോട്ലന്‍ഡ് 210 റണ്‍സെടുത്തിരുന്നു. സ്കോര്‍: സ്കോട്ലന്‍ഡ് 210ന് എല്ലാവരും പുറത്ത്, അഫ്ഗാനിസ്ഥാന്‍ 49.3 ഓവറില്‍ ഒമ്പതിന് 211.

അഫ്ഗാനിസ്ഥാന്‍ പതാകയുമേന്തി യൂണിവേഴ്സിറ്റി ഓവലിലെത്തിയ ആരാധകക്കൂട്ടത്തെ നിരാശപ്പെടുത്താതെയാണ് നവ്റോസ് മംഗളും ജാവേദ് അഹമ്മദിയും സ്കോട്ടിഷ് സ്കോര്‍ പിന്തുടരാന്‍ തുടങ്ങിയത്. 51 പന്തില്‍ 51 റണ്‍സെടുത്ത ജാവേദ് അഹമ്മദി പുറത്താകുമ്പോള്‍ രണ്ടിന് 85 ശക്തമായ നിലയിലായിരുന്ന അഫ്ഗാനിസ്ഥാന്‍. എന്നാല്‍ കണ്ണടച്ചു തുറക്കുന്നതിനു മുമ്പേ അഞ്ചുവിക്കറ്റുകള്‍ നഷ്ടമായി. ഇതോടെ ഏഴിനു 97 എന്നനിലയിലായി അവര്‍. ഗാലറികളില്‍ ന്യൂനപക്ഷമായിരുന്ന സ്കോട്ടീഷ് ആരാധകര്‍ വിജയം ഉറപ്പിച്ച സന്ദര്‍ഭം.

എന്നാല്‍, യുദ്ധം തകര്‍ത്ത നാട്ടില്‍ നിന്നും വരുന്ന സമിയുള്ള ഷെന്‍വാരിയെന്ന 28കാരന്‍ കീഴടങ്ങാന്‍ തയാറല്ലായിരുന്നു. ദവ്ലത് സദ്രാനൊപ്പം ആദ്യം 35 റണ്‍സിന്റെ കൂട്ടുകെട്ട്. സ്കോര്‍ബോര്‍ഡില്‍ 132 റണ്‍സുള്ളപ്പോള്‍ സദ്രാന്റെ രൂപത്തില്‍ എട്ടാംവിക്കറ്റ് നഷ്ടമായി. പിന്നീടെത്തിയ ഹമീദ് ഹസനെ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ സംരക്ഷിച്ചുനിര്‍ത്താനായിരുന്നു ഷെന്‍വാരി തുടക്കത്തില്‍ ശ്രമിച്ചത്. ഇടയ്ക്കു അലക്ഷ്യഷോട്ട് കളിച്ച ഹസനെ ശാസിക്കാനും മറന്നില്ല.

39-ാം ഓവറില്‍ മത്സരത്തിലെ ആദ്യ സിക്സര്‍ പറത്തി തോല്‍വിയുടെ ഭാരം കുറയ്ക്കുകയല്ല ജയം തന്നെയാണ് ലക്ഷ്യമെന്ന സൂചനയും നല്കി. ഇതിനിടെ ഷെന്‍വാരി നല്കിയ അവസരം സ്ളിപ്പില്‍ മജീദ് ഹഖ് വിട്ടുകളഞ്ഞത് നിര്‍ണായകമായി. സിംഗിളുകളും അപൂര്‍വമായി ബൌണ്ടറിയും കണ്െടത്തി അഫ്ഗാന്‍ പതിയെ ലക്ഷ്യത്തോടു അടുത്തുകൊണ്ടിരുന്നു. ഹഖ് എറിഞ്ഞ 47-ാം ഓവറില്‍ മൂന്നു സിക്സറുകള്‍ പറത്തി ഷെന്‍വരി വിജയത്തിലേക്കുള്ള ദൂരം കുറച്ചു.

