35-ാം ദേശീയ ഗെയിംസിനു ഇന്ന് തുടക്കം
35-ാം ദേശീയ ഗെയിംസിനു ഇന്ന് തുടക്കം
Saturday, January 31, 2015 11:10 PM IST
ഡി. ദിലീപ്

തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദേശീയ കായികമാമാങ്കത്തിന് അരങ്ങൊരുങ്ങി. ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം വിരുന്നെത്തിയ ദേശീയ ഗെയിംസിന് ഇന്നു തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റേഡിയത്തില്‍ തിരിതെളിയും.

കലാവര്‍ണങ്ങള്‍ പെയ്തിറങ്ങുന്ന വേദിയില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രി വെങ്കയ്യ നായിഡു മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ദീപശിഖയേന്തി ട്രാക്കില്‍ വലം വച്ച് ഇന്ത്യയുടെ ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ മൈതാനങ്ങളെ വിളിച്ചുണര്‍ത്തും. മിന്നുന്ന കലാപ്രകടനങ്ങളിലൂടെ കായികതാരങ്ങള്‍ക്ക് ആവേശവും ആശംസയും പകരാന്‍ നടനവിസ്മയം മോഹന്‍ലാലും സംഗീതമാന്ത്രികരും ഗായകരും കൂടി അണിചേരുമ്പോള്‍ 'ഇന്ത്യയുടെ ഒളിമ്പിക്സിന്' മലയാളത്തിന്റെ മണ്ണില്‍ ചരിത്രതുടക്കമാകും.

29 സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍നിന്നുമെത്തുന്ന 6000ത്തിലേറെ കായികതാരങ്ങളാണ് ദേശീയ ഗെയിംസില്‍ 32 കായിക ഇനങ്ങളിലായി മാറ്റുരയ്ക്കുന്നത്. ഏഴു ജില്ലകളിലെ 29 വേദികളിലാണു മത്സരങ്ങള്‍ അരങ്ങേറുന്നത്.

വൈകുന്നേരം 5.30 ന് കാര്യവട്ടം സ്റേഡിയത്തിനു മുകളില്‍ ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ പുഷ്പവൃഷ്ടി നടത്തുന്നതോടെ ഉദ്ഘാടനചടങ്ങുകള്‍ക്കു തുടക്കമാകും. തുടര്‍ന്ന് ആര്‍മിയുടെ ബാന്റ് ഡിസ്പ്ളേയുടെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിക്കും. 40 പേര്‍ അണിനിരക്കുന്ന ശംഖനാദം, കരുണാമൂര്‍ത്തിയുടെ നേതൃത്വത്തില്‍ 80 കലാകാരന്മാര്‍ അണിനിരക്കുന്ന തകില്‍വാദ്യം, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ 101 പേര്‍ അണിനിരക്കുന്ന ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ ഗെയിംസ് ഭാഗ്യചിഹ്നം അമ്മുവും സ്റേഡിയത്തിലെത്തും. തൊട്ടുപിന്നാലെ കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റും സ്റേഡിയത്തില്‍ പ്രവേശിക്കും. ഗെയിംസ് ഗുഡ്വില്‍ അംബാസഡറായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കായിക കേരളത്തിന്റെ അഭിമാനതാരങ്ങളായ പി.ടി. ഉഷയ്ക്കും അഞ്ജു ബോബി ജോര്‍ജിനും ദീപശിഖ കൈമാറും. ഇരുവരും ചേര്‍ന്ന് ആട്ടവിളക്കിന്റെ മാതൃകയില്‍ സ്റേഡിയത്തില്‍ ദീപസ്തംഭത്തില്‍ ഗെയിംസ് ദീപം തെളിക്കും. തുടര്‍ന്നു നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വാഗതം ആശംസിക്കും. കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആമുഖപ്രഭാഷണം നടത്തും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് എന്‍. രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ സോനോവാളും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും താരങ്ങളെയും കായികപ്രേമികളെയും അഭിസംബോധന ചെയ്യും.

