തിരുവഞ്ചൂര്‍ രാധാകൃഷ്ണന് (കായികമന്ത്രി)
മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന് ഇന്നു തിരി തെളിയുകയാണ്. 27 വര്‍ഷം മുമ്പ് ദേശീയ ഗെയിംസ് വീണ്ടും കേരളത്തിലെത്തുന്ന ഈ അസുലഭ നിമിഷത്തെ വരവേല്‍ക്കാന്‍ കേരളം ഒരേ മനസോടെ, ഒറ്റക്കെട്ടായി തയാറെടുത്തിരിക്കുകയാണ്.
ദേശീയ ഗെയിംസ് ഇന്ത്യയിലെ ഏറ്റവും വലിയ കായിക മേളയാണ്. ഏഴു ജില്ലകളിലായി 29 വേദികളായി, 31 ജനങ്ങളില്‍ 1,369 മെഡലുകള്ക്കുവേണ്ടിയുള്ള മത്സരങ്ങളാണു നടക്കുന്നത്. ഒളിമ്പിക് പ്രസ്ഥാനത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ദേശീയ ഗെയിംസ് എന്ന ആശയം ആദ്യമായി ഉയര്‍ന്നുവന്നത്. ഇന്ത്യന്‍ ഒളിമ്പിക്സ് എന്ന നിലയിലാണ് ഈ മേള രൂപകല്പന ചെയ്തതും അറിയപ്പെട്ടിരുന്നതും. അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന ലാഹോറില്‍ 1924 ലാണ് ഇന്നത്തെ ദേശീയ ഗെയിംസിന്റെ പൂര്‍വരൂപമായ ഇന്ത്യന്‍ ഒളിമ്പിക്സ് ആദ്യമായി നടന്നത്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ മേള നടത്തുക എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം. ഒളിമ്പിക് ഗെയിംസും ഏഷ്യന്‍ ഗെയിംസും നടക്കാത്ത വര്‍ഷങ്ങളിലായിരിക്കണം ദേശീയ ഗെയിംസ് നടത്തേണ്ടതെന്നും തീരുമാനിച്ചിരുന്നു. പക്ഷേ, വ്യത്യസ്തമായ കാരണങ്ങളാല്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഗെയിംസ് നടത്തുക എന്ന ലക്ഷ്യം സഫലീകൃതമായില്ല.
ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കായികരംഗത്ത് ഒട്ടേറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടുള്ള സംസ്ഥാനമാണ് കേരളം. ദേശീയരംഗത്ത് മെഡലുകള്‍ വാരിക്കൂട്ടുകയും അന്താരാഷ്്ട്രവേദികളില് മികവ് തെളിയിക്കുകയും ചെയ്തിട്ടുള്ള ഒട്ടേറെ കായിക താരങ്ങളെ സൃഷ്ടിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. പി.ടി. ഉഷ, ടി.സി. യോഹന്നാന്, സുരേഷ് ബാബു, ജിമ്മി ജോര്‍ജ്, എം.ഡി. വത്സമ്മ, ഷൈനി വില്‍സണ്‍, അഞ്ജു ബേബി ജോര്‍ജ് തുടങ്ങിയ ആ നിര എത്രയോ നീണ്ടതാണ്. ഈ നേട്ടം കൈവരിക്കുന്നതിനു പിന്നില്‍ രാഷ്്ട്രീയവും സാമൂഹികവുമായ കാരണങ്ങളുണ്ട്. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെക്കാളും സ്ത്രീകള്‍ക്ക് പൊതുമണ്ഡലത്തിലേക്ക് കടന്നുവരാനും അവരുടെ മികവ് തെളിയിക്കാനുമുള്ള അവസരങ്ങളുള്ള സംസ്ഥാനമാണ് കേരളം. അതിന്റെ പ്രതിഫലനം കായിക മേഖലയിലുമുണ്ടായി. അങ്ങനെ നമുക്ക് ഒട്ടേറെ പ്രഗത്ഭരായ വനിതാ കായിക താരങ്ങളുണ്ടായി. സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിക്കുമ്പോള്‍ അത് സമൂഹത്തിന്റെ പൊതുവായ പുരോഗതിക്ക് കാരണമാവും എന്ന തത്ത്വത്തിന്റെ ദൃഷ്ടാന്തമായി മാറി കേരളത്തിന്റെ കായികരംഗം. കായികസംസ്കാരം ജനജീവിതത്തിന്റെ ഭാഗമാക്കുന്നതിനു ഇത് കാരണമായി. ഈ അനുഭവപാഠം മറ്റു മേഖലകളിലേക്കും കൂടുതല്‍ വ്യാപിപ്പിക്കാന്‍ നമുക്കു കഴിഞ്ഞാല്‍ ഇന്നത്തേക്കാള്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും.