എന്നാല്‍, ആ ഓവറിലെ അഞ്ചാംപന്തും സിക്സര്‍ പായിക്കാനുള്ള ശ്രമം പാളി. ബൌണ്ടറിലൈനരികെ ജോണ്‍ ഡേവിക്കു ക്യാച്ച്. 19 പന്തുകളില്‍ അത്രയും തന്നെ റണ്‍സ് കൂടി വേണമായിരുന്നു ഷെന്‍വാരി പുറത്താകുമ്പോള്‍. എന്നാല്‍, ആറരയടി ഉയരമുള്ള നീളം മുടിക്കാരന്‍ ഷപൂര്‍ സദ്രാന്‍ പതിനൊന്നാമന്റെ പരിഭ്രവമൊന്നും കാണിക്കാതെ ബാറ്റുവീശി. അവസാന ഓവര്‍ തുടങ്ങുമ്പോള്‍ ജയിക്കാന്‍ വേണ്ടത് അഞ്ചുറണ്‍സ്. ആര്‍ക്കുവേണമെങ്കിലും ജയിക്കാവുന്ന അവസ്ഥ. ഇതോടെ കാണികളും താരങ്ങളും പിരിമുറുക്കത്തിലായി. ഇയാന്‍ വാര്‍ഡ്ലോയുടെ ആദ്യപന്തില്‍ സിംഗിള്‍. എന്നാല്‍ രണ്ടാംപന്തില്‍ സദ്രാന് റണ്ണെടുക്കാന്‍ സാധിച്ചില്ല. മൂന്നാംപന്ത് സദ്രാന്റെ ബാറ്റില്‍നിന്നും ബൌണ്ടറി കടന്നതോടെ അഫ്ഗാന്‍ പുതുചരിത്രമെഴുതി.


നേരത്തേ തകര്‍ച്ചയോടെ തന്നെയായിരുന്നു സ്കോട്ലന്‍ഡിന്റെയും തുടക്കം. ഒരുഘട്ടത്തില്‍ എട്ടിനു 144 എന്നനിലയില്‍ പതറിയ സ്കോട്ടിഷ് നിരയെ മാന്യമായ സ്കോറിലെത്തിച്ചത് 31 റണ്‍സെടുത്ത മജീദ് ഹഖിന്റെയും ആന്ദ്രേ ഇവാന്‍സിന്റെയും (28) ചെറുത്തുനില്പായിരുന്നു. അഫ്ഗാനായി ഷപൂര്‍ സദ്രാന്‍ 38 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി.



സ്കോര്‍ബോര്‍ഡ്

സ്കോട്ട്ലന്‍ഡ് ബാറ്റിംഗ്

കോട്സര്‍ ബി ദവ്ളത് സദ്രാന്‍ 25, മക്ലോഡ് സി നജീബുള്ള ബി ദവ്ളത് 0, ഗാര്‍ഡിനെര്‍ എല്‍ബിഡബ്ള്യു ഹസന്‍ 5, മച്ചാന്‍ ബി നബി 31, മോംസണ്‍ സി സാസി ബി നയ്ബ് 23, ബെറിംഗ്ടണ്‍ സി സാസി ബി ദവ്ളത് 25, ക്രോസ് സി സാസി ബി ഷപൂര്‍ 15, ഡേവി സി ഹസന്‍ ബി ഷപൂര്‍ 1, ഹഖ് സി നയ്ബ് ബി ഷപൂര്‍ 31, ഇവാന്‍സ് സി നബി ബി ഷപൂര്‍ 28, വാര്‍ഡ്ലോ നോട്ടൌട്ട് 1 എക്സ്ട്രാസ് 25. ആകെ 50 ഓവറില്‍ 210ന് എല്ലാവരും പുറത്ത്.

ബൌളിംഗ്

ഷപൂര്‍ 10-1-38-4, ദവ്ളത് 10-1-29-3, ഹസന്‍ 10-1-32-1, നബി 10-0-38-1, നയ്ബ് 9-0-53-1, അഹമ്മദി 1-0-8-0

അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ്

അഹമ്മദി സി മച്ചാന്‍ ബി ബെറിംഗ്ടണ്‍ 51, മംഗള്‍ ബി ഇവാന്‍സ് 7, സ്റാനിസ്കി സി ക്രോസ് ബി ഇവാന്‍സ് 4, ഷെര്‍വാനി സി ഡേവി ബി ഹഖ് 96, നബി എല്‍ബിഡബ്ള്യു ഡേവി 1, സാസി എല്‍ബിഡബ്ള്യു ബെറിംഗ്ടണ്‍ 0, നജീബുള്ള സി ഹഖ് ബി ബെറിംഗ്ടണ്‍ 4, നയ്ബ് സി ഹഖ് ബി ഡേവി 0, ദവ്ളത് സി മോംസണ്‍ ബി ബെറിംഗ്ടണ്‍ 9, ഹസന്‍ നോട്ടൌട്ട് 15, ഷപൂര്‍ നോട്ടൌട്ട് 12, എക്സ്ട്രാസ് 12 ആകെ 49.3 ഓവറില്‍ ഒമ്പതിന് 211

ബൌളിംഗ്

വാര്‍ഡ്ലോ 9.3-0-61-0, ഡേവി 10-1-34-2, ഇവാന്‍സ് 10-1-30-2, ഹഖ് 10-0-45-1, ബെറിംഗ്ടണ്‍ 10-0-40-4
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.