ഉദ്ഘാടനസമ്മേളനത്തിനു ശേഷം മോഹന്‍ലാല്‍ കുഞ്ഞാലിമരയ്ക്കാരായി വേഷമിടുന്ന വാര്‍ ക്രൈ എന്ന നൃത്ത സംഗീത ശില്‍പ്പത്തോടെയാ ണു കലാപരിപാടികള്‍ക്കു തുടക്കമാവുക. ഇന്ത്യയുടെ സ്വതന്ത്യ്രത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ജീവന്‍ ത്യജിച്ച ദേശാഭിമാനികള്‍ക്കുള്ള ആദരാഞ്ജലിയാണു വാര്‍ ക്രൈ. തുടര്‍ന്ന് മട്ടന്നൂര്‍ ശങ്കര്‍ കുട്ടിയുടെയും കരുണാമൂര്‍ത്തിയുടെയും നേതൃത്വത്തില്‍ വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന ഭാവരസ അരങ്ങേറും. കഥകളി, മോഹിനിയാട്ടം, കളരി, വേലകളി തുടങ്ങിയ കേരളത്തിന്റെ തനതു കലാരൂപങ്ങളും ഭാവരസയുടെ വേദിയിലെത്തും. ഭാവരസയ്ക്കു ശേഷമാണ് കേരളം കാത്തിരുന്ന മോഹന്‍ലാലിന്റെ സ്വന്തം ബാന്‍ഡ് ലാലിസം വേദിയിലെത്തുക. ലാലിസം, ഇന്ത്യ സിംഗിംഗ് എന്നു പേരിട്ടിരിക്കുന്ന പരിപാടി മണ്‍മറഞ്ഞു പോയ സംഗീതപ്രതിഭകള്‍ക്കുള്ള ശ്രദ്ധാഞ്ജലിയാകും. എം.ജി. ശ്രീകുമാര്‍, സുജാത, ഉദിത് നാരായണന്‍, ഹരിഹരന്‍, അല്‍ക്ക യാഗ്നിക്, കാര്‍ത്തിക് തുടങ്ങിയ പ്രഗത്ഭരോടൊപ്പം മോഹന്‍ലാലും രതീഷ് വേഗയും ലാലിസവുമായി അരങ്ങുതകര്‍ക്കും. 1931 മുതല്‍ 1980 വരെയുള്ള ഇന്ത്യന്‍ ഭാഷകളിലെ സിനിമാഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള സംഗീതപരിപാടിയാണ് ലാലിസം.

കേരള മല്ലന്മാര്‍ റെഡി

എം.പി. മുജീബ് റഹ്മാന്‍

കണ്ണൂര്‍: പതിമ്മൂന്നു വര്‍ഷത്തിനുശേഷം ഗുസ്തിയില്‍ മെഡല്‍ പ്രതീക്ഷയുമായി സ്വന്തം നാട്ടില്‍ മത്സരഗോദയിലിറങ്ങുകയാണു കേരളത്തിന്റെ പുരുഷ-വനിതാ ടീമുകള്‍. കണ്ണൂര്‍ മുണ്ടയാട്ടെ ഇന്‍ഡോര്‍ സ്റേഡിയത്തില്‍ നാളെ ആരംഭിക്കുന്ന ദേശീയ ഗെയിംസിന്റെ ഗുസ്തി മത്സരത്തില്‍ എതിരാളികളെ മലര്‍ത്തിയടിക്കാനുള്ള എല്ലാ തന്ത്രങ്ങളും പയറ്റാന്‍ കേരളതാരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ഇന്നലെ ടീം കണ്ണൂരിലെത്തി. മുണ്ടയാട്ടെ ഇന്‍ഡോര്‍ സ്റേഡിയത്തില്‍ പരിശീലനവും നടത്തി. ഉജ്വല സ്വീകരണമാണു ടീമംഗങ്ങള്‍ക്കു റെയില്‍വേ സ്റേഷനില്‍ ലഭിച്ചത്.

നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയ്ക്കൊപ്പം ഇക്കുറി ലഭിച്ച മികച്ച പരിശീലനം കൂടിയാകുമ്പോള്‍ കരുത്തുറ്റ പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നാണു ടീമിന്റെ പ്രതീക്ഷ. പുരുഷന്മാര്‍ക്കു ഫ്രീസ്റൈല്‍, ഗ്രീക്കോ റോമന്‍ വിഭാഗത്തിലും വനിതകള്‍ക്കു ഫ്രീസ്റൈലില്‍ മാത്രവുമാണു മത്സരം. കേരളത്തിന്റെ 24 പേരാണു ഗുസ്തി ഗോദയിലിറങ്ങുന്നത്. 13 വര്‍ഷം മുമ്പ് ജാസ്മിന്‍ ജോര്‍ജിലൂടെ ദേശീയ ഗെയിംസില്‍ മെഡല്‍ ലഭിച്ചതാണു കേരളത്തിന്റെ നിലവിലുള്ള നേട്ടചരിതം.

1999ലെ മണിപ്പൂര്‍ ദേശീയ ഗെയിംസില്‍ വനിതകളുടെ 68 കിലോ വിഭാഗത്തില്‍ വെള്ളിമെഡല്‍ നേടിയ ജാസ്മിന്‍ 2001ല്‍ ജലന്തറില്‍ നടന്ന ദേശീയഗെയിംസില്‍ 68 കിലോ വിഭാഗത്തില്‍ തന്നെ വെങ്കല മെഡലും നേടി. ഈ മാസം പഞ്ചാബിലെ കുരുക്ഷേത്രയില്‍ നടന്ന ദേശീയ അന്തര്‍ സര്‍വകലാശാലാ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ അഞ്ജുമോള്‍ ജോസഫിന്റെ നേതൃത്വത്തിലാണു വനിതാ ടീം മത്സരത്തിനിറങ്ങുന്നത്.

