നദാല്‍, മുറെ, ഷറപ്പോവ ക്വാര്‍ട്ടറില്‍
Monday, January 26, 2015 11:41 PM IST
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ പുരുഷവിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക മൂന്നാം നമ്പര്‍ സ്പെയിന്റെ റഫേല്‍ നദാല്‍, ബ്രിട്ടന്റെ ആന്‍ഡി മുറെ, ചെക് റിപ്പബ്ളിക്കിന്റെ തോമസ് ബെര്‍ഡിച്ച്, ഓസ്ട്രേലിയയുടെ നിക്ക് കിര്‍ഗിയോസ് എന്നിവര്‍ ക്വാര്‍ട്ടറിലെത്തി. വനിതകളില്‍ ലോക രണ്ടാം നമ്പര്‍ റഷ്യയുടെ മരിയ ഷറപ്പോവ, മൂന്നാം നമ്പര്‍ റുമേനിയയുടെ സിമോണ ഹാലെപ് എന്നിവര്‍ കടന്നു.

പുരുഷന്മാരുടെ മത്സരത്തില്‍ നദാല്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്സണെ 7-5, 6-1, 6-4നും ബെര്‍ഡിച്ച് ഓസ്ട്രേലിയയുടെ ബെര്‍ണാര്‍ഡ് ടോമിക്കിനെ 6-2, 7-6 (7-3), 6-2നും പരാജയപ്പെടുത്തി. കിര്‍ഗിയോസ് ഇറ്റലിയുടെ ആന്ദ്രെസ് സെപ്പിയെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിലാണു തോല്‍പ്പിച്ചത്. 5-7, 4-6, 6-3, 7-6 (7-5), 8-6നായിരുന്നു ഓസ്ട്രേലിയന്‍ താരത്തിന്റെ ജയം. ലോക ആറാം റാങ്കുകാരന്‍ ബ്രിട്ടന്റെ ആന്‍ഡി മുറെ ലോക പത്താം സ്ഥാനക്കാരന്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെ നാലു സെറ്റ് നീണ്ട മത്സരത്തില്‍ (6-4, 6-7 (5-7), 6-3, 7-5) കീഴടക്കി ക്വാര്‍ട്ടറിലെത്തി.


വനിതകളുടെ മത്സരത്തില്‍ ഷറപ്പോവ ചൈനയുടെ ഷുയി പെംഗിനെതിരെ 6-3, 6-0ന്റെ അനായാസ ജയം നേടി. ഹാലെപ് ബെല്‍ജിയത്തിന്റെ യാനിന വിക്മെയറെ 6-4, 6-2ന് തോല്‍പ്പിച്ചു. കാനഡയുടെ യൂജിന്‍ ബുച്ചാര്‍ഡ് റുമേനിയുടെ ഇറിന കമേലിയ ബെഗുവിന മൂന്നു സെറ്റുകള്‍ക്കു (6-1, 5-7, 6-2) കീഴടക്കി. റഷ്യയുടെ എക്ടറീന മകറോവ ജര്‍മനിയുടെ ജൂലിയ ജോര്‍ജസിനെ 6-3, 6-2ന് പരാജയപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.