ഉദ്ഘാടനം കേമമാകും, ഹരം കൊള്ളിക്കാന്‍ ലാലിസവും
ഉദ്ഘാടനം കേമമാകും, ഹരം കൊള്ളിക്കാന്‍ ലാലിസവും
Friday, January 30, 2015 10:27 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കായിക വേഗത്തിനൊപ്പം കലയുടെ ലാസ്യ ലയതാളങ്ങള്‍ കൊണ്ട് സമസ്തഭാരതത്തെയും കോരിത്തരിപ്പിക്കുന്നതാകും മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങുകള്‍.

നാളെ വൈകുന്നേരം കാര്യവട്ടം സ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനുശേഷം അരങ്ങേറുന്ന കലാസന്ധ്യയ്ക്ക് രൂപം നല്‍കിയിരിക്കുന്നത് ഏറ്റവും മികച്ച കലാകാരന്മാരെ അണിനിരത്തിക്കൊണ്ടാണ്. കലാസന്ധ്യയുടെ ആശയവും ആവിഷ്കാരവും സംവിധായകന്‍ ടി.കെ. രാജീവ്കുമാറിന്റേതാണ്.

കണ്ണിനും കാതിനും കുളിരു പകരുന്ന ഒട്ടേറെ പ്രകടനങ്ങള്‍ നാലുമണിക്കൂര്‍ നീളുന്ന കലാസന്ധ്യയെ വേറിട്ട അനുഭവമാക്കുമെന്ന് തീര്‍ച്ച. സ്വാതന്ത്യ്രസമര പോരാട്ടങ്ങളില്‍ ജീവന്‍ വെടിഞ്ഞ ദേശാഭിമാനികളെ അനുസ്മരിക്കുകയും അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്ന വാര്‍ ക്രൈ എന്ന സംഗീതശില്‍പത്തിന്റെ അവതരണത്തോടെയാണ് ഇന്ത്യന്‍ സിനിമാ, സംഗീത, വാദ്യ ലോകത്തെ കുലപതികള്‍ അണിനിരക്കുന്ന കലാസന്ധ്യയ്ക്ക് തുടക്കമാവുക. കുഞ്ഞാലി മരയ്ക്കാരായി വേഷമിടുന്ന നടന്‍ മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന കലാകാരന്മാരുടെ സംഘമാണ് വാര്‍ ക്രൈ അവതരിപ്പിക്കുന്നത്. സ്ക്രീനിലും സ്റേജിലുമായാണു വാര്‍ ക്രൈ അരങ്ങേറുക. മോഹന്‍ലാലിനു പുറമെ അഭിനേതാക്കളായ വിനീത്, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും വേദിയിലെത്തും. വാര്‍ ക്രൈയുടെ നൃത്താവിഷ്കാരം വിനീതാണ് നിര്‍വഹിച്ചിരിക്കുന്നത്.

ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനു ശേഷം പതാക ഉയര്‍ത്തലും ദീപശിഖ തെളിയിക്കലും കഴിഞ്ഞാല്‍ ഉടന്‍ വാര്‍ ക്രൈ ആരംഭിക്കും. വാര്‍ ക്രൈ സമാപിക്കുന്നതിനു തൊട്ടുപിന്നാലെ 5000 ത്തോളം കലാകാരന്മാര്‍ അണിനിരക്കുന്ന ‘ഭാവരസ’ അരങ്ങിലെത്തും. കേരളത്തിന്റെ തനതു വാദ്യ നൃത്ത രൂപങ്ങള്‍ കൂട്ടിയിണക്കിയ ആവിഷ്കാരം കാണികള്‍ക്ക് വേറിട്ട അനുഭവമാകും. ചെണ്ടയും തകിലും മദ്ദളവുമടക്കം താളവാദ്യങ്ങളില്‍ ആയിരക്കണക്കിനു കലാകാരന്മാര്‍ കൊട്ടിക്കയറുമ്പോള്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും കരുണാമൂര്‍ത്തിയും അവരെ മുന്നില്‍ നിന്നു നയിക്കും. കഥകളി, മോഹിനിയാട്ടം, കളരി, വേലകളി തുടങ്ങിയ കേരളത്തനിമയുള്ള കലാരൂപങ്ങളുമായി കേരളത്തിലെ ഏറ്റവും മികച്ച കലാകാരന്മാര്‍ അരങ്ങിലെത്തും. പ്രശസ്ത സംഗീത സംവിധായകന്‍ ശരത്തിന്റെ സംഗീത സംവിധാനത്തിലാണു ഭാവരസ ഒരുങ്ങുന്നത്.ഭാവരസയ്ക്കു പിന്നാലെ മോഹന്‍ലാലിന്റെ ബാന്‍ഡ് ലാലിസം അരങ്ങിലെത്തും. ലാലിസം, ഇന്ത്യ സിംഗിംഗ് എന്നു പേരിട്ടിരിക്കുന്ന പരിപാടി അമിതാഭ് ബച്ചന്റെ ആമുഖത്തോടെയാണ് ആരംഭിക്കുക. ബിഗ്ബി അവതാരകനായി പ്രത്യക്ഷപ്പെടുന്ന ഒരു മ്യൂസിക്കല്‍ ഷോയുടെ മാതൃകയിലാണ് ലാലിസം സംവിധാനം ചെയ്തിരിക്കുന്നത്. എം.ജി. ശ്രീകുമാര്‍, സുജാത, ഉദിത് നാരായണന്‍, ഹരിഹരന്‍, അല്‍ക്ക യാഗ്നിക്, കാര്‍ത്തിക് തുടങ്ങിയ ഭാരതത്തിന്റെ സംഗീതപ്രതിഭകള്‍ക്കൊപ്പം മോഹന്‍ലാലും രതീഷ് വേഗയുമടങ്ങുന്ന ലാലിസം സംഗീതത്തിന്റെ ഇന്ദ്രജാലങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് ഉദ്ഘാടനചടങ്ങുകളുടെ സമാപനം ആവേശോജ്വലമാക്കും.


ലാലിസത്തോടെ ഉദ്ഘാടനച്ചടങ്ങുകള്‍ക്കു സമാപനമാകും. ലാലിസത്തിന്റെ സംഗീത സംവിധാനം രതീഷ് വേഗയുടേതാണ്. ലാലിസത്തിന്റെ മാന്ത്രിക സംഗീതത്തിന്റെ മാസ്മരികതയില്‍ എല്ലാം മറന്ന് ഭാരതത്തിന്റെ കായികക്കുതിപ്പില്‍ അലിഞ്ഞു ചേരാന്‍ കാത്തിരിക്കുകയാണ് ഓരോ മലയാളിയും. ട്രാക്കിലെയും ഫീല്‍ഡിലേയും പോരാട്ടങ്ങള്‍ ഞായറാഴ്ചയാണ് ആരംഭിക്കുക.

ദീപശിഖാ പ്രയാണം ഇന്നു തലസ്ഥാനത്ത്

തിരുവനന്തപുരം: ദേശീയഗെയിംസ് ദീപശിഖാ പ്രയാണം ഇന്നു തിരുവനന്തപുരത്ത് എത്തും. രാവിലെ 10ന് ജില്ലാ അതിര്‍ത്തിയായ കമ്പാട്ടുകോണത്ത് എത്തുന്നദീപശിഖാ പ്രയാണത്തിന് വര്‍ക്കല കഹാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സ്വീകരണം. തുടര്‍ന്നു വൈകുന്നേരം അഞ്ചിന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തുന്ന ദീപശിഖ മേയര്‍ കെ.ചന്ദ്രിക ഏറ്റുവാങ്ങി പത്മശ്രീ ബീനാമോളിനു കൈമാറുന്ന ദീപശിഖ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് ഏറ്റുവാങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.