ശക്തരായ ഹരിയാന, ഡല്‍ഹി, റെയില്‍വേ, സര്‍വീസസ് താരങ്ങളോടാണു കേരളം ഏറ്റുമുട്ടുന്നത്. കഴിഞ്ഞ ദേശീയ മത്സരത്തില്‍ പുരുഷ ഫ്രീസ്റൈല്‍ വിഭാഗത്തില്‍ റെയില്‍വേയ്ക്കായിരുന്നു ചാമ്പ്യന്‍ഷിപ്പ്. സര്‍വീസസായിരുന്നു രണ്ടാം സ്ഥാനത്തെത്തിയത്.

പുരുഷ ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ സര്‍വീസസ് ആധിപത്യമുറപ്പിച്ചപ്പോള്‍ തൊട്ടുപിന്നിലായി റെയില്‍വേയെത്തി. വനിതാ ഫ്രീസ്റൈല്‍ വിഭാഗത്തില്‍ ഹരിയാന ആദ്യമെത്തിയപ്പോള്‍ ഡല്‍ഹിക്കായിരുന്നു രണ്ടാംസ്ഥാനം.

നാളെ മുതല്‍ നാലുവരെ നടക്കുന്ന മത്സരം ഉച്ചയ്ക്ക് ഒന്നുമുതല്‍ രാത്രി ഏഴു വരെയാണ്. ഒരുദിവസം ആറു ഭാരയിനങ്ങളില്‍ വിവിധ വിഭാഗങ്ങളില്‍ രണ്ടുപേര്‍ വീതം മത്സരിക്കും. മത്സരാര്‍ഥികളുടെ ഭാരം തലേദിവസം രേഖപ്പെടുത്തും. അന്നുതന്നെ ഭാരത്തിന്റെ അടിസ്ഥാനത്തില്‍ ഒപ്പം മത്സരിക്കേണ്ട പൂളുകളിലെ മത്സരാര്‍ഥികളെയും തെരഞ്ഞെടുക്കും.

സാധാരണ ലഭിക്കാറുള്ള 15 ദിവസത്തെ ക്യാമ്പില്‍നിന്നു വ്യത്യസ്തമായി ഇത്തവണ രണ്ടര മാസത്തിലേറെ കേരള ടീമംഗങ്ങള്‍ക്കു പരിശീലനത്തിനു സമയം ലഭിച്ചതായും ഇതു കൂടുതല്‍ ആത്മവിശ്വാസം ടീമംഗങ്ങള്‍ക്കു നല്‍കിയതായും കേരള റെസ്ലിംഗ് അസോസിയേഷന്‍ സെക്രട്ടറിയും റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റും ദേശീയ ഗെയിംസ് ഗുസ്തി മത്സര ഡയറക്ടറുമായ വി.എന്‍. പ്രസൂദ് പറഞ്ഞു. സാധാരണനിലയില്‍ താരങ്ങളുടെ ഫിറ്റ്നസ് മനസിലാക്കാന്‍ തന്നെ ഒരാഴ്ചയെടുക്കും. പിന്നീടു യാത്രാസമയവും കഴിച്ച് ലഭിക്കുന്ന അഞ്ചുദിവസം കൊണ്ടാണു പരിശീലനം പൂര്‍ത്തിയാക്കിയിരുന്നത്.

ഇത്തവണ എതിരാളികളെ മുന്‍കൂട്ടി കണ്ടാണു പരിശീലനം നല്‍കിയതെന്നും രാജ്യാന്തര ഗുസ്തി മത്സര റഫറി കൂടിയായ പ്രസൂദ് പറഞ്ഞു. ഫെബ്രുവരി 10 മുതല്‍ 14 വരെ ഇറാനില്‍ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിലും കേരളത്തിന്റെ മുന്‍ ഗുസ്തിതാരം കൂടിയായ പ്രസൂദ് പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റേഡിയത്തിലായിരുന്നു ടീമിന്റെ പരിശീലനം.

ഗുസ്തി മത്സരം ഇങ്ങനെ
മെയ്ക്കരുത്തും ഒപ്പം ബുദ്ധിയും വേണ്ട മല്‍പ്പിടിത്തമാണു ഗുസ്തി. മൂന്നു മിനിറ്റ് വീതമുള്ള മത്സരത്തിനിടെ 30 സെക്കന്‍ഡ് ഫയല്‍വാനു വിശ്രമത്തിനു സമയമുണ്ട്. ആറു മിനിറ്റിനിടെ എതിരാളിയുടെ രണ്ടു തോളുകളും ഒരേസമയം നിലത്തുമുട്ടിച്ച് മലര്‍ത്തിയടിക്കുന്നയാള്‍ വിജയിയായി തെരഞ്ഞെടുക്കപ്പെടും. തുല്യഭാരമുള്ളവര്‍ ഏറ്റുമുട്ടുന്നതിനാല്‍ ഇത്തരം വിജയം അപൂര്‍വമായേ ഉണ്ടാകാറുള്ളൂ. ചെറിയ ചെറിയ പോയിന്റുകള്‍ നേടി എതിരാളിയെ മുട്ടുകുത്തിക്കുന്നതാണ് ഇപ്പോള്‍ സാധാരണ നടക്കുന്ന രീതി.