2008 ഒക്ടോബറിലാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് 35-ാമത് ദേശീയ ഗെയിംസ് നടത്താനുള്ള അവകാശം കേരളത്തിനു നല്‍കിയത്. 2010-ല്‍ ഗെയിംസ് നടത്താനായിരുന്നു അന്നത്തെ തീരുമാനം. വിവിധ കാരണങ്ങളാല്‍ ഗെയിംസ് നടത്തിപ്പ് നീണ്ടു. അതുകൊണ്ടുതന്നെ സംഘാടനരംഗത്ത് ഏറെയൊന്നും മുന്പോട്ടുപോകാന് നമുക്കു കഴിഞ്ഞില്ല. 2014 ജൂണില്‍ തീയതി പ്രഖ്യാപിച്ചതിനു ശേഷമാണ് യുദ്ധകാലാടിസ്ഥാനത്തില്‍ കാര്യങ്ങള്‍ മുമ്പോട്ടു കൊണ്ടു പോകാന്‍ നമുക്ക് കഴിഞ്ഞത്. വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ച്, സ്ക്വാഷ് സെന്റര്‍, കൊല്ലം ഹോട്ടി സ്റേഡിയം, ലോണ്‍ ബോള്‍സ്, തൃശൂരില്‍ പത്തേക്കര്‍ വിസ്തൃതിയില്‍ നിര്‍മിച്ച സ്കീറ്റ് ആന്‍ഡ് ട്രാപ്പ് റേഞ്ചസ്, കണ്ണൂരില്‍ ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച ഇന്‍ഡോര്‍ സ്റേഡിയങ്ങളിലൊന്നായ മുണ്ടയാട് ഇന്‍ഡോര്‍ സ്റേഡിയം, കുമാരപുരം രാമനാഥന് കൃഷ്ണന് സെന്റര്‍ തുടങ്ങി കേരളത്തിലെ സ്പോര്‍ട്സ് രംഗത്തിന് ഭാവിയില്‍ മുതല്‍ക്കൂട്ടാവുന്ന അന്താരാഷ്്ട്ര നിലവാരത്തിലുള്ള സ്റേഡിയങ്ങളാണ് നിര്‍മിച്ചിരിക്കുന്നത്.
