സൂപ്പര്‍കിംഗ്സിന്റെ വില്പന എളുപ്പമാകില്ല
Thursday, January 29, 2015 10:28 PM IST
ന്യുഡല്‍ഹി: ചെന്നൈ സൂപ്പര്‍കിംഗ്സിനെ കൈവിട്ടു ബിസിസിഐ അധ്യക്ഷസ്ഥാനം കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്ന എന്‍. ശ്രീനിവാസന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. സൂപ്പര്‍കിംഗ്സിനെ ഐപിഎലില്‍ നിന്നും പുറത്താക്കിയേക്കുമെന്നു റിപ്പോര്‍ട്ടുണ്ട്. ഇതിനൊപ്പം സുപ്രീംകോടതിയുടെ കര്‍ശനനിയന്ത്രണങ്ങളും വില്പനയെ ബാധിച്ചേക്കാം. അതേസമയം, സൂപ്പര്‍കിംഗ്സിനെ സ്വന്തമാക്കുവാന്‍ ശ്രമിക്കുന്നവരുടെ പട്ടികയില്‍ എംആര്‍എഫ് ടയേഴ്സ് മുന്നിലാണെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്.

നിലവില്‍ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യാ സിമന്റ്സിന്റെ സബ്സിഡിയറി കമ്പനിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. രണ്ടുതവണ ഐപിഎല്‍ ചാമ്പ്യന്മാരായ സൂപ്പര്‍കിംഗ്സിന്റെ മൂല്യം മറ്റു ടീമുകളേക്കാള്‍ മുന്നിലായിരുന്നു. എന്നാല്‍ വിവാദങ്ങള്‍ ഒന്നൊന്നായി വന്നത് ടീമിനെയും ബാധിച്ചു.


ടീമിന്റെ വില്പന എളുപ്പമാവില്ലെന്നു പറയാനുള്ള കാരണങ്ങള്‍ ഇവയാണ്. ഐപിഎല്‍ വാതുവയ്പ് കേസ് ഇപ്പോള്‍ സുപ്രീംകോടതിക്കു മുന്നിലാണ്. വാതുവയ്പ് കേസില്‍ ചെന്നൈ ടീമിന്റെ ഉടമകളുടെ പങ്ക് സംശയലേശമില്ലാതെ തെളിഞ്ഞെന്നു കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ടീമിനെ അയോഗ്യരാക്കുവാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഇക്കാരണത്താല്‍ ടീമിനെ സ്വന്തമാക്കാന്‍ താല്പര്യമുള്ളവര്‍ ഒന്നുമടിക്കും. മാത്രമല്ല ടീമിനെ വിറ്റു ശ്രീനിക്കു കൈകഴുകണമെങ്കില്‍ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ അന്വേഷണസംഘത്തിന്റെ ക്ളീന്‍ചീറ്റ് ആവശ്യമാണ്. ഇതിനിടെ സുപ്രീംകോടതി നിരീക്ഷണങ്ങള്‍ ബിസിസിഐയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാകാന്‍ ഇടയാക്കുമെന്നു കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ സോനോവാള്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.