മത്സരം നടക്കുന്ന വൃത്തത്തിനു പുറത്തേക്ക് എതിരാളിയുടെ കാല്‍ എത്തിച്ചാല്‍ ഒരു പോയിന്റ് ലഭിക്കും. തറയില്‍ പിടിച്ചിരുത്തിയാല്‍ രണ്ടു പോയിന്റും ലഭിക്കും. നിന്നനില്പില്‍ തന്നെ രണ്ടു തോളുകളും മുട്ടിച്ചാല്‍ മല്ലനു ലഭിക്കുന്നതു നാലു പോയിന്റ്. തലയ്ക്കു മുകളിലൂടെ ഉയര്‍ത്തി കൃത്യമായി നിഷ്കര്‍ഷിച്ച പ്രകാരം തറയില്‍ വീഴ്ത്തിയാല്‍ മത്സരാര്‍ഥിക്ക് അഞ്ചുപോയിന്റ് ലഭിക്കും. പുരുഷന്മാരുടെ ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ എതിരാളിയെ കാലില്‍ പിടിച്ചുവീഴ്ത്താനോ കാലുകൊണ്ട് അടിക്കാനോ പാടില്ലെന്നാണു നിയമം. മത്സരാര്‍ഥികള്‍ തമ്മില്‍ ഒരാള്‍ക്കു 10 പോയിന്റിന്റെ വര്‍ധന ഉണ്ടായാല്‍ പുരുഷ-വനിതാ ഫ്രീസ്റൈല്‍ മത്സരത്തില്‍ വിജയികളെ പ്രഖ്യാപിക്കും. ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ എട്ടു പോയിന്റിന്റെ വ്യത്യാസമുണ്െടങ്കില്‍ കൂടുതല്‍ പോയിന്റ് ലഭിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കും. ഇനി ഇരുഗുസ്തിക്കാരുടെയും പോയിന്റുകള്‍ തുല്യമായാല്‍ കൂടുതല്‍ ആധികാരികമായി കളിച്ചയാളെ റഫറിക്കു വിജയിയായി നിശ്ചയിക്കാം.

കേരള ടീം
പുരുഷ ഫ്രീസ്റൈല്‍

പി. അനില്‍ കുമാര്‍ (ക്യാപ്റ്റന്‍-65 കിലോ), കെ. സുശാന്ത് (57 കിലോ), എസ്. ധനീഷ് (61), ബി.എസ്. റനീഷ് (70), ഷിന്‍സ് കെ. മാത്യു (74), കെ.എസ്. സുബിന്‍ (86), പി.സി. അശ്വിന്‍ (97), പി.ജെ. മാത്യു (120), ബി. ബിജു (125), കോച്ചുമാര്‍: കെ. ബിജു, രഞ്ജിത് രാജ്. മനേജര്‍: വി.എം. മുഹമ്മദ് ഫൈസല്‍.

പുരുഷ ഗ്രീക്കോ റോമന്‍

ജി. രഞ്ജിത്ത് (ക്യാപ്റ്റന്‍-66 കിലോ), സി. ബോബന്‍ (59), എസ്. സജീവ് (71), ജെ.ബി. ജിത്തു (75), എം. നൌഫല്‍ (80), കെ.പി. അഭിനവ് (85), സ്റെബിന്‍ ജോസഫ് (98), പി. വിഷ്ണുപ്രസാദ് (130). കോച്ചുമാര്‍: എസ്. അനില്‍ വാസന്‍, ടി. സന്തോഷ് കുമാര്‍. മാനേജര്‍: സാജന്‍ എം. സിറിയക്ക്.

വനിതാ ഫ്രീസ്റൈല്‍

അഞ്ജുമോള്‍ ജോസഫ് (ക്യാപ്റ്റന്‍ -69 കിലോ), എം. രാജി (48), ലതിക (53), ജി.എസ്. മജിത് (55), ശാന്തിനി ബാബു (58), എ. ശാലിനി (60), സ്വപ്ന (63), എന്‍.വി. അഞ്ജന (75). കോച്ചുമാര്‍: വി.ആര്‍. ഗിരിധര്‍, രംഭാ സാഹു. മാനേജര്‍: ടി.ജെ. ജോര്‍ജ്.