230 കോടി രൂപയാണ് പുതിയ സ്റേഡിയങ്ങളുടെ നിര്‍മാണത്തിനായി ചെലവഴിച്ചത്. ഇതിനു പുറമേ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റേഡിയം, വെള്ളായണി ഇന്‍ഡോര്‍ സ്റേഡിയം, യൂണിവേഴ്സിറ്റി സ്റേഡിയം, ചന്ദ്രശേഖരന് നായര്‍ സ്റേഡിയം, ആറ്റിങ്ങല്‍ ശ്രീപാദം സ്റേഡിയം, പിരപ്പന്‍കോട് സ്വിമ്മിംഗ്പൂള്‍, ശംഖുമുഖം ഇന്‍ഡോര്‍ റിക്രിയേഷന്‍ സെന്റര്‍, എല്‍എന്‍സിപിഇയിലെ സൈക്ളിംഗ് വെലോഡ്രോം, ട്രിവാന്‍ഡ്രം ടെന്നീസ് ക്ളബിലെ എട്ടു കോര്‍ട്ടുകള്‍, കൊല്ലം ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്റേഡിയം, റോവിംഗ് കാനോയിംഗ്, കയാക്കിംഗ് എന്നിവ നടത്താനായി പുന്നമടക്കായലിലുള്ള താത്കാലിക സംവിധാനം, എറണാകുളം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റേഡിയം, തൃശൂരിലെ ഇന്‍ഡോര്‍ സ്റേഡിയം, കോര്പറേഷന് സ്റേഡിയം കോഴിക്കോട്, വി.കെ. കൃഷ്ണമേനോന് ഇന്‍ഡോര്‍ സ്റേഡിയം, മെഡിക്കല്‍ കോളജ് സ്റേഡിയം എന്നിവ അത്യാധുനിക സജ്ജീകരണങ്ങളോടെ നവീകരിച്ചു. ഇതില്‍ തൃശൂര്‍ കോര്പറേഷന് സ്റേഡിയത്തില്‍ കേരളത്തിലെ ആദ്യത്തെ സിന്തറ്റിക് ഫുട്ബോള്‍ ഫീല്‍ഡും കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൌണ്ടില് മലബാറിലെ ആദ്യത്തെ അത്ലറ്റിക് സിന്തറ്റിക് ട്രാക്കും നിര്‍മിക്കാന്‍ കഴിഞ്ഞു. ഇവയ്ക്കു പുറമേ ഗെയിംസിന്റെ ഉദ്ഘാടനവും സമാപനവും നടക്കുന്ന കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റേഡിയം ആന്വിറ്റി സ്കീമില്‍ നിര്‍മിച്ച ആദ്യത്തെ സ്പോര്‍ട്സ് സ്റേഡിയമാണ്. 161 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സ്റേഡിയം ഭാവിയില്‍ ഫുട്ബോള്‍ ക്രിക്കറ്റ് അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്താന്‍ യോഗ്യമായ രണ്ടാമത്തെ സ്റേഡിയമായിരിക്കും. ഇങ്ങനെ വന്‍ തോതിലുള്ള അടിസ്ഥാനസൌകര്യ വികസനമാണ് ദേശീയ ഗെയിംസുകൊണ്ട് സാധ്യമായിരിക്കുന്നത്. മേനംകുളത്ത് നിര്‍മിച്ചിരിക്കുന്ന ഗെയിംസ് വില്ലേജ് ഉപയോഗത്തിനു ശേഷം മറ്റു സ്ഥലങ്ങളില്‍ പുനര്‍നിര്‍മിക്കാന്‍ പാകത്തിലുള്ളതാണ്. ഇത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കായിക മേളകള്‍ക്കും മറ്റും ഉപയോഗിക്കാന്‍ കഴിയും.
2011ല്‍ 611.33 കോടി രൂപയുടെ ബജറ്റിലാണ് ഗെയിംസ് പ്ളാന്‍ ചെയ്തത്. ഈ കാലയളവില്‍ നാല്പതു ശതമാനം നാണയപ്പെരുപ്പം ഉണ്ടായിട്ടും അതേ ബജറ്റില്‍ തന്നെ ഗെയിംസ് നടത്താന്‍ കഴിയുന്നു എന്നതു വലിയ നേട്ടമാണ്. സുതാര്യത ഉറപ്പാക്കിക്കൊണ്ട് സാമ്പത്തിക അച്ചടക്കം പാലിച്ച് ജനകീയ പങ്കാളിത്തത്തോടെ നടക്കുന്ന ഈ മഹാമേളയെ നമുക്ക് ഒത്തൊരുമിച്ച് കേരളത്തിന്റെ മഹോത്സവമാക്കി മാറ്റാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.