ബാഡ്മിന്റണില്‍ കേരളം ശക്തം
ബാഡ്മിന്റണില്‍ കേരളം ശക്തം
Thursday, January 29, 2015 10:25 PM IST
സ്വന്തം ലേഖകന്‍

കൊച്ചി: ദേശീയ ഗെയിംസിനായി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ടേബിള്‍ ടെന്നീസും ബാഡ്മിന്റണുമാണ് സ്റേഡിയത്തിലെ മത്സര ഇനങ്ങള്‍. ടേബിള്‍ ടെന്നീസാണ് ആദ്യത്തെ മത്സര ഇനം. ഫെബ്രുവരി ഒന്നു മുതല്‍ അഞ്ചു വരെയാണ് ടേബിള്‍ ടെന്നീസ്. ഒമ്പതു മുതല്‍ 13 വരെ ബാഡ്മിന്റണ്‍.

ബാഡ്മിന്റണ്‍ കിരീടം നിലനിര്‍ത്താന്‍ കേരളം ഇത്തവണ ഏറെ ബുദ്ധിമുട്ടേണ്ടി വരും. 2011ല്‍ റാഞ്ചിയില്‍ നടന്ന ഗെയിംസില്‍ പുരുഷ, വനിത വിഭാഗങ്ങളില്‍ കേരളമായിരുന്നു ചാമ്പ്യന്‍മാര്‍. ആസാം, ഛത്തീസ്ഗഢ്, ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നീ ടീമുകളാണ് കേരളത്തിനു പുറമെ പുരുഷ വിഭാഗത്തില്‍ മത്സരിക്കുന്നത്. വനിതാ വിഭാഗത്തില്‍ ആസാം, ഗോവ, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഹരിയാന, യുപി, തെലുങ്കാന എന്നീ ടീമുകളും എത്തുന്നു.

മഹാരാഷ്്ട്ര, തെലുങ്കാന, കര്‍ണാടക, ആന്ധ എന്നിവ ശക്തമായ ടീമുകളാണ്. സ്വന്തം തട്ടകത്തില്‍ കളിക്കുന്നു എന്നതായിരിക്കും കേരളത്തിന്റെ ബലം. ദേശീയ താരങ്ങളായ സൈന നെഹ്വാള്‍, ജ്വാല ഗുട്ട, പി. കശ്യപ് എന്നിവര്‍ ഗെയിംസിനില്ലാത്തത് ബാഡ്മിന്റണ്‍ പ്രേമികളെ നിരാശരാക്കിയിട്ടുണ്െടങ്കിലും ഇതിന്റെ നേട്ടം കേരളത്തിനാണ്. രാജ്യാന്തര താരം എച്ച്.എസ്. പ്രണോയ് കേരള ടീമില്‍ കളിക്കുന്നുവെന്നത് ആതിഥേയര്‍ക്ക് ആത്മവിശ്വാസം പകരുന്നു.

പ്രണോയ്ക്കു പുറമെ ആല്‍വിന്‍ ഫ്രാന്‍സിസ്, മുഹമ്മദ് മുന്‍വര്‍, സനേവ തോമസ്, രൂപേഷ് കുമാര്‍, അരുണ്‍ വിഷ്ണു, ശ്യാം പ്രസാദ് എന്നിവര്‍ പുരുഷ ടീമിലും, അപര്‍ണ ബാലന്‍, പി.സി. തുളസി, ആരതി സാറാ സുനില്‍, മാളവിക എന്നിവര്‍ വനിതാ ടീമിലും അണിനിരക്കുന്നു.

പുരുഷവിഭാഗം ഡബിള്‍സില്‍ കേരളം സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കിയാല്‍ അദ്ഭുതപ്പെടേണ്ട. സനേവ തോമസ്, രൂപേഷ് കുമാര്‍ കൂട്ടുകെട്ട് കൊച്ചിയില്‍ നടന്ന ദേശീയ ടൂര്‍ണമെന്റുകളില്‍ ജേതാക്കളായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയത് കേരളത്തിന്റെതന്നെ അരുണ്‍ വിഷ്ണു, ആല്‍വിന്‍ ഫ്രാന്‍സിസ് കൂട്ടുകെട്ടാണ്. എന്നാല്‍ മഹാരാഷ്ട്രയുടെ വെല്ലുവിളി നേരിടുന്നതനുസരിച്ചായിരിക്കും കിരീടം നിശ്ചയിക്കപ്പെടുക. മഹാരാഷ്ട്രയുടെ പ്രണോയ് ചോപ്രയും അക്ഷയ് ദിവാല്‍ക്കറും മികച്ച ഫോമിലാണ്. ബാഡ്മിന്റണിലെ മികച്ച താരങ്ങളെത്തുന്ന തെലുങ്കാനയും കര്‍ണാടകയും ആന്ധയും കേരളത്തിനു ഭീഷണി തന്നെയാണ്. ജൂണിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ് നേടിയ ഋത്വിക ശിവാനി, ഋതുപര്‍ണ ദാസ് എന്നിവരും തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിവയെ പ്രതിനിധീകരിച്ച് ദേശീയ ഗെയിംസിനായി എത്തുന്നുണ്ട്.


സിംഗിള്‍സില്‍ പ്രണോയിയും പി.സി. തുളസിയുമാണ് കേരളത്തിന്റെ സുവര്‍ണ പ്രതീക്ഷകള്‍. കഴിഞ്ഞ തവണത്തെ സിംഗിള്‍സ് റണ്ണര്‍ അപ്പാണ് തുളസി. വനിതാവിഭാഗം ഡബിള്‍സില്‍ ആരതി-സാറാ സുനില്‍ കൂട്ടുകെട്ടും പ്രതീക്ഷ ഉയര്‍ത്തുന്നു. കൊച്ചിയില്‍ നടന്ന ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ തുളസിയെ തോല്പിച്ചാണ് ഋതുപര്‍ണ ഒന്നാമതെത്തിയത്. ദേശീയ ഗെയിംസില്‍ ഏഴിനങ്ങളാണ് ബാഡ്മിന്റണിലുള്ളത്. കൊച്ചിയിലാണ് ടീമിന്റെ മൂന്നാംഘട്ട പരിശീലനം നടക്കുന്നത്. പ്രണോയിയും തുളസിയും അടക്കമുള്ള കേരളത്തിന്റെ പ്രധാന താരങ്ങളെല്ലാം അടുത്ത ദിവസം ക്യാമ്പിലെത്തും.

അതേസമയം, ടേബിള്‍ ടെന്നീസില്‍ അഞ്ചംഗ ടീമിനെയാണ് കേരളം ഇറക്കുന്നത്. ആലപ്പുഴയിലാണ് ഇവരുടെ പരിശീലനം നടന്നുവരുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു രാവിലെ 11.30ന് പുനര്‍നിര്‍മിച്ച സ്റേഡിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.