ദേശീയ ഗെയിംസ് വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും
ദേശീയ ഗെയിംസ്  വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും
Sunday, January 25, 2015 10:48 PM IST
തിരുവനന്തപുരം: 35-ാം ദേശീയ ഗെയിംസ് 31ന് വൈകുന്നേരം ആറിന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കാര്യവട്ടത്തെ പുതിയ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന സമാപന ചടങ്ങുകള്‍. ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷണ്‍ പ്രസിഡന്റ്എന്‍. രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. ഫെബ്രുവരി 14നു നടക്കുന്ന സമാപനസമ്മേളനം സംസ്ഥാന ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയെ ഉദ്ഘാടനത്തിനും രാഷ്്ട്രപതിയെ സമാപനസമ്മേളനത്തിനും പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നെങ്കിലും ഇരുവരും അസൌകര്യം അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നു വെങ്കയ്യ നായിഡു പ്രധാനമന്ത്രിയുടെയും ഗവര്‍ണര്‍ രാഷ്ട്രപതിയുടെയും പ്രതിനിധിയായിട്ടാണ് ചടങ്ങില്‍ പങ്കെടുക്കുകയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ സോനോവാള്‍, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നിവരും സംസ്ഥാന മന്ത്രിമാര്‍ , എംപിമാര്‍, എംഎല്‍എമാര്‍, വിവിധ ജനപ്രതിനിധികള്‍, കായിക സംഘാടകര്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.


ഗെയിംസിന്റെ ഗുഡ്വില്‍ അംബാസഡറായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ദേശീയ ഗെയിംസിന്റെ ദീപശിഖ പി.ടി. ഉഷയ്ക്കും അഞ്ജു ബോബി ജോര്‍ജിനും കൈമാറും. ഇരുവരും സംയുക്തമായി ഗെയിംസ് ദീപം തെളിക്കുന്നതോടെ 35-ാം ദേശീയ ഗെയിംസിന് ഔപചാരിക തുടക്കമാകും. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങള്‍ ആവിഷ്കാരം ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ചുണ്ടാകും.

ഉദ്ഘാടന -സമാപന ചടങ്ങുകള്‍ക്ക് സംവിധായകന്‍ ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തില്‍ 5000 കലാകാരന്‍മാര്‍ ഒരുക്കുന്ന കലാസന്ധ്യ അരങ്ങേറും. ചലച്ചിത്രതാരം മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ലാലിസം ഷോ ഉദ്ഘാടനച്ചടങ്ങുകള്‍ക്കു മാറ്റുകൂട്ടും.

സമാപനസമ്മേളനത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയും മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, തുടങ്ങിയവരും പങ്കെടുക്കുമെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. ദേശീയ ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസ്, സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് പദ്മിനി തോമസ്, കായിക സെക്രട്ടറി ശിവശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.