ക്ഷമ ചോദിച്ചു റൊണാള്‍ഡോ
ക്ഷമ ചോദിച്ചു റൊണാള്‍ഡോ
Monday, January 26, 2015 11:43 PM IST
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കൊര്‍ഡോബയ്ക്കെതിരായ മത്സരത്തില്‍ ചുവപ്പു കാര്‍ഡ് കണ്ടു പുറത്തായതിനു റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്യാനോ റൊണാള്‍ഡോ ക്ഷമാപണം നടത്തി. എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു പ്രത്യേകിച്ച് എഡിമറിനോടുള്ള എന്റെ അതിരുകടന്ന അക്രമത്തിന്- റൊണാള്‍ഡോ തന്റെ ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചു. സീസണിലെ ഏറ്റവും മോശം പ്രകടനമാണ് കൊര്‍ഡോബയ്ക്കെതിരേ റയല്‍ പുറത്തെടുത്തത്. പുറത്താകലിന്റെ വക്കിലുള്ള കൊര്‍ഡോബയെ 89-ാം മിനിറ്റില്‍ ഗരെത് ബെയ്ലിന്റെ പെനാല്‍റ്റി ഗോളിലൂടെ 2-1നാണ് റയല്‍ മറികടന്നത്.

മത്സരത്തിന്റെ 82-ാം മിനിറ്റിലാണ് റൊണാള്‍ഡോ ചുവപ്പു കാര്‍ഡ് കണ്ടു പുറത്താകുന്നത്. റയലിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ഗോളാക്കാന്‍ ബോക്സിനുള്ളില്‍ റൊണാള്‍ഡോ അടക്കമുള്ളവര്‍ നിലയുറപ്പിച്ചു. പന്ത് ബോക്സിനുള്ളില്‍ എത്തിയെങ്കിലും എഡിമര്‍ റൊണാള്‍ഡോയ്ക്കു മുമ്പേ പന്ത് നിയന്ത്രണത്തിലാക്കാന്‍ ശ്രമിച്ചു. പ്രകോപിതനായ റൊണാള്‍ഡോ കായികകരുത്ത് പ്രകടിപ്പിച്ച എഡിമറിന്റെ മുഖത്ത് അടിക്കുകയും തള്ളുകയും ചെയ്തു. പാഞ്ഞടുത്ത റഫറി രണ്ടാമതൊന്നാലോചിക്കാതെ പോര്‍ച്ചുഗല്‍ താരത്തിനു മാര്‍ച്ചിംഗ് ഓര്‍ഡര്‍ നല്കി. അതോടെ റയല്‍ പത്തു പേരായി ചുരുങ്ങി. മത്സരം 1-1 സമനിലയില്‍ നില്‍ക്കുമ്പോഴാണ് റൊണാള്‍ഡോ മടങ്ങിയത്. മൂന്നാം മിനിറ്റില്‍ നബില്‍ ഗിലാസിന്റെ ഗോളില്‍ മുന്നില്‍കടന്ന കൊര്‍ഡോബയെ 27-ാം മിനിറ്റില്‍ കരിം ബെന്‍സെമയിലൂടെ റയല്‍ സമനിലയില്‍ പിടിച്ചു. എന്നാല്‍, 89-ാം മിനിറ്റില്‍ മാഡ്രിഡ് ക്ളബ്ബിനു ലഭിച്ച സ്പോര്‍ട്ട് കിക്ക് ലക്ഷ്യത്തിലെത്തിച്ച് ബെയ്ല്‍ ജയം നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.