കേരളം കൊട്ടിക്കയറി
കേരളം കൊട്ടിക്കയറി
Monday, February 2, 2015 12:59 AM IST
ഡി. ദിലീപ്

തിരുവനന്തപുരം: മലയാളത്തനിമയുടെയും കലാപാരമ്പര്യത്തിന്റെയും ആഘോഷത്തിരമാലകള്‍ തീര്‍ത്ത് ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങ്. ചെണ്ടയില്‍ മട്ടന്നൂരും തകിലില്‍ കരുണാമൂര്‍ത്തിയും കൊട്ടിക്കയറിയപ്പോള്‍ മുത്തുക്കുടയേന്തി കസവുമുണ്ടും ജുബ്ബയും ധരിച്ച മലയാളി പുരുഷന്മാര്‍ മൈതാനത്തിനു ചുറ്റും അണിനിരന്നു, ഒപ്പം കസവുസാരിയണിഞ്ഞ സ്ത്രീകളും. ആട്ടവിളക്കു തെളിഞ്ഞു കത്തിയ ഉദ്ഘാടനസന്ധ്യയില്‍ കഥകളി വേഷവും മോഹിനിമാരും നിരന്നു. തെയ്യവും തിറയും കെട്ടുകാഴ്ചയും... വര്‍ണവെളിച്ചം നൃത്തം ചെയ്ത ആകാശത്ത്് കരിമരുന്ന് തീര്‍ത്ത നക്ഷത്രങ്ങളും. മഹാഘോഷത്തിന്റെ ആലസ്യത്തിനിടയില്‍ ഇടിമുഴക്കം പോലെ കടന്നു വന്ന മോഹന്‍ലാലിന്റെ കുഞ്ഞാലിമരയ്്ക്കാരും, ഏറ്റവും ഒടുവില്‍ ആരാധകര്‍ സ്വയമറിയാതെ ആര്‍പ്പുവിളികളുമായി ഏറ്റുപാടിയ ലാലിസവും ഇന്ത്യയുടെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് കേരളത്തിന്റെ നിറവും മണവും നന്മയും പൂക്കാലങ്ങളും ചേര്‍ന്ന ഒരുത്സവത്തിന്റെ നിറച്ഛായ ചാര്‍ത്തിക്കടുത്തു.

പക്ഷേ, കായിക മാമാങ്കത്തെ ആവേശത്തിന്റെ കൊടുമുടിയിലേക്ക് ആനയിച്ചത് മറ്റൊന്നായിരുന്നു. കളികഴിഞ്ഞിട്ടും കളിയില്‍ സ്വന്തം ഇന്നിംഗ്സ് പൂര്‍ത്തിയാക്കിയിട്ടും ഇന്നും ഇപ്പോഴും എപ്പോഴും രാജ്യം ആഘോഷിക്കുന്ന മൂന്നക്ഷരമുള്ള ഒരു പേരുകാരന്‍... സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഓരോ തവണയും ആ പേര് ഉച്ചരിക്കപ്പെട്ടപ്പോള്‍ നിറഞ്ഞ കരഘോഷത്തിനും ഗാലറികളെ ഇളക്കിമറിച്ച സ്നേഹത്തിനും ആരാധനയ്ക്കും അതിരുകളില്ലായിരുന്നു.


ഒരേയൊരു മന്ത്രം... സച്ചിന്‍

കരിമരുന്നുപൂരത്തിനൊടുവില്‍ സ്റേഡിയം നിറഞ്ഞ ഒരു നിശബ്ദതയുടെ നിമിഷത്തിലാണ് സച്ചിന്‍ ദീപശിഖ ഏറ്റുവാനും കൈമാറാനും വേദിയിലെത്തിയത്. അപ്പോള്‍ ഉയര്‍ന്നു കേട്ടത് വെടിക്കെട്ടിനെ വെല്ലുന്ന കരഘോഷവും ആരവും. സച്ചിന്‍...സച്ചിന്‍... മൂന്നക്ഷരങ്ങളില്‍ മാത്രമായിരുന്നു ദേശീയ ഗെയിംസ് വേദി. സച്ചിന്‍ കൈവീശി തങ്ങളെ അഭിവാദ്യം ചെയ്തപ്പോള്‍ ആവേശഭരിരായി മുന്നോട്ടാഞ്ഞ കായികതാരങ്ങളെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ പണിപ്പെട്ടു.

ലാല്‍ പാടി, കേരളം ഏറ്റുപാടി

സച്ചിന്‍ തീര്‍ത്ത് തിരയിളക്കം ഒന്നടങ്ങിയപ്പോഴാണ് മറ്റൊരു തിരയിളക്കമായി മോഹന്‍ലാല്‍ എത്തിയത്. അങ്ങനെ കേരളം കാത്തിരുന്ന ലാലിസത്തിന്റെ ആദ്യ ഗാനം മോഹന്‍ലാല്‍ ആലപിച്ചു. പിന്നാലെ ഹരിഹരനും അല്‍ക്കാ യാഗ്നിക്, സുജാത എന്നിവര്‍. പാട്ട് ഹരം കൊള്ളിച്ച നിമഷങ്ങള്‍. തത്സമയം തിരശീലയില്‍ വെള്ളിത്തിരയിലെ മിന്നും താരങ്ങള്‍. അഭിവാദ്യവുമായി അമിതാഭ് ബച്ചനും രജനീകാന്തും തിരശീലയിലെത്തി. പാട്ടിനൊപ്പം താരങ്ങള്‍ ചുവടുവച്ചതോടെ ഗ്രീന്‍ഫീല്‍ഡ് സ്റേഡിയം അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.