പെര്‍ത്ത്: ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്. ഇംഗ്ളണ്ടിനെതിരായ നിര്‍ണായക മത്സരത്തില്‍ മൂന്നുവിക്കറ്റിനാണ് ലോകചാമ്പ്യന്മാര് തോല്‍വി ഏറ്റുവാങ്ങിയത്. നാളെ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഓസ്ട്രേലിയയും ഇംഗ്ളണ്ടും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യ ഉയര്‍ത്തിയ 201 റണ്‍സിന്റെ വിജയലക്ഷ്യം 18 പന്ത് ശേഷിക്കെയാണ് ഇംഗ്ളണ്ട് മറികടന്നത്. 82 റണ്‍സെടുത്തു ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായ ജെയിംസ് ടെയ്ലറാണ് കളിയിലെ താരം. സ്കോര്‍ ഇന്ത്യ 48.2 ഓവറില്‍ 200ന് എല്ലാവരും പുറത്ത്, ഇംഗ്ളണ്ട് 47 ഓവറില്‍ ഏഴുവിക്കറ്റിന് 201.
ദുര്‍ബലമെന്നു തോന്നിച്ച ഇന്ത്യന്‍ സ്കോര്‍ പിന്തുടരാനെത്തിയ ഇംഗ്ളണ്ടിനു തുടക്കത്തിലേ പിഴച്ചു. അപ്രതീക്ഷിത സ്വഭാവം കാണിച്ച പിച്ചില്‍ ഇംഗ്ളീഷ് മുന്‍നിരയെ സ്റുവര്‍ട്ട് ബിന്നി കൂടാരം കയറ്റി. മോര്‍ഗനും സംഘവും ഒരുഘട്ടത്തില്‍ തോല്‍വി ഉറപ്പിച്ചതാണ്. അഞ്ചിന് 66 എന്ന നിലയില്‍ ജെയിംസ് ടെയ്ലര്ക്കൊപ്പം ചേര്‍ന്ന വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലറാണ് കളി ഇന്ത്യയുടെ കൈയില്‍നിന്നും തിരിച്ചുപിടിച്ചത്. ടെയ്ലര് പ്രതിരോധത്തിലൂന്നി കളിച്ചപ്പോള്‍ ബട്ലര് ഇന്ത്യന്‍ ബൌളര്‍മാരെ കടന്നാക്രമിച്ചു. ഇരുവരും ചേര്‍ന്ന് ആറാംവിക്കറ്റില്‍ 107 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
122 പന്തില്‍ നിന്നും നാലു ഫോറുള്‍പ്പെടെ ടെയ്ലര് 82 റണ്‍സെടുത്തു. ബട്ലറിന്റെ 67 റണ്‍സ് അടിച്ചെടുക്കാന്‍ വേണ്ടിവന്നത് കേവലം 77 പന്തുമാത്രം. ജയിക്കാന്‍ 15 റണ്‍സില്‍ താഴെ വേണ്ടപ്പോള്‍ ഇരുവരും പുറത്തായെങ്കിലും സ്റ്റുവര്‍ട്ട് ബ്രോഡും ക്രിസ് വോക്സും വിജയം പൂര്‍ത്തിയാക്കി. സ്റുവര്‍ട്ട് ബിന്നി 33 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കു ശിഖര്‍ ധവാന്-അജിങ്ക്യ രഹാനെ സഖ്യം ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. മെല്ലെയുള്ള തുടക്കമായിരുന്നെങ്കിലും വിക്കറ്റ് നഷ്ടപ്പെടുത്താതെ ബാറ്റ് വീശാന്‍ ഇരുവര്‍ക്കുമായി.
21-ാം ഓവറില്‍ 38 റണ്‍സെടുത്ത ധവാനെ വോക്സ് പുറത്താക്കുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 83. പിന്നിടെത്തിയ കോഹ്ലി (8), റെയ്ന (1), റായുഡു (12) എന്നിവര്‍ വേഗത്തില്‍ കൂടാരം കയറി. ഇതോടെ മികച്ച സ്കോര്‍ കണ്െടത്താമെന്ന മോഹം പൊലിഞ്ഞു. 73 റണ്‍സെടുത്ത രഹാനെ കൂടി പുറത്തായതോടെ 200 വരെ കടക്കില്ലെന്ന അവസ്ഥയിലായി നാട്ടിലെ പുലികള്‍.
ഒമ്പതിന് 165 എന്നനിലയിലായ ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത് മുഹമ്മദ് ഷാമി-മോഹിത് ശര്‍മ സഖ്യം അവസാനവിക്കറ്റില്‍ നേടിയ 35 റണ്‍സാണ്. ഷാമി 25 റണ്‍സെടുത്തു. അവസാന ഒമ്പത് വിക്കറ്റുകള്‍ ഇന്ത്യക്കു നഷ്ടമായത് 97 റണ്‍സിനാണ്. ഇംഗ്ളണ്ടിനായി വോക്സ്, ബ്രോഡ്, മോയിന്‍ അലി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ ബാറ്റിംഗ്
രഹാനെ സി ബട്ലര് ബി ഫിന് 73, ധവാന് സി ബട്ലര് ബി വോക്സ് 38, കോഹ്ലി സി റൂട്ട് ബി അലി 8, റെയ്ന സി വോക്സ് ബി അലി 1, റായ്ഡു സി ബട്ലര് ബി ബ്രോഡ് 12, ധോണി എല്‍ബിഡബ്ള്യു ബി ആന്ഡേഴ്സണ് 17, ബിന്നി സി ബെല്‍ ബി ഫിന് 7, ജഡേജ സി ഫിന് ബി ബ്രോഡ് 5, അക്ഷര്‍ സി ബെല്‍ ബി ഫിന് 1, മോഹിത് നോട്ടൌട്ട് 7, ഷാമി സി ബട്ലര് ബി വോക്സ് 25 ആകെ 48.1 ഓവറില്‍ 200ന് എല്ലാവരും പുറത്ത്
ബൌളിംഗ്
ആന്ഡേഴ്സണ് 9-1-24-1, വോക്സ് 9.1-1-47-2, ബ്രോഡ് 10-1-56-2, ഫിന് 10-0-36-3, അലി 10-0-35-2
ഇംഗ്ളണ്ട് ബാറ്റിംഗ്
ബെല്‍ എല്‍ബിഡബ്ള്യു മോഹിത് 10, അലി സി റായ്ഡു ബി അക്ഷര്‍ 17, ടെയ്ലര് സി ബിന്നി ബി മോഹിത് 82, റൂട്ട് സിആന്‍ഡ്ബി ബിന്നി 3, മോര്ഗന് സി ധവാന് ബി ബിന്നി 2, ബൊപ്പാര സി ജഡേജ ബി ബിന്നി 4, ബട്ലര് സി റായ്ഡു ബി ഷാമി 67, വോക്സ് നോട്ടൌട്ട് 4, ബ്രോഡ് നോട്ടൌട്ട് 3 ആകെ 46.5 ഓവറില്‍ ഏഴിന് 201
ബൌളിംഗ്
ബിന്നി 8-0-33-3, മോഹിത് 10-1-36-2, ഷാമി 9-0-31-1, അക്ഷര്‍ 10-1-39-1, ജഡേജ 9.5-0-62-0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.