സച്ചിന്‍ വന്നു, ആവേശം പെയ്തിറങ്ങി
സച്ചിന്‍ വന്നു, ആവേശം പെയ്തിറങ്ങി
Monday, February 2, 2015 1:00 AM IST
റിച്ചാര്‍ഡ് ജോസഫ്

തിരുവനന്തപുരം: ഭാരതം മുഴുവന്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് എത്തിനോക്കിയ മുഹൂര്‍ത്തം. എല്ലാ കണ്ണുകളും കാതുകളും അവിടേക്കായിരുന്നു. മുപ്പത്തഞ്ചാമത് നാഷണല്‍ ഗെയിസിന്റെ ഉദ്ഘാടന വേദിയയായ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റേഡിയത്തില്‍. വൈകുന്നേരം ആറു മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന പരിപാടി കാണുന്നതിന് രാവിലെ 10 മുതല്‍ തന്നെ ആളുകള്‍ സ്റേഡിയത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു. 12 മണിയോടെ സ്റ്റേഡിയത്തിന്റെ പ്രധാന ഗാലറികളിലെല്ലാം നിറഞ്ഞു തുടങ്ങി. മൂന്നു മണിയോടെ വിഐപി ഗാലറികള്‍ ഒഴികെയുള്ള ഗാലറിയും.

കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ളവരും സ്റേഡിയത്തിനുള്ളില്‍ നിലയുറപ്പിച്ചിരുന്നു. പിന്നെ മാര്‍ച്ച് പാസ്റില്‍ പങ്കെടുക്കാന്‍ വരുന്നവരുടെ തിരക്കായി. കാഷ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ളവരുടെ നീണ്ട നിര. എല്ലാവരെയും പാസ് പരിശോധിച്ച ശേഷമാണ് പ്രധാന ഗെയിറ്റില്‍ നിന്നും അകത്തേക്കു കടത്തിവിട്ടത്. അഞ്ചു മണിയോടെ മുപ്പത്തിയഞ്ചാമത് നാഷണല്‍ ഗെയിംസ് ഉദ്ഘാടന ചടങ്ങിലെ മുഖ്യ ആകര്‍ഷണമായ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്റേഡിയത്ത—ലേക്ക് എത്തി. ഉദ്്ഘാടന വേദിയിലെത്തിയ അദ്ദേഹം വേദിയിലുണ്ടായിരുന്ന മന്ത്രിമാരും മറ്റ് കായിക താരങ്ങളുമായും കുറച്ചുനേരം ചെലവഴിച്ചു. പിന്നെ തിനിക്ക് അനുവദിച്ചിരുന്ന കസേരയിലേക്ക്. കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു, കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സൊനോവാള്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം മറ്റു മന്ത്രിമാരും ഉദ്ഘാടന ചടങ്ങിനായി സ്റേഡിയത്തിലെത്തിയിരുന്നു. സച്ചിന്‍ ഇരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫി എടുക്കാനുള്ള ആവേശത്തിലായിരുന്നു ഗാലറിയിലുള്ള യുവതലമുറ.


സമയം വൈകുന്നേരം 6.10. സ്റേഡിയത്തിന് ചുറ്റം നിന്നും വര്‍ണനക്ഷത്രങ്ങള്‍ വാനിലേക്കുയര്‍ന്നു. പിന്നെ ആ നക്ഷത്രങ്ങള്‍ പതിനായിരക്കണക്കിന് ആളുകളിലേക്ക് ആവേശം വാരിവിതറി. രണ്ടു മിനിട്ട് മാത്രം നീണ്ടു നിന്ന കരിമരുന്നു പ്രയോഗത്തിനു ശേഷം മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയും സംഘവും മുഖ്യവേദിയിലെത്തി. പിന്നെ കൊട്ടിക്കയറിയ കുറച്ചു നിമിഷങ്ങള്‍. നാഷണല്‍ ഗെയിംസിനുള്ള മാര്‍ച്ച് പാസ്റിനുള്ള സമയമായി. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ മുതല്‍ അക്ഷരമാല ക്രമത്തില്‍ സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ മാര്‍ച്ച് പാസ്റില്‍ പങ്കെടുത്തു. ആന്ധ്രപ്രദേശില്‍നിന്നും അരുണാചല്‍ പ്രദേശില്‍ നിന്നും ആസാമില്‍നിന്നും ബിഹാറില്‍ നിന്നുമുള്ളവര്‍ മുന്‍ നിരയില്‍. ഏറ്റവും ഒടുവില്‍ ആതിഥേയരായ കേരളത്തിന്റെ പ്രതിനിധികള്‍. കേരളത്തനിമ വിളിച്ചോതുന്ന വേഷവിധാനത്തിലായിരുന്നു കേരളീയരുടെ മാര്‍ച്ച് പാസ്റ്. അപ്പോഴേക്കും ഏഴ് മണി കഴിഞ്ഞിരുന്നു. തൊട്ടുപിന്നാലെ ഉദ്ഘാടന സമ്മേളനം അരംഭിച്ചു.

ഔപചാരിക ചടങ്ങുകള്‍ കഴിഞ്ഞയുടന്‍ വീണ്ടും അന്തരീക്ഷത്തില്‍ വര്‍ണപ്രപഞ്ചം തീര്‍ത്തുകൊണ്ട് കരിമരുന്ന് പ്രയോഗം ആരംഭിച്ചു. അപ്പോഴും സ്റ്റേഡിയത്തിലെ കൂറ്റന്‍ എല്‍ഇഡി സ്ക്രീനില്‍ നാഷണല്‍ ഗെയിംസിന്റെ ഭാഗ്യ ചിഹ്നമായ അമ്മു വേഴാമ്പല്‍ സൈക്കില്‍ ചവിട്ടിയും തുഴഞ്ഞും ഉല്ലസിക്കുകയായിരുന്നു. തുടര്‍ന്നു നടന്ന കലാപരിപാടികളും ഗ്യാലറി ആരവത്തോടെയാണ് സ്വീകരിച്ചത് .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.