കര്‍ണാടകം ചാമ്പ്യന്‍മാര്‍
Tuesday, December 23, 2014 11:35 PM IST
മഞ്ചേരി: പയ്യനാട് സ്റേഡിയത്തില്‍ നടന്ന ദക്ഷിണമേഖലാ സബ് ജൂണിയര്‍ ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് കേരളത്തെ തോല്‍പ്പിച്ച് കര്‍ണാടകം ജേതാക്കളായി.

കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഇതേ സ്കോറിനു കേരളം കര്‍ണാടകത്തെ തോല്‍പ്പിച്ചിരുന്നു. കളിയുടെ തുടക്കത്തില്‍ തന്നെ ആതിഥേയരെ ഞെട്ടിച്ച് കര്‍ണാടകം ഗോള്‍ നേടുന്നതാണ് കണ്ടത്. പത്താം മിനിറ്റിലും 49ാം മിനിറ്റിലും കര്‍ണാടകയുടെ മോണിഷ് ഗോള്‍ നേടി. രണ്ടാം പകുതിയില്‍ പെനാല്‍റ്റിയിലൂടെ കര്‍ണാടകയുടെ വിജയ് മൂന്നാം ഗോളും നേടി. കളി അവസാനിക്കാന്‍ അഞ്ചു മിനിറ്റുള്ളപ്പോള്‍ എ.എസ് ആദര്‍ശ് ആണ് കേരളത്തിന്റെ ആശ്വാസ ഗോള്‍ നേടിയത്.


വിജയികള്‍ക്ക് അഡ്വ. എം. ഉമ്മര്‍ എംഎല്‍എ ട്രോഫി സമ്മാനിച്ചു. കര്‍ണാടകത്തിന്റെ സച്ചിനാണ് മാന്‍ ഓഫ് ദി മാച്ച്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരാനായി കേരളത്തിന്റെ ജാവേദിനെ തെരഞ്ഞെടുത്തു. തമിഴ്നാട്, കേരളം, കര്‍ണാടകം, ആന്ധ്രപ്രദേശ്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരച്ചത്.

കര്‍ണാടകവും കേരളവും ദേശീയതലത്തിലേക്ക് യോഗ്യത നേടി. രാജ്യത്തെ അഞ്ചു മേഖലകളില്‍നിന്നായി പത്തു ടീമുകളാണ് ഫൈനല്‍ റൌണ്ടില്‍ മത്സരിക്കുക. ഈ ടൂര്‍ണമെന്റില്‍ നിന്നാണ് 2017ലെ അണ്ടര്‍ 17 ഫിഫ ലോകകപ്പിനുള്ള ദേശീയ ടീമിനെ തെരഞ്ഞെടുക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.