പൊന്നു വിളയിക്കാന്‍ അത്ലറ്റിക് ടീം

തോമസ് വര്‍ഗീസ്

തിരുവനന്തപുരം: മാതൃനാട്ടില്‍ മലയാളി കായികപ്രേമികള്‍ക്കു മുമ്പില്‍ പൊന്നിന്‍ പോരാട്ടം നടത്താനായി കേരളത്തിന്റെ അത്ലറ്റിക് ടീം തീവ്ര പരിശീലനത്തില്‍. കാര്യവട്ടം എല്‍എന്‍സിപിഇയിലാണ് കേരളത്തിന്റെ അത്ലറ്റിക് ടീം കഴിഞ്ഞ 30 മുതല്‍ പരിശീലനം തുടങ്ങിയത്. 90 അംഗ കേരളാ ടീമിലെ 80 താരങ്ങളാണ് ഇപ്പോള്‍ തിരുവനന്തപുരത്ത് പരിശീലനത്തിലുള്ളത്. ബാക്കി കായികതാരങ്ങള്‍ ബംഗളൂരു, പട്യാല സായ് സെന്ററുകളില്‍ പരിശീലനത്തിലാണ്. ഇന്നും നാളെയുമായി കാര്യവട്ടത്തെ കേരള സംഘത്തോടൊപ്പം ഇവര്‍ പരിശീലനത്തിലേര്‍പ്പെടും. 2011 റാഞ്ചി മീറ്റില്‍ കേരളം അത്ലറ്റിക്സില്‍ ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയിരുന്നു.

ഒന്‍പതു സ്വര്‍ണവും 10 വെള്ളിയും എട്ടു വെള്ളിയും ഉള്‍പ്പെടെ 27 മെഡലുകളുമായാണ് ട്രാക്കിലെയും ഫീല്‍ഡിലേയും കരുത്ത് കേരളം അന്ന് റാഞ്ചി ബിര്‍സാമുണ്ടാ സ്റേഡിയത്തില്‍ കാഴ്ചവച്ചത്. സര്‍വീസസായിരുന്നു അന്ന് കേരളത്തിന്റെ ശക്തമായ എതിരാളികള്‍.

ഇക്കുറിയും സര്‍വീസസില്‍നിന്നു തന്നെയാണ് കേരളം ശക്തമായ മത്സരം പ്രതീക്ഷിക്കുന്നതെന്നു അത്ലറ്റിക് ടീമിന്റെ തലവന്‍ ഡോ. വി.സി. അലക്സ് പറഞ്ഞു. വനിതാ വിഭാഗത്തില്‍നിന്നാണ് ഇത്തവണയും കേരളം കൂടുതല്‍ മെഡല്‍ പ്രതീക്ഷിക്കുന്നത്. സ്പ്രിന്റ് ഇനങ്ങളിലും മധ്യദൂര ഓട്ടത്തിലുമാണ് കേരളത്തിന്റെ ഏറ്റവുമധികം പ്രതീക്ഷ നിലനിര്‍ത്തുന്നത്. പോള്‍വോള്‍ട്ടില്‍ പുരുഷ വനിതാ വിഭാഗങ്ങളിലും കേരളത്തിന് ഉറച്ച മെഡല്‍പ്രതീക്ഷയാണുള്ളത്. ഹൈജംപില്‍ കേരളം ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിനു ശക്തമായ വെല്ലുവിളി ഉണ്ടാകുമെന്നു ടീമിനുറപ്പാണ്.

കേരളാ ടീം ക്യാപ്റ്റന്‍ പ്രീജ ശ്രീധന്‍, മെര്‍ലിന്‍ കെ.ജോസഫ്(റയില്‍വേ), എസ്.സിനി (ഒഎന്‍ജിസി), ഒ.പി.ജയ്ഷ(പഞ്ചാബ്), ഉള്‍പ്പെടെയുള്ളവര്‍ ട്രാക്കില്‍ നിന്നു സുവര്‍ണനേട്ടം കൊയ്യുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. കോളജുകളില്‍ നിന്ന് കേരളത്തിന്റെ ജഴ്സിയണിഞ്ഞെത്തുന്ന അനില്‍ഡാ തോമസും പി.യു. ചിത്രയുമെല്ലാം കേരള ക്യാമ്പിന്റെ സജീവതയാണ്.

പുരുഷവിഭാഗത്തില്‍ ജോസഫ് ജി.എബ്രഹാം, ജിതിന്‍ പോള്‍, എം.രഞ്ജിത് , കെ.പി.ബിമിന്‍, പിന്റോ മാത്യു എന്നിവരും കേരളത്തിന്റെ ഉറച്ച മെഡല്‍ പ്രതീക്ഷകളാണ്.

ലോംഗ് ജംപിലും ട്രിപ്പില്‍ ജംപിലും മെഡല്‍ പ്രതീക്ഷയുമായി എം.എ പ്രജുഷ കാര്യവട്ടത്ത് തീവ്ര പരിശീലനത്തിലാണ്. ലിക്സി ജോസഫ്്, നിക്സി ജോസഫ്, ബിബിന്‍ മാത്യു എന്നിവരും 100 മീറ്ററില്‍ സുവര്‍ണ പ്രതീക്ഷയുമായി സര്‍വീസസില്‍ നിന്നുള്ള മലയാളി താരം എം.എ. ഷമീര്‍മോന്‍, സജീഷ് ജോസഫ് എന്നിവര്‍ കഴിഞ്ഞ ആഴ്ച്ച കേരളാ ക്യാമ്പില്‍ ചേര്‍ന്നു. രാവിലെയും വൈകുന്നേരവുമാണ് ടീമിന്റെ പരിശീലനം. ടീമില്‍ 12 കോച്ചുമാരും ഉള്‍പ്പെടുന്നു.


കേരള ബോക്സിംഗ് ടീമില്‍ അന്യസംസ്ഥാനക്കാര്‍

തൃശൂര്‍: ദേശീയ ഗെയിംസിന്റെ ബോക്സിംഗ് ടീമിനെ തെരഞ്ഞെടുത്തതില്‍ ക്രമക്കേടെന്ന് ആക്ഷേപം. നാഷണല്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ യോഗ്യരായ മെഡല്‍ ജേതാക്കളായ തൃശൂരിലെ ആറു താരങ്ങളെ അറിയിക്കാതെയാണ് ടീം സെലക്ഷന്‍ നടത്തിയതെന്ന് താരങ്ങള്‍ ആരോപിച്ചു.

ഇതേസമയം, ബദല്‍ ടീം സെലക്ഷന്‍ നാളെതോപ്പ് സ്റേഡിയത്തില്‍ നടക്കും. നേരത്തെ രൂപീകരിച്ച ടീമിന്റെ പുരുഷവിഭാഗത്തില്‍ പത്തു വിഭാഗങ്ങളില്‍ നാലിലും കേരളത്തെ പ്രതിനിധീകരിക്കുന്നത് മലയാളികളല്ല.

വനിതാ വിഭാഗത്തിന്റെ മൂന്നു വിഭാഗങ്ങളില്‍ ഒരു താരവും മലയാളിയല്ല. ശേഷിക്കുന്നവര്‍ യോഗ്യതയുള്ളവരുമല്ലെന്നു ബോക്സിംഗ് താരങ്ങളും സംഘാടക സമിതിയുടെ നേതൃനിരയിലുള്ളവരും ചൂണ്ടിക്കാട്ടി.

വിഷയം കോടതി കയറാനിടയുള്ളതിനാല്‍ കേരളത്തിന്റെ വിവാദ ബോക്സിംഗ് ടീമിന് ഇടിക്കൂട്ടില്‍ കയറാനാകുമോയെന്ന ആശങ്കയുമുണ്ട്. തൃപ്രയാര്‍ ഇന്‍ഡോര്‍ സ്റേഡിയത്തില്‍ ആറാം തീയതിയാണ് ബോക്സിംഗ് മത്സരം.

ബോക്സിംഗ് അസോസിയേഷനുമായി ഒരു ബന്ധവുമില്ലാത്തവര്‍ സ്വാര്‍ഥ താത്പര്യം സംരക്ഷിക്കാന്‍ കൊല്ലത്തു രഹസ്യമായി ടീം തെരഞ്ഞെടുപ്പു നടത്തിയതെന്നു താരങ്ങള്‍ ആരോപിച്ചു. ബോക്സിംഗ് താരങ്ങളായ കെ.ആര്‍. ജിതിന്‍, ബാലു ഗണേഷ്, ദിനീപ് ദിവാകരന്‍, പി.ആര്‍. അര്‍ജുന്‍, അഖില്‍ ലാല്‍ ബാബു, ലിയോ ആന്റോ എന്നിവരാണ് പത്രസമ്മേളനം നടത്തി ടീം തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ചു വിശദീകരിച്ചത്.

അമ്പെയ്തു മെഡല്‍ വീഴ്ത്താന്‍ കേരളം

ബിജോ സില്‍വറി

കൊച്ചി: ദേശീയ ഗെയിംസിലെ അമ്പെയ്ത്ത് മത്സരങ്ങള്‍ക്കു നാളെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തില്‍ അരങ്ങുണരും. വൈകുന്നേരം നാലോടെ ഇന്ത്യന്‍ റൌണ്ട് വിഭാഗത്തിലെ യോഗ്യതാ മത്സരങ്ങളോടെയാണ് അമ്പെയ്ത്തിന് തുടക്കമാകുന്നത്. ഫെബ്രുവരി മൂന്നിന് എലിമിനേഷന്‍ റൌണ്ടുകള്‍ ആരംഭിക്കും. ആറിന് ക്വാര്‍ട്ടര്‍ ഫൈനലുകളും ഏഴുമുതല്‍ സെമിഫൈനലുകളും ഫൈനലുകളും നടക്കും. ഒമ്പതിനാണ് അമ്പെയ്ത്ത് മത്സരങ്ങളുടെ സമാപനം.

അമ്പെയ്ത്തിലെ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളുടെ പ്രകടനം നേരിട്ട് കാണാന്‍ കേരളീയര്‍ക്ക് അവസരമൊരുങ്ങുകയാണ്. ഇഞ്ചിയോണില്‍ നടന്ന പതിനേഴാമത് ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനുവേണ്ടി മെഡല്‍ നേടിയവരടക്കം രാജ്യത്തെ മികച്ച അമ്പെയ്ത്ത് താരങ്ങളെല്ലാം കൊച്ചിയിലെത്തുന്നുണ്ട്. 117 പുരുഷന്മാരും 111 വനിതകളുമാണ് ഈ വിഭാഗത്തില്‍ പങ്കെടുക്കുന്നത്. അര്‍ജുന അവാര്‍ഡ് ജേതാക്കള്‍, ഒളിമ്പ്യന്‍മാര്‍, ലോകകപ്പ് മെഡല്‍ ജേതാക്കള്‍, ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും മെഡലുകളും റിക്കാര്‍ഡുകളും സ്വന്തമാക്കിയവരുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

അര്‍ജുന അവാര്‍ഡ് ജേതാവും ലോകകപ്പ് മെഡലിസ്റുമായ അഭിഷേക് വര്‍മ(ഡല്‍ഹി), തരുണ്‍ദീപ് റായ്, സന്ദീപ് കുമാര്‍, ക്യാം ബഹദൂര്‍ (എല്ലാവരും സര്‍വീസസ്), മംഗള്‍സിംഗ് ചാമ്പ്യ, അതനുദാസ്(ജാര്‍ഖണ്ഡ്) കപില്‍(പശ്ചിമബംഗാള്‍)തുടങ്ങി പുരുഷവിഭാഗത്തിലെ മികച്ച കളിക്കാരാണ് കൊച്ചിയിലെത്തുന്നത്. വനിതാ വിഭാഗത്തില്‍ ജാര്‍ഖണ്ഡിന്റെ ദീപികാ കുമാരി, റീനാ കുമാരി, മഞ്ജുദ സോയ്, ഗുജറാത്തിന്റെ വി. പ്രണീത്, മണിപ്പൂരിന്റെ ലിലി ചാനു, എല്‍. ബോംബിയാല ദേവി, തൃഷ ദേബ്(പഞ്ചാബ്) എന്നിവര്‍ മെഡല്‍ പ്രതീക്ഷയുമായെത്തുന്നു.

2014 ലെ ദേശീയ അമ്പെയ്ത്ത് മത്സരത്തിലെ വിജയികളും പുതിയ ദേശീയ റിക്കാര്‍ഡ് ഉടമകളും കൊച്ചിയിലെ പോരാട്ടത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇവരില്‍ ഇന്ത്യന്‍ റൌണ്ട് 30 മീറ്റര്‍ ജേതാവും ഓവറോള്‍ ചാമ്പ്യനുമായ ക്യാപ്റ്റന്‍ സിംഗ്, 50 മീറ്റര്‍ വിജയി സന്തോഷ് താപ്പ എന്നിവര്‍ ഉള്‍പ്പെടുന്നു.

അമ്പെയ്ത്തില്‍ ശക്തമായ ടീമല്ലെങ്കിലും മികച്ച പരിശീലനം നടത്തിയതിനാല്‍ മെഡല്‍ പ്രതീക്ഷയുണ്െടന്നാണ് കേരളത്തിന്റെ പരിശീലകര്‍ പറയുന്നത്. പെരുമ്പാവൂര്‍ പെരുകുളം പുഞ്ചയില്‍ മൂന്നു മാസം നടത്തിയ തീവ്രപരിശീലനം കേരളത്തിന്റെ അമ്പെയ്ത്തുകാര്‍ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. 24 അംഗ ടീമിനെയാണ് കേരളം ഇത്തവണ അണിനിരത്തുന്നത്. 12 പുരുഷന്മാരും അത്രയുംതന്നെ വനിതകളും. മത്സരം നടക്കുന്ന കലൂര്‍ സ്റേഡിയത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ കേരളതാരങ്ങള്‍ പരിശീലനം നടത്തി.

ഇന്ത്യന്‍ ഇനത്തില്‍ ആകെ ലഭിക്കുന്ന 240 പോയിന്റുകളില്‍ 220 പോയിന്റു വരെ കളിക്കാര്‍ നേടുന്നുണ്ട്. 215 പോയിന്റ് ലഭിച്ചാല്‍ ഒരു മെഡല്‍ ഉറപ്പാണെന്നാണ് പരിശീലകനായ ഒ.ആര്‍ രഞ്ജിത് പറയുന്നത്. പുരുഷ-വനിതാ വ്യക്തിഗത ഇനങ്ങളിലും മിക്സഡിലും ഈ വിഭാഗത്തില്‍ കേരളത്തിനു പ്രതീക്ഷയുണ്ട്.

എം. രാജീവ്, എ.കെ. മനാഫ്, അജിത് ബാബു, എ.ജെ. ജോസ്ബിന്‍, കെ.വി. അരുണ്‍ എന്നിവരാണ് പുരുഷ വിഭാഗത്തില്‍ കേരളത്തിന്റെ പ്രതീക്ഷ. വനിതാ ടീമില്‍ കെ.എ.അഭിജിത, ജൂഡിത്ത് മേരീദാസന്‍, എം.ബി. മനീഷ, ടി.സി. ശരണ്യ എന്നിവരും അണിനിരക്കുന്നു.

ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ ടീമിനത്തില്‍ കേരളത്തിന് ഒരു വെള്ളിമെഡല്‍ ലഭിച്ചിരുന്നു. 217 പോയിന്റാണ് അന്നു നേടിയത്. ശരണ്യയും മനീഷയുമായിരുന്നു ടീമംഗങ്ങള്‍. രാജീവും മനീഷയും ചേര്‍ന്ന മിക്സഡ് ഡബിള്‍സിലും രണ്ടാം സ്ഥാനത്തെത്താന്‍ കഴിഞ്ഞു. ഹരിയാനയില്‍ കഴിഞ്ഞ നവംബറില്‍ നടന്ന അഖിലേന്ത്യ ഇന്റര്‍യൂണിവേഴ്സിറ്റി ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ ശരണ്യയും മനീഷയും ഉള്‍പ്പെട്ട ടീം വെള്ളി നേടിയിരുന്നു.

ആകെ 15 ഇനങ്ങളിലായി 45 മെഡലുകളാണ് അമ്പെയ്ത്തിനുള്ളത്. കോംപൌണ്ട്, റീകര്‍വ്, ഇന്ത്യന്‍ റൌണ്ട് എന്നിവയില്‍ ഓരോന്നിലും അഞ്ചു വിഭാഗങ്ങളില്‍ മത്സരമുണ്ട്.

പുരുഷ, വനിത, വ്യക്തിഗതം, ഇരു വിഭാഗങ്ങളിലെയും ടീം, മിക്സഡ് ടീം വിഭാഗങ്ങളില്‍ മത്സരം നടക്കും. നാലു റൌണ്ടുകളാണു മത്സരങ്ങള്‍ക്കുള്ളത്. ഓരോന്നിലും 36 വീതം അമ്പ് തൊടുക്കണം. പുരുഷന്മാര്‍ വിവിധ ഇനങ്ങളില്‍ 90, 70, 50, 30 മീറ്റര്‍ ദൂരത്തില്‍ നിന്നും വനിതകള്‍ 70, 60, 50, 30 മീറ്റര്‍ ദൂരത്തു നിന്നുമാണ് ഓരോ റൌണ്ടിലും അമ്പ് തൊടുക്കേണ്ടത്. ആദ്യ രണ്ടു റൌണ്ടില്‍ 122 സെന്റിമീറ്റര്‍ ഉള്ള ലക്ഷ്യവും അവസാന രണ്ട് റൌണ്ടില്‍ 80 സെന്റിമീറ്റര്‍ ഉള്ള ലക്ഷ്യവുമാണു മത്സരത്തിന് ഒരുക്കുന്നത്. ജാര്‍ഖണ്ഡാണ് നിലവിലെ ചാമ്പ്യന്‍മാര്‍.

ദേശീയ ഗെയിംസ് ബഹിഷ്കരിക്കാന്‍ ബോക്സിംഗ് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്നാരംഭിക്കുന്ന ദേശീയ ഗെയിംസ് ബഹിഷ്കരിക്കാന്‍ ബോക്സിംഗ് ഇന്ത്യ (രാജ്യത്തെ ബോക്സിംഗ് അസോസിയേഷന്‍) തങ്ങളുടെ സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്കി. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) ബോക്സിംഗ് ഇന്ത്യക്ക് അംഗീകാരം നല്കാത്തതാണ് ബഹിഷ്കരണത്തിനു കാരണം. ഇതോടെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് മനോജ്കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗെയിംസില്‍ പങ്കെടുക്കില്ലെന്നുറപ്പായി. അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷന്റെ അംഗീകാരമുള്ള ബോക്സിംഗ് ഇന്ത്യയെ ഐഒഎ അവഗണിക്കുകയാണെന്നു പ്രസിഡന്റ് സന്ദീപ് ജജോഡിയ സംസ്ഥാന യൂണിറ്റുകള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. ബോക്സിംഗ് ഇന്ത്യയില്‍ രജിസ്ട്രേഷനുള്ള താരങ്ങളെ ഗെയിംസിനയയ്ക്കരുതെന്നും കത്തില്‍ പറയുന്നു. ഒളിമ്പിക് മെഡലിസ്റ് വിജേന്ദര്‍ അടക്കമുള്ള താരങ്ങള്‍ ഗെയിംസിനെത്തില്ലെന്നുറപ്പായതോടെ ബോക്സിംഗ് റിംഗില്‍ കാര്യമായ ആവേശമുണ്ടാകില്ലെന്നുറപ്